യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി ഇ.ഇ.സി മാര്‍ക്കറ്റ് റോഡിലെ മരങ്ങള്‍
മൂവാറ്റുപുഴ: യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന ഇ.ഇ.സി മാര്‍ക്കറ്റ് റോഡിലെ തെങ്ങും, തണല്‍ മരങ്ങളും മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.
ഇ.ഇ.സി.മാര്‍ക്കറ്റ് റോഡ് ജങ്ഷനില്‍ നഗരസഭ ലൈബ്രറി കെട്ടിടത്തിന് സമീപം റോഡരികില്‍ ഉണങ്ങി നില്‍ക്കുന്ന തെങ്ങ് ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. തെങ്ങിന്റെ മുകള്‍ഭാഗം കേട് വന്ന് നശിച്ചതിനാല്‍ തെങ്ങിന്റെ തടിലേയ്ക്ക് വെള്ളമിറങ്ങി ഏത് നിമിഷവും ഒടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്.
ചെറിയൊരു കാറ്റടിച്ചാല്‍ തെങ്ങ് മറിഞ്ഞ് വീഴുന്ന സ്ഥിതിയാണുള്ളത്. തിരക്കേറിയ റോഡിലേയ്‌ക്കൊ, സമീപത്തെ ട്രാന്‍സ്‌ഫോമറിലേക്കോ മറിഞ്ഞ് വീണാല്‍ വന്‍ദുരന്തത്തിനിടയാക്കുമെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. ഇ.ഇ.സി മാര്‍ക്കറ്റ് റോഡിലേയ്ക്ക് ചെരിഞ്ഞ് നില്‍ക്കുന്ന തണല്‍ മരങ്ങളും അപകട ഭീക്ഷണി ഉയര്‍ത്തുകയാണ്.
മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം റോഡരികില്‍ നില്‍ക്കുന്ന കൂറ്റന്‍ തണല്‍ മരങ്ങളാണ് അപക ഭീക്ഷണി ഉയര്‍ത്തുന്നത്. റോഡിലേയ്ക്ക് ചെരിഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ ഏത് നിമിഷവും മറിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. തിരക്കേറിയ ഇ.ഇ.സി മാര്‍ക്കറ്റ് റോഡിലേയ്ക്ക് മരം മറിഞ്ഞ് വീണാല്‍ ഇത് വന്‍ദുരന്തത്തിന് കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് പുറമേ ഇലവന്‍ കെ.വി ലൈനടക്കമുള്ളവയ്ക്കും നാശനഷ്ടം സംഭവിക്കുമെന്നും സമീപവാസികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ നഗരഹൃദയത്തിലെ കച്ചേരിത്താഴത്ത് തണല്‍ മരം ലോറിയിലേയ്ക്ക് മറിഞ്ഞ് വീണിരുന്നു. ഇതേ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതകുരുക്കും അനുഭപ്പെട്ടിരുന്നു. നഗരമധ്യത്തിലെ തണല്‍ മരം കടപുഴകി വീണതോടെ നഗരസഭയുടെ നേതൃത്വത്തില്‍ ടൗണിലെ മുഴുവന്‍ മരങ്ങളുടെയും ശിഖരങ്ങള്‍ മുറിച്ച് മാറ്റിയിരുന്നു. ഇ.ഇ.സി.മാര്‍ക്കറ്റ് റോഡിലെ അപകടവസ്ഥയില്‍ നില്‍ക്കുന്ന തെങ്ങും, തണല്‍ മരങ്ങളും മുറിച്ച് മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."