കടലാക്രമണത്തെ പ്രതിരോധിക്കാന്‍ നൂതന സാങ്കേതികവിദ്യയുമായി ജലസേചന വകുപ്പ്
പൊന്നാനി: കടലാക്രമണത്തെ പ്രതിരോധിക്കാന്‍ കടല്‍ഭിത്തി പരാജയപ്പെട്ടപ്പോള്‍ പുതിയ സാങ്കേതികവിദ്യയുമായി അധികൃതര്‍. പൊന്നാനി തീരത്ത് കടലാക്രമണത്തില്‍ നിന്ന് തീരത്തെ രക്ഷിക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായാണ് ഇറിഗേഷന്‍ വകുപ്പ് രംഗത്തുള്ളത്.
കടല്‍ഭിത്തിക്ക് പകരമായി ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ക്ക് തുടക്കമായി. പുതുപൊന്നാനി മുതല്‍ പൊന്നാനി അഴിമുഖം വരെ കടലാക്രമണം രൂക്ഷമായ അഞ്ച് കേന്ദ്രങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബുകള്‍ സ്ഥാപിക്കുക. ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പൊന്നാനി തീരത്ത് പരിശോധനകള്‍ പൂര്‍ത്തിയാക്കി നടപടികള്‍ ആരംഭിച്ചു. കടലാക്രമണത്തെ പ്രതിരോധിച്ച് തീരത്തെ മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ കടല്‍ഭിത്തിക്ക് ബദലായാണ് പദ്ധതി നടപ്പാക്കുന്നത്. ആലപ്പുഴയിലെ നീര്‍ക്കുന്നം തീരദേശ മേഖലയില്‍ പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണിത്. 20 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വിസ്തീര്‍ണവുമുള്ള വൃത്താകൃതിയിലുള്ള ട്യൂബുകളാണ് പദ്ധതിയുടെ ഭാഗമായി തീരത്ത് സ്ഥാപിക്കുക. രണ്ടു ട്യൂബിന് മുകളില്‍ ഒരു ട്യൂബ് എന്ന നിലയിലായിരിക്കും ക്രമീകരിക്കുക. ട്യൂബുകള്‍ക്കകത്ത് മണല്‍ നിറക്കും. 4.4 മീറ്റര്‍ ഉയരത്തിലായിരിക്കും സ്ഥാപിക്കുക. തിരമാലകള്‍ ട്യൂബില്‍ പതിക്കുമ്പോള്‍ ശക്തി കുറയുകയും തിരമാലകള്‍ക്കൊപ്പമുള്ള മണല്‍ തീരത്തേക്ക് കയറാതെ ട്യൂബ് തടഞ്ഞു നിറുത്തുകയും ചെയ്യും.
തിരമാലകളുടെ ശക്തി കുറക്കുന്നതിനാല്‍ തീരത്തു നിന്ന് മണല്‍ ഒലിച്ചുപോകുന്നത് ഇല്ലാതാക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് പദ്ധതി പൊന്നാനിയില്‍ നടപ്പാക്കുന്നത്. കടലാക്രമണം രൂക്ഷമായി അനുഭവപ്പെടുന്ന മുറിഞ്ഞഴി, അബൂഹുറൈറ പള്ളി, തെക്കേകടവ്, ഹിളര്‍ പള്ളി, അലിയാര്‍ പള്ളി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബുകള്‍ സ്ഥാപിക്കുക. നിലവിലുള്ള കടല്‍ഭിത്തിക്ക് പിന്നിലായിട്ടായിരിക്കും ട്യൂബുകള്‍ സ്ഥാപിക്കുക.
20 വര്‍ഷത്തെ കാലദൈര്‍ഘ്യം ട്യൂബുകള്‍ക്കുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. കടല്‍ഭിത്തി നിര്‍മാണത്തേക്കാള്‍ ചിലവ് കുറവും ഗുണകരവുമായ പദ്ധതിയാണിതെന്ന അവകാശ വാദമാണ് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ മുന്നോട്ടുവെക്കുന്നത്. നൂറ് മീറ്റര്‍ കടല്‍ ഭിത്തി നിര്‍മിക്കാന്‍ ഒന്നര കോടി രൂപ വേണ്ടിടത്ത് ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബ് സ്ഥാപിക്കാന്‍ 55 ലക്ഷം രൂപയാണ് വേണ്ടി വരിക. അഞ്ച് കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന ട്യൂബ് വിജയകരമാണെങ്കില്‍ പൊന്നാനി തീരത്ത് മുഴുവനായും വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി എസ്. രമ, ചീഫ് എക്‌സി. ഓഫിസര്‍ ജയപാലന്‍ നായര്‍, ഇറിഗേഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സുഗതകുമാരി, പ്രൊജക്ട് കണ്‍സള്‍ട്ടന്റ് അനികുമാര്‍ എന്നിവര്‍ പൊന്നാനി തീരത്ത് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."