കനത്ത മഴയിലും കാറ്റിലും വൈക്കത്ത് വ്യാപകനാശം
വൈക്കം: കോരിച്ചൊരിയുന്ന മഴയിലും കാറ്റിലും വൈക്കത്ത് വ്യാപകനാശം. ഇന്നലെ കെ.വി കനാലിന്റെ തീരത്തുനില്‍ക്കുന്ന പടുകൂറ്റന്‍ തണല്‍മരം നിലംപൊത്തി. തോടുംകവിഞ്ഞ് റോഡിലേക്കാണ് മരം മറിഞ്ഞുവീണത്. ഈ സമയം ഇതിലേ കടന്നുപോയ വാഹനങ്ങള്‍ പലതും തലനാരിഴക്കാണ് രക്ഷപെട്ടത്.
തോടിന്റെ വശത്തുനില്‍ക്കുന്ന പടുകൂറ്റങ്ങള്‍ മരങ്ങള്‍ പലതും ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. നഗരസഭ 15-ാം വാര്‍ഡില്‍ പട്ടശ്ശേരി ഇടയന്ത്രത്തുചിറ ശ്രീധരന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. 10 മീറ്റര്‍ അകലെ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റ് കമ്പികള്‍ പൊട്ടി ചുവടൂരി പറന്നു വന്ന് വീടിന്റെ മുകളില്‍ പതിക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റിനു പിന്നാലെ സമീപ പുരയിടത്തിലെ മരവും ഒടിഞ്ഞു വീണു.
വലിയ ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കുര പൂര്‍ണമായും തകര്‍ന്നു. വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സമീപ പുരയിടക്കാരനായ ഇടയന്ത്രത്ത് ജോസഫിന്റെ പുരയിടത്തിന്റെ ചുറ്റു മതിലിന്റെ ഭാഗങ്ങളും തകര്‍ന്നിട്ടുണ്ട്. ടി.വി പുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നിര്‍ധന കുടുംബത്തിന്റെ വീടാണ് ഇന്നലെയുണ്ടായ കാറ്റ് കവര്‍ന്നെടുത്തത്. മത്സ്യതൊഴിലാളിയായ പുതുവല്‍നികര്‍ത്തില്‍ അജയന്റെ വീടിനുമുകളിലേക്ക് തെങ്ങ് വീണാണ് ഓടുമേഞ്ഞ വീട് പൂര്‍ണമായും തകര്‍ന്നത്.
ജന്മനാ ശാരീരിക വിഷമതകള്‍മൂലം ബുദ്ധിമുട്ടുന്ന പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിയും ഭാര്യയും പരുക്കേല്‍ക്കാതെ അത്ഭതകരമായി രക്ഷപെട്ടു. കനത്ത കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണും മരം ഒടിഞ്ഞു വീണുമാണ് ഏറെയും നാശമുണ്ടായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."