ഹസനെതിരേ ആഞ്ഞടിച്ച് സുധീരന്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റുനല്‍കിയതിനെ ന്യായീകരിച്ച എം.എം ഹസന്റെ നിലപാടിനെതിരേ പരസ്യ പ്രതികരണവുമായി കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. സീറ്റ് നല്‍കിയതോടെ കോണ്‍ഗ്രസ് അപമാനിക്കപ്പെടുകയും ദുര്‍ബലപ്പെടുകയുമാണ് ചെയ്തതെന്ന് സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സീറ്റ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതോടെ യു.പി.എയ്ക്ക് രാജ്യസഭയില്‍ ശക്തി കുറഞ്ഞു. കോണ്‍ഗ്രസ് ദുര്‍ബലമായിട്ട് മുന്നണി എങ്ങനെയാണ് ശക്തിപ്പെടുകയെന്നും സുധീരന്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ ഈ പാളിയ തീരുമാനം കൊണ്ട് യു.പി.എയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാകാന്‍ പോകുന്നത്.
കോണ്‍ഗ്രസിനും യു.പി.എയ്ക്കും ഉണ്ടാകുന്ന നഷ്ടം ഗൗരവമായി കണക്കിലെടുത്ത് കേരള കോണ്‍ഗ്രസ് പുനരാലോചന നടത്തണം. രണ്ടുവര്‍ഷം മുന്‍പ് മാണി യു.ഡി.എഫ് വിടുമ്പോള്‍ കോണ്‍ഗ്രസിനു നേരെ ഉന്നയിച്ച ആക്ഷേപങ്ങളില്‍ ഇപ്പോള്‍ മാണിയുടെ നിലപാട് അറിയാന്‍ ആഗ്രഹമുണ്ട്. ആരോപണങ്ങള്‍ ഇപ്പോള്‍ പിന്‍വലിക്കുന്നുണ്ടെങ്കില്‍ മാണി ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
മാണി വിഭാഗത്തിന് സീറ്റ് നല്‍കിയത് ദുരൂഹമാണ്. ഡല്‍ഹിയില്‍ വന്‍ അട്ടിമറിയാണ് നടന്നത്. സീറ്റ് നല്‍കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തതാണെന്ന എം.എം ഹസന്റെ വാദം അടിസ്ഥാനരഹിതമാണ്. പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ആര്‍.എസ്.പിയെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തിയത് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടാണ്. അത്തരമൊരു രീതി ഇവിടെ ഉണ്ടായിട്ടില്ല.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്നും സുധീരന്‍ ആരോപിച്ചു.
ഘടകകക്ഷിയ്ക്ക് സീറ്റ് പോയപ്പോള്‍ ധനമന്ത്രി സ്ഥാനം രാജിവച്ച ആളാണ് ഉമ്മന്‍ചാണ്ടിയെന്ന് അദ്ദേഹത്തിന്റെ പേര് പറയാതെ സുധീരന്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്കെതിരേ കൊട്ടാര വിപ്ലവം നടത്തിയ കാര്യവും ആരും മറക്കരുത്. ഇപ്പോള്‍ മാത്രം പരസ്യ പ്രതികരണങ്ങളെ വിമര്‍ശിക്കുന്നത് ശരിയല്ല. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ സ്വയം പരിശോധന നടത്തണമെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."