ആശങ്ക വേണ്ട; 2021ൽ ജി. സി. സി രാജ്യങ്ങൾ തിരിച്ചു വരുമെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ട്
ജിദ്ദ: കൊവിഡ് 19 മൂലം ലോകം പ്രതിസന്ധിയിൽ കൂപ്പുകുത്തി നിൽകെ ജി. സി. സി രാജ്യങ്ങൾക്ക് പ്രതീക്ഷ നൽകി ഐ.എം.എഫ് റിപ്പോർട്ട്.
കൊവിഡ് മൂലം നിലവിൽ ശക്തമായ സാമ്പത്തിക പ്രതിസന്ധിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളുടെ തൊഴിലിന് ഇതിനോടകം തന്നെ ഭീഷണി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കൊവിഡ് കാല മാന്ദ്യം കടന്ന് 2021 ഓടെ സഊദി ഉള്‍പ്പടേയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചു വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കൊവിഡ് വ്യാപനം തടയുന്നതിനായി ശക്തമായ നിയന്ത്രണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു കൊണ്ടിരിക്കുയാണ്. ഇതോടെ സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയും കൂടുതല്‍ നാളുകള്‍ നീണ്ടു നിന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, നിര്‍മാണം തുടങ്ങിയ സകല മേഖലകളിലും വലിയ വെല്ലുവിളിയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേരിടുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും സമയം എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.കൊറോണ പ്രതിസന്ധിയോടൊപ്പം ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ എണ്ണയുടെ വിലയില്‍ ഉണ്ടായ ഇടിവാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. ഓപെകും മറ്റ് എണ്ണ ഉല്‍പാദക രാജ്യങ്ങളും ഉല്‍പാദനത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചത് ഈ മേഖലയില്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കില്‍ വേണ്ടത്ര മെച്ചം ലഭിച്ചു തുടങ്ങിയിട്ടില്ല.ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ നിര്‍മ്മാണ മേഖല ഉള്‍പ്പടെ എല്ലായിടത്തും സ്തംഭനാവസ്ഥ തുടരുകയാണ്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളുടെ ജിഡിപി 0.6 ശതമാനത്തിലേക്ക് താഴുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയാണ് കൊറോണ വരുത്തിവെച്ചത്.കമ്പനികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് കൂടുതല്‍ തൊഴില്‍ നഷ്ടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് അതി ശക്തമായി തിരിച്ചു വരുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് പിടിച്ചു കുലുക്കിയ ഈ വര്‍ഷം സമ്പദ് വ്യവസ്ഥ 3.5 ശതമാനം ചുരുങ്ങുമെങ്കിലും അടുത്ത വര്‍ഷം 3.3 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.എണ്ണ വില ഉയരുന്നതിനോടൊപ്പം എണ്ണ ഇതര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളും പദ്ധതികളും ഉണ്ടാകുന്നതാണ് വളര്‍ച്ചയുടെ പ്രധാന കാരണമായി പറയുന്നത്.
അതിനിടെയാണ് കൊവിഡ് മൂലം സാമ്പത്തിക രംഗത്തിനുണ്ടായ നഷ്ടം നികത്താന്‍ സഊദി ഭരണകൂടം ഇടപെടല്‍ നടത്തിയിരിക്കുന്നത്. 5000 കോടി റിയാലിന്റെ സാമ്പത്തിക ഉത്തേജക പദ്ധതികളാണ് ഭരണാധികാരിയായ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ 7,000 കോടിയിലധികം റിയാലിന്റെ സഹായ പദ്ധതി പ്രഖ്യാപിച്ചിരുന്നു.സര്‍ക്കാര്‍ ഫീസുകളുടെ അടവ് നീട്ടി വെയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്.മാത്രമല്ല മറ്റ് ഫീസിളവുകളും ഈ സാമ്പത്തിക ഉത്തേജക പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. വൈദ്യുതി ബില്ലുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കും. വ്യാപാര, വ്യവസായ, കാര്‍ഷിക മേഖലയിലെ ഉപഭോക്താക്കള്‍ക്കാണ് ഇളവ്. ഏപ്രില്‍, മെയ് മാസങ്ങളിലെ വൈദ്യുതി ബില്ലുകളില്‍ 30 ശതമാനം ഇളവ് നല്‍കും എന്നാണ് സഊദി ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."