സിപിഐ സ്ഥാനാർഥികളെ ഇന്ന് തീരുമാനിക്കും, നിർണായക യോഗങ്ങൾ ഇന്ന്; തൃശൂരിൽ സിനിമാതാരം ജയരാജ് വാര്യർക്ക് സാധ്യത
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. 25 സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്. ഈ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിക്കുന്ന നിർണ്ണായക യോഗങ്ങൾ ഇന്ന് നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ആണ് ഇന്ന് നടക്കുക. മണ്ഡലം കമ്മിറ്റികളും ജില്ലാ കൗൺസിലുകളും ശിപാർശ ചെയ്ത പേരുകൾ ചർച്ചചെയ്ത് സംസ്ഥാന എക്സിക്യൂട്ടീവിൽ വെച്ച് നേതാക്കൾ ധാരണയിലെത്തും. പിന്നാലെ സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനം ഉണ്ടാകും. ഇന്ന് സ്ഥാനാർഥികളെ തീരുമാനിക്കുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസത്തേക്ക് മാറ്റാനും സാധ്യതയുണ്ട്.
സിപിഐ മത്സരിക്കുന്ന തൃശൂർ മണ്ഡലത്തിൽ സിനിമാതാരം ജയരാജ് വാര്യർ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് പുറത്തുവരുന്ന വിവരം. സിപിഐ – സിപിഐഎം നേതൃത്വം ജയരാജ് വാര്യരുമായി സ്ഥാനാർഥിത്വം സംബന്ധിച്ച് ചർച്ചകൾ നടത്തി. തൃശ്ശൂരിന്റെ വികാരം പ്രകടമാക്കുന്ന സ്ഥാനാർഥിയാണ് ജയരാജ് വാര്യർ എന്നാണ് എൽഡിഎഫ് വിലയിരുത്തൽ. സിപിഐ സംസ്ഥാന സമിതിയിൽ ഇന്ന് അന്തിമ തീരുമാനം എടുക്കും.
തൃശൂർ മണ്ഡലത്തിന്റെ കാര്യത്തിൽ ഇന്നലെ ജില്ലാ കമ്മിറ്റിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും തർക്കങ്ങൾ ഉടലെടുത്തിരുന്നു. നിലവിലെ എംഎഎൽഎയായ പി ബാലചന്ദ്രനെ മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇത് തർക്കത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് ജയരാജ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള നീക്കം സംസ്ഥാന നേതൃത്വം നടത്തിയത്. ഇടതുപക്ഷ അനുഭാവിയായ ജയരാജ് വാര്യർ തൃശൂരിൽ ഏറെ പരിചിതനാണ് എന്നതാണ് അദ്ദേഹത്തിന്റെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിക്കുന്നത്.
സാധ്യത ഇങ്ങനെ
- കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ
- നാദാപുരത്ത് പി. വസന്തം, പി ഗവാസ് എന്നിവർ പട്ടികയിൽ
- മൂവാറ്റുപുഴയിൽ എൻ അരുൺ
- മണ്ണാർക്കാട് പൊതുസ്വതന്ത്രൻ
- തൃശൂരിൽ ജയാര വാര്യർ
- ഹരിപ്പാട് മണ്ഡലത്തിൽ ടി.ടി ജിസ്മോൻ
- ചാത്തന്നൂരിൽ ആർ രാജേന്ദ്രനും, പുനലൂരിൽ അജയ പ്രസാദും പട്ടികയിൽ
- കരുനാഗപ്പള്ളിയിൽ എം.എസ് താര
- ചിറയിൻകീഴിൽ മനോജ് ബി ഇടമന
- അടൂരിൽ സ്ഥാനാർഥിയെ ചൊല്ലി ഭിന്നത തുടരുകയാണ്
ആകെ 25 മണ്ഡലങ്ങളാണ് എൽഡിഎഫ് മുന്നണിയിൽ സിപിഐക്ക് ഉള്ളത്. ചില സീറ്റുകൾ സിപിഎമ്മുമായി വെച്ചുമാറാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്നത്തെ യോഗങ്ങളോടെ സ്ഥാനാർഥിയാകേണ്ടവരുടെ പട്ടികയാകും. മൂന്ന് തവണ അവസരം ലഭിച്ചവരെ മാറ്റി നിർത്തിയാകും പട്ടിക തയ്യാറാക്കുക. എന്നാൽ ആർക്കൊക്കെ ഇളവ് നൽകണമെന്ന കാര്യത്തിലും ചർച്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."