വിശുദ്ധിയാണ് എല്ലാമെല്ലാം
നൂഹ് ഇബ്‌നു മര്‍യം എന്നാണ് ആ പ്രമുഖ പ്രമാണിയുടെ പേര്. വലിയ തോട്ടങ്ങളും മറ്റും സ്വന്തമായുള്ള മനുഷ്യന്‍. അദ്ദേഹത്തിനൊരു അടിമയുണ്ട്. പേര് മുബാറക്. ഒരിക്കല്‍ മുബാറകിനെ ആ പ്രമാണി തന്റെ തോട്ടങ്ങള്‍ നോക്കിനടത്താന്‍ പറഞ്ഞയച്ചു. കല്‍പന മാനിച്ച് അദ്ദേഹം പോയി. മാസങ്ങള്‍ കഴിഞ്ഞു. അന്നൊരിക്കല്‍ തോട്ടങ്ങളുടെ സ്ഥിതിയറിയാന്‍ പ്രമാണിയും കൂട്ടാളികളും അവിടെയെത്തി. തോട്ടം മനോഹരമായി പച്ചപിടിച്ചുനില്‍ക്കുന്നു. കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം. പ്രമാണി മുബാറകിനോട് പറഞ്ഞു: ''നല്ല മധുരമുള്ള ഉറുമാന്‍ പഴവും മുന്തിരിയും കൊണ്ടു വാ..''
മുബാറക് കുറച്ച് ഉറുമാന്‍ പഴവും മുന്തിരിയും പറിച്ചെടുത്ത് അവര്‍ക്കു കൊണ്ടുപോയി കൊടുത്തു. വായില്‍വച്ചു ചവച്ചുനോക്കിയപ്പോള്‍ വല്ലാത്ത പുളി. പ്രമാണി പറഞ്ഞു: ''മുബാറക്, പുളിയുള്ളതും മധുരമുള്ളതും നിനക്കിനിയും തിരിച്ചറിയില്ലേ..''
''പ്രഭോ, അതിനു നിങ്ങള്‍ കഴിച്ചുനോക്കാന്‍ എനിക്കു സമ്മതം തന്നിട്ടില്ലല്ലോ..''
ഇതുകേട്ടപ്പോള്‍ അദ്ദേഹം അത്ഭുതത്തോടെ: ''ഇത്രയും മാസം ഇവിടെ നിന്നിട്ട് ഇതില്‍നിന്നൊന്നും നീ കഴിച്ചിട്ടില്ലെന്നോ....?''
''അല്ലാഹുവാണേ സത്യം. ഞാനൊന്നും രുചിച്ചുനോക്കിയിട്ടില്ല. നിങ്ങളെയല്ല, ഞാനെന്റെ രക്ഷിതാവിനെയാണ് ഭയപ്പെട്ടത്.''
തന്റെ അടിമയുടെ ഈ സൂക്ഷ്മതയും വിശുദ്ധിയും കണ്ട് പ്രമാണി അത്ഭുതപ്പെട്ടുപോയി. തന്നെ ഇവന്‍ വഞ്ചിക്കുമെന്നൊക്കെയായിരുന്നു അദ്ദേഹം കണക്കുകൂട്ടിയിരുന്നത്. പക്ഷേ, ആ മുന്‍വിധി തെറ്റാണെന്ന് അംഗീകരിക്കേണ്ടി വന്നു. ഒന്നുകൂടെ വിശ്വാസമാകാന്‍ അദ്ദേഹം തൊട്ടടുത്ത വീട്ടുകാരോടെല്ലാം അന്വേഷിച്ചു. അപ്പോള്‍ അവരെല്ലാം അവര്‍ പറഞ്ഞു: ''അദ്ദേഹം തോട്ടത്തില്‍നിന്ന് എന്തെങ്കിലും കഴിക്കുന്നതായി ഞങ്ങള്‍ തീരെ കണ്ടിട്ടില്ല.''
അയല്‍ക്കാരുടെ അഭിപ്രായം കൂടി കേട്ടപ്പോള്‍ അദ്ദേഹത്തിനു പിന്നെ വിശ്വസിക്കാതിരിക്കാനായില്ല. തന്റെ അടിമയെ കുറിച്ച് അദ്ദേഹത്തിനു വല്ലാത്ത മതിപ്പായി. പ്രമാണി പറഞ്ഞു: ''വലിയൊരു കാര്യം നിങ്ങളുമായി കൂടിയാലോചിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു..''
''അതെന്താണ് പ്രഭോ..?''
''എനിക്കൊരു മകളുണ്ട്. ധനികരായ പലരും അവള്‍ക്ക് ആലോചനയുമായി വന്നു. ഞാനതിലാര്‍ക്കാണ് അവളെ കെട്ടിച്ചുകൊടുക്കേണ്ടത് ?''
''പ്രഭോ, ജൂതന്മാര്‍ പണത്തിനുവേണ്ടിയാണ് വിവാഹം ചെയ്തുകൊടുക്കാറുള്ളത്. ക്രിസ്ത്യാനികള്‍ സൗന്ദര്യം നോക്കി കെട്ടിച്ചുകൊടുക്കും. അറബികള്‍ തറവാടുനോക്കി അതു നടത്തും. മുസ്‌ലിംകളാകട്ടെ, ഭക്തി നോക്കിയും. ഇതില്‍ ഏതു വിഭാഗത്തിലാണു നിങ്ങള്‍ ? ആ വിഭാഗത്തിലുള്ളവര്‍ക്ക് നിങ്ങള്‍ മകളെ കെട്ടിച്ചുകൊടുക്കുക.''
അപ്പോള്‍ പ്രമാണി: ''ഭക്തിയെക്കാള്‍ ഉത്തമമായി ഒന്നുമില്ല. നിങ്ങളെക്കാള്‍ ഭക്തനായ ഒരാളെ എനിക്ക് കിട്ടിയിട്ടുമില്ല. അതിനാല്‍ നിങ്ങളെ ഞാന്‍ അല്ലാഹുവിനുവേണ്ടി സ്വതന്ത്രനാക്കുന്നു. എന്റെ മകളെ നിങ്ങള്‍ക്ക് ഇണയാക്കിത്തരികയും ചെയ്യുന്നു..''
സി.സി.ടി.വി സംവിധാനങ്ങള്‍ ഗര്‍ഭത്തില്‍ പോലുമില്ലാത്ത കാലം.. അയല്‍വാസികള്‍ എപ്പോഴും നോക്കിനില്‍ക്കുന്നൊന്നുമില്ല. യജമാനന്‍ കാണുന്നുമില്ല. ഇനി പഴം കഴിച്ചാല്‍ തന്നെ അദ്ദേഹം ഒന്നും പറയുകയുമില്ല. എന്നിട്ടും തനിക്ക് അനുവദിക്കപ്പെടാത്ത പഴം ഒരിക്കല്‍പോലും കഴിക്കാതെ മാസങ്ങളോളം..! ആരും കാണുന്നില്ലെങ്കിലും ആരെയും കാണുന്ന അല്ലാഹു തന്നെ സദാ വീക്ഷിക്കുന്നുണ്ടെന്ന ബോധം രൂഢമൂലമായതിനാല്‍ അതു വേണ്ടെന്നുവച്ചു. ആ ഹൃദയവിശുദ്ധിക്ക് തന്റെ വലിയ യജമാനന്‍ രണ്ടാം യജമാനനിലൂടെ സമ്മാനം തന്നു. ഒരു സമ്മാനമല്ല ഒരുപാട് സമ്മാനങ്ങള്‍. അടിമത്ത മോചനം, തോട്ടം, തോട്ടമുടമയുടെ മകള്‍, എല്ലാറ്റിനുമുപരി തന്റെ വലിയ യജമാനന്റെ പൊരുത്തം.. അല്ലാഹുവിനുവേണ്ടി ത്യജിച്ചാല്‍ അതിനെക്കാള്‍ ഉത്തമമായത് അല്ലാഹു പകരം നല്‍കുമെന്നതിന്റെ ഏറ്റവും മനോഹരമായ ദൃഷ്ടാന്തം..!
ഹൃദയവിശുദ്ധിയാണ് യഥാര്‍ഥ സമ്പത്ത്. അതാണു തുല്യതയില്ലാത്ത സൗന്ദര്യം. അതുതന്നെയാണ് ഇരുലോക വിജയത്തിന്നാധാരം. അടിമത്തത്തില്‍നിന്ന് ഉടമത്തത്തിലേക്കുള്ള കുറുക്കുവഴിയും അതുതന്നെ. അതുണ്ടെങ്കില്‍ മറ്റെന്തില്ലെങ്കിലും പ്രശ്‌നമില്ല. അതില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടും കാര്യവുമില്ല.
നമുക്ക് കഥയിലേക്കുതന്നെ തിരിച്ചുവരാം.
മുബാറകും തോട്ടമുടമയുടെ മകളും തമ്മിലുള്ള വിവാഹം നടന്നു. മാസങ്ങള്‍ക്കുശേഷം ആ ദാമ്പത്യവല്ലരിയില്‍ ഒരു കുഞ്ഞുസൂനം പിറന്നു. ഓമനത്തമുള്ള ഒരാണ്‍കുഞ്ഞ്. ആ കുഞ്ഞിനവര്‍ പേരു നല്‍കി; അബ്ദുല്ലാഹ്.. ദൈവത്തിന്റെ ദാസന്‍. പിന്നീട് ചരിത്രം ആ കുഞ്ഞിനെ തന്റെ പിതൃനാമത്തോടുകൂടെ ഇങ്ങനെ വിളിച്ചു; അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്. അതെ, സ്വൂഫീ ലോകത്തെ തിളങ്ങുന്ന നക്ഷത്രം അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."