സ്പ്രിംഗളര്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ജനയുഗം: മുന്നണിക്കുള്ളില്‍ തന്നെ പൊട്ടിത്തെറികളുണ്ടാകുമെന്നുറപ്പാകുന്നു
തിരുവനന്തപുരം: സ്പ്രിംഗളര്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയും പേരെടുത്തുപറയാതെ വിമര്‍ശിച്ചും സി.പി.ഐ മുഖപത്രമായ ജനയുഗം. പത്രത്തിന്റെ എഡിറ്റോറിയലിലാണ് വിമര്‍ശനം. വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ, വിവര അഥവ ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.
വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂര്‍വമോ അല്ലാതെയോ ചോര്‍ത്തപ്പെടുന്നത് അത് സമാഹരിക്കുന്ന ഗവണ്മെന്റ് അല്ലെങ്കില്‍ സ്ഥാപനത്തെയും ഏതൊരു വ്യക്തിയെ സംബന്ധിച്ചതാണോ ആ വിവരം അയാളെയും പ്രതികൂലമായി ബാധിക്കാവുന്നതാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. അത് ഡാറ്റാ സമാഹരണം നടത്തുന്ന സ്ഥാപനത്തിനും അതില്‍ ഉള്‍പ്പെട്ട വ്യക്തിക്കും കടുത്ത സാമ്പത്തിക നഷ്ടങ്ങളടക്കം ഗണ്യമായ ചേതത്തിനു കാരണമായേക്കാം.
ഡാറ്റാ ചോരണം, അനധികൃത പങ്കുവയ്ക്കല്‍, ദുരുപയോഗം എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായിട്ടും ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ലെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. ഡാറ്റാ സ്വകാര്യത എന്നാല്‍ ലഭ്യമായ വിവരങ്ങള്‍ നിയമപരമായി ആര്‍ക്കൊക്കെ എന്തിനുവേണ്ടി ലഭ്യമാകും എന്നതിനെയാണ് സൂചിപ്പിക്കുന്നത്.
വിവരശേഖരങ്ങളുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന മൂലധന താല്പര്യങ്ങള്‍ക്ക് ആ പ്രക്രിയയില്‍ അഭൂതപൂര്‍വമായ പങ്കാളിത്തമാണ് കൈവന്നിരിക്കുന്നത്. സ്വാഭാവികമായും തങ്ങളുടെ ലാഭാര്‍ത്തിക്ക് അനുയോജ്യമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അവര്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചര്‍ച്ചാവിഷയമാകുന്ന കേരളത്തില്‍ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങള്‍ വിവരസമ്പദ്ഘടനയുടെ ഈ യുഗത്തില്‍ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അര്‍ഹിക്കുന്നു. എന്നു പറഞ്ഞവസാനിക്കുന്ന എഡിറ്റോറിയല്‍ സര്‍ക്കാരിന്റെ ജാഗ്രതക്കുറവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
വരികള്‍ക്കിടയിലൂടെ സഞ്ചരിച്ചാല്‍ ഈ എഡിറ്റോറിയല്‍ മുഖ്യമന്ത്രിക്കും വകുപ്പു കൈകാര്യം ചെയ്തവര്‍ക്കുമുള്ള കുറ്റപത്രമാണ്. വരും ദിവസങ്ങളില്‍ പ്രതിപക്ഷത്തിനിന്നു മാത്രമല്ല മുന്നണിക്കുള്ളില്‍ നിന്നുതന്നെ പൊട്ടിത്തെറികളുണ്ടാകുമെന്നതിന്റെ സൂചനതന്നെയാണ് എഡിറ്റോറിയല്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."