ജനറല്‍ ആശുപത്രിയില്‍ കാത്ലാബ് ഉദ്ഘാടനം ഇന്ന്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാത്ലാബിന്റെയും അഡ്വാന്‍സ്ഡ് ഇന്‍വേസീവ് കാര്‍ഡിയാക് കെയര്‍ യൂണിറ്റിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 11ന് നടക്കും. ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും.
അഡ്വാന്‍സ്ഡ് ഇന്‍വേസീവ് കാര്‍ഡിയാക് കെയര്‍ യൂണിറ്റ് പ്രൊഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന് എം.എല്‍.എ അധ്യക്ഷത വഹിക്കും മേയര്‍ സൗമിനി ജയിന്, എം.എല്‍.എമാരായ പി.ടി. തോമസ്, കെ.ജെ. മാക്സി, എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, മുന്‍ എം.പി പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും.
കാത് ലാബ് സ്ഥാപിക്കുന്നതിനായി അഞ്ചു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പേസ് മേക്കര്‍ ഘടിപ്പിക്കല്‍, ഡിവൈസ് ക്ലോഷര്‍ തുടങ്ങിയവ നടത്താനുള്ള സൗകര്യങ്ങള്‍ കാത് ലാബിലുണ്ട്. ഹൈബി ഈഡന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ലഭിച്ച 65 ലക്ഷം ഉപയോഗിച്ച് തയാറാക്കിയ അഡ്വാന്‍സ്ഡ് ഇന്‍വേസീവ് കാര്‍ഡിയാക് ലാബില്‍ രോഗ നിര്‍ണയ, നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതോടെ ഹൃദയ സംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള കേന്ദ്രമായി എറണാകുളം ജനറല്‍ ആശുപത്രി മാറിയിരിക്കുകയാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്, ആശുപത്രി സൂപ്രണ്ട് ഡോ. വി.എസ്. ഡാലിയ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."