പയ്യോളി നഗരസഭയില്‍ അവിശ്വാസം; ചെയര്‍പേഴ്സണ്‍ അഡ്വ. പി. കുല്‍സു രാജിവച്ചേക്കും
പയ്യോളി: യു.ഡി.എഫ് ഭരിക്കുന്ന പയ്യോളി നഗരസയ്ഭക്കെതിരേ അവിശ്വാസം നല്കാന് തീരുമാനം. ജെ.ഡി.യു മുന്നണി വിട്ടതോടെ പയ്യോളി മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫിനു ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായിരുന്നു. പ്രാദേശിക തലത്തില്‍ നേതൃത്വത്തിന് തീരുമാനങ്ങളെടുക്കാമെന്ന ധാരണയെ തുടര്‍ന്നാണ് ഇതുവരെ ഭരണസമിതിയില്‍ യു.ഡി.എഫിനു പിന്തുണ പിന്‍വലിക്കാതിരുന്നത്.
എന്നാല്‍ യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളാണ് അവിശ്വാസം നല്കാന് പ്രേരിപ്പിച്ചതെന്നാണ് ജെ.ഡി.യു നേതൃത്വം പറയുന്നത്.
ജെ.ഡി.യു കൗണ്‍സിലര്‍മാര്‍ക്കെതിരായി മോശമായ പരാമര്‍ശങ്ങളും ഭീഷണികളും തുടര്‍ന്നപ്പോള്‍ മുനിസിപ്പാലിറ്റി ലീഗ് നേതൃത്വത്തെ വിവരം ധരിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ജെ.ഡി.യു നേതൃത്വം പറയുന്നു. അതേസമയം അവിശ്വാസം വരുമെന്നറിഞ്ഞതോടെ ചെയര്പേഴ്സന് അഡ്വ. പി. കുല്‍സു രാജിവയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന. ലീഗ് നേതൃത്വത്തെ രാജിവയ്ക്കാനുള്ള തീരുമാനം അറിയിച്ചിട്ടുണ്ട്.
36 അംഗ കൗണ്‍സിലില്‍ ജെ.ഡി.യുവിന് മൂന്ന് അംഗങ്ങളാണുണ്ടായിരുന്നത്. ഒരംഗത്തിന്റെ ഭൂരിപക്ഷം മാത്രം ഉണ്ടായിരുന്ന യു.ഡി.എഫില്‍ കോണ്‍ഗ്രസിനും ലീഗിനും എട്ടുവീതം അംഗങ്ങളായിരുന്നു. ഇടതുമുന്നണിയില്‍ സി.പി.എമ്മിന് 13 അംഗങ്ങളും സി.പി.ഐക്ക് ഒരംഗവും മൂന്ന് ഇടതു സ്വതന്ത്രന്മാരുമാണുള്ളത്.
കീഴൂര്‍ ഡിവിഷനില്‍ നിന്നു വിജയിച്ച സി.പി.എമ്മിലെ വി.ടി ഉഷ ചെയര്‍പേഴ്സനായി വരാന്‍ സാധ്യതയുണ്ട്. നേരത്തെ ജില്ലാ പഞ്ചായത്ത് അംഗമായി കഴിവ് തെളിയിച്ച വി.ടി ഉഷ ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവു കൂടിയാണ്. ഇന്ന് നഗരസഭാ ബോര്‍ഡ് മീറ്റിങ് നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."