പയ്യാമ്പലം ഗ്യാസ് ശ്മശാനം: കോര്‍പറേഷന്റേത് കൃത്യവിലോപം
കണ്ണൂര്‍: കോര്‍പറേഷന്‍ യോഗത്തിലെ കൈയാങ്കളിക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ പയ്യാമ്പലം ശ്മശാനത്തില്‍ കൂടുതല്‍ മഴമറകള്‍ എത്തിച്ചെങ്കിലും വിഷയത്തില്‍ ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം. പയ്യാമ്പലത്ത് ആധുനിക രീതിയില്‍ ഗ്യാസ് ശ്മശാനം സ്ഥാപിക്കുന്നതിനായുള്ള വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍) സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് ആറു മാസം പിന്നിട്ടെങ്കിലും വിഷയത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കോര്‍പറേഷന്റെയോ ജനപ്രതിനിധികളുടെയോ സജീവ ഇടപെടല്‍ ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം നീളുന്നതെന്നാണ് ആരോപണം ഉയരുന്നത്.
കിഫ്ബി ഫണ്ടില്‍ നിന്ന് തുക ഉപയോഗിച്ച് ഗ്യാസ് ശ്മശാനം നിര്‍മിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. എന്നാല്‍ വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി പദ്ധതിക്ക് അനുമതി നേടിയെടുക്കാന്‍ കഴിയാത്തത് വലിയ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.
ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാത്ത രീതിയില്‍ ഗുരുതരമായ അവസ്ഥ നിലനില്‍ക്കുമ്പോഴും വിഷയത്തില്‍ മെല്ലെപ്പോക്ക് സ്വീകരിക്കുന്നതില്‍ ശ്മശാന ജീവനക്കാരിലും പ്രതിഷേധം ശക്തമാണ്.
നിലവില്‍ പയ്യാമ്പലത്ത് ഒരു ഇലക്ട്രിക് ശ്മശാനം ഉണ്ടെങ്കിലും വിജിലന്‍സ് കേസില്‍പെട്ട് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇതുമൂലം വര്‍ഷങ്ങളായി വിറക് ഉപയോഗിച്ച് മൃതദേഹങ്ങള്‍ കത്തിക്കുന്ന രീതി തന്നെയാണ് ഇപ്പോഴും പയ്യാമ്പലത്ത് തുടര്‍ന്നുപോരുന്നത്. കനത്തമഴയ്ക്കിടയിലും ദഹിപ്പിക്കാനുള്ള ഊഴം കാത്ത് മൃതദേഹങ്ങളെ കിടത്തുന്ന അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമായി കണക്കിലെടുക്കണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഭിപ്രായം. പയ്യാമ്പലം ശ്മശാനത്തിന്റെ ശോചനീയാസ്ഥയ്‌ക്കെതിരേ കൂടുതല്‍ ശക്തമായ പ്രതിഷേധം ഉയരണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."