മസ്ജിദുല്‍ ഹറമിലെ സ്വരമാധുര്യത്തിനു നാലു പതിറ്റാണ്ട്
ലോക മുസ്‌ലിംകളുടെ കേന്ദ്രമായ മക്കയിലെത്തിയിട്ട് മസ്ജിദുല്‍ ഹറമിലെ മാധുര്യമൂറും വാങ്കുവിളി കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ലോക മുസ്‌ലിംകളില്‍ തന്നെ കര്‍ണാനന്ദകരമായ ആ സ്വരം ശ്രവിക്കാത്തവര്‍ വളരെ കുറവാകും. ആ സ്വരമാധുര്യത്തിനുടമ അലി അഹമ്മദ് അല്‍ മുല്ലയുടെ വാങ്കുവിളിക്കിപ്പോള്‍ നാലു പതിറ്റാണ്ടിന്റെ തിളക്കം. 73കാരനായ അലി മുല്ല ഹറമിലെ മുഅദ്ദിന്‍ പദവിയില്‍ 43 വര്‍ഷം പിന്നിടുകയാണ്.
ദൈവികമാര്‍ഗത്തില്‍ ഏറ്റവും പുണ്യമുള്ള തൊഴിലാണ് അവനു സാഷ്ടാംഗം ചെയ്യുന്ന ആരാധനയിലേക്കു വിശ്വാസികളെ ക്ഷണിക്കുകയെന്നത്. എന്നാല്‍ ആ ജോലി ലോകത്തെ ഏറ്റവും പുണ്യമുള്ള സ്ഥലത്തേക്കാവുമ്പോള്‍ അതിന് ഇരട്ടിമധുരവുമായിരിക്കും. ആ പുണ്യവിളിയാളത്തിനു പിന്നില്‍ നാലുപതിറ്റാണ്ടിലധിമായി കര്‍മനിരതനാണ് അലി മുല്ല. ഭക്തിസാന്ദ്രമായ മക്കയിലെ മസ്ജിദുല്‍ ഹറമിലെ വാങ്കുവിളി കേള്‍ക്കുമ്പോള്‍ തന്നെ മനസിനൊരു കുളിര്‍മയാണ്. ആ ശബ്ദരാഗത്തില്‍ ലയിച്ച് ആരും പുളകിതരായിപ്പോകും.
വിശ്വാസി മനസുകളിലേക്കു ദൈവികവിളിയുടെ അപാരമായ അനുഭവം ശബ്ദം ആഴ്ന്നിറങ്ങുന്ന ആത്മീയതയുടെ ഉണര്‍ത്തുപാട്ടായ വിശുദ്ധ വാങ്കുവിളി ജീവിതതപസ്യയാക്കി മാറ്റിയ വ്യക്തിയാണ് അലി മുല്ല. ജീവിതം പൂര്‍ണമായും മുഅദ്ദിനായി ഉഴിഞ്ഞുവച്ചിരിക്കുകയാണദ്ദേഹം. പിതാമഹന്മാരുടെ പാതയിലൂടെ അനുഗ്രഹിച്ചുകിട്ടിയ ഈ തൊഴില്‍ കാരണം 'ഹറമിലെ ബിലാല്‍' എന്ന വിളിപ്പേരു വരെ ഇദ്ദേഹത്തെ തേടിയെത്തി. വിദേശത്തെ ഒരു പരിപാടിക്കിടെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് 'ഹറമിലെ ബിലാല്‍' എന്ന് അദ്ദേഹത്തെ ആദ്യമായി വിളിച്ചത്. ഈ വിളിയില്‍ ആത്മാഭിമാനം തോന്നിയെന്ന് അലി മുല്ല പറയുന്നു.
ഇരുനൂറു വര്‍ഷത്തെ പാരമ്പര്യമുണ്ട് അലി മുല്ലയുടെ കുടുംബത്തിന്റെ ഹറം വാങ്കുവിളിക്ക്. മക്കയിലെ ഹറമിനു തൊട്ടടുത്തുള്ള സൂഖുലൈലിലാണ് അലി മുല്ലയുടെ ജനനം. പാരമ്പര്യമായി കുടുംബത്തിനു ലഭിച്ച ഹറം പള്ളിയിലെ വാങ്കുവിളിക്കു പുറമെ സ്വര്‍ണം, വെള്ളി ആഭരണ നിര്‍മാണമായിരുന്നു കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. പിതാവിന്റെയും പിതാമഹന്മാരുടെയും പുണ്യപാതയില്‍ ആകൃഷ്ടനായാണ് അലി മുല്ല മുഅദ്ദിന്‍ ജോലിയിലേക്കു തിരിഞ്ഞത്.
1975ല്‍ 14-ാംവയസ് മുതല്‍ മസ്ജിദുല്‍ ഹറമില്‍ വാങ്ക് വിളിച്ചുതുടങ്ങിയിരുന്നുവെങ്കിലും 1984 മുതലാണ് ഔദ്യോഗികമായി മുല്ല ഇവിടെ മുഅദ്ദിനായി നിയമിതനാവുന്നത്. 73 വയസായിട്ടും ശബ്ദത്തില്‍ ഒരു ഇടര്‍ച്ചയുമില്ലാതെ ഇന്നും ജോലി മുടക്കമില്ലാതെ തുടരുന്നു. നൂറു കൊല്ലം മുന്‍പ് മക്കയിലെ ഒരു വീട്ടില്‍ ആരംഭിച്ച അല്‍ റഹ്മാനിയ്യ എലിമെന്ററി സ്‌കൂളിലായിരുന്നു അലി മുല്ലയുടെ പ്രാഥമിക വിദ്യാഭ്യാസം. എന്നാല്‍ അതിനുമുന്‍പു തന്നെ സ്വന്തം വീട്ടില്‍നിന്നു കണക്കും എഴുത്തും പഠിച്ചിരുന്നു. കൂടാതെ ഹറമിലെ പ്രധാന പണ്ഡിതനായിരുന്ന ശൈഖ് ആശൂറിനു കീഴില്‍ ചേര്‍ന്ന് ഖുര്‍ആന്‍ പഠനവും ആരംഭിച്ചു. സ്‌കൂള്‍ പഠനത്തില്‍ മുല്ല എല്ലായ്‌പ്പോഴും മുന്‍പന്തിയിലായിരുന്നു. പഠനത്തില്‍ മിടുക്ക് കാണിച്ചതിനു പലപ്പോഴും സമ്മാനമായി മിഠായിയും കടലാസ് പെന്‍സിലും ലഭിച്ചിരുന്നത് അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. സ്‌കൂള്‍ പഠനത്തിനിടയിലും പിതാവും പിതാമഹനും ഹറമില്‍ മുഅദ്ദിനുമാരായത് കൂട്ടുകാര്‍ക്കിടയില്‍ വലിയ സ്ഥാനവും നേടിത്തന്നെന്ന് അലി മുല്ല ഒരിടത്ത് അനുസ്മരിക്കുന്നുണ്ട്. അതിനിടയിലാണ് തന്റെ പതിനാലാം വയസില്‍ ഹറമിലെ മിനാരത്തില്‍ കയറി വിശ്വാസികളെ നിസ്‌കാരത്തിനായി പുണ്യഭവനത്തിലേക്ക് ക്ഷണിച്ചു വാങ്കുവിളിക്കാനുള്ള അവസരം ലഭിച്ചത്. അക്കാലത്ത് ഹറമില്‍ വാങ്ക് വിളിച്ചിരുന്ന ഓരോ കുടുംബത്തിനും പ്രത്യേക മിനാരങ്ങള്‍ ഉണ്ടായിരുന്നു. അലി മുല്ലയുടേത് ബാബുല്‍ മഹ്കമയോടു ചേര്‍ന്നതായിരുന്നു. ഔഖാഫ് മന്ത്രാലയത്തിനു കീഴില്‍ ബൈതു നാഇബുല്‍ ഹറം എന്ന കുടുംബത്തിനായിരുന്നു വാങ്കുവിളി ക്രമീകരണ ചുമതല.
എലിമെന്ററി പഠനത്തിനുശേഷം ഇന്റര്‍മീഡിയറ്റ് പഠനത്തിനായി ജിദ്ദയിലേക്കു പോയെങ്കിലും ഏറെ താമസിയാതെ മക്കയിലേക്കു തന്നെ തിരിച്ചുപോന്നു. ഇതിനിടയില്‍ കോളജില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ വാങ്ക് വിളിക്കാന്‍ അവസരം ലഭിച്ചു. ശൈഖ് ഹസന്‍ ആലുശൈഖിന് ഇത് ഏറെ ഇഷ്ടപ്പെട്ടു. ഇതു ബോധ്യമായ അലി മുല്ല മക്കയില്‍ ഹറം പള്ളിയില്‍ മുഅദ്ദിനായി ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെന്നു വെളിപ്പെടുത്തി. സ്‌കൂള്‍ അധ്യാപകനായുള്ള നിയമനം കൈയില്‍ ലഭിച്ച സമയത്താണിത്. സവിശേഷ ദിവസങ്ങളില്‍ മദീനയിലെ മസ്ജിദുന്നബവിയിലും മുല്ല വാങ്ക് വിളിക്കാറുണ്ട്. അമേരിക്ക, മലേഷ്യ, ഇന്തോനേഷ്യ, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി നിരവധി പ്രദേശങ്ങളിലെ വിവിധ പള്ളികളിലും അദ്ദേഹത്തിന് വാങ്ക് വിളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഈദ് ദിനങ്ങളിലെ അലി മുല്ലയുടെ തക്ബീര്‍ വിളികളും ലോകപ്രശസ്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."