കേരളത്തില്‍ കുറുക്കന്മാര്‍ നാമാവശേഷമാകുന്നു ഫഖ്‌റുദ്ദീന്‍ നിസാമി
പൊന്നാനി: സംസ്ഥാനത്ത് കുറുക്കന്മാര്‍ നാമാവശേഷമാകുന്നതായി പഠനങ്ങള്‍. വടക്കേ മലബാറിലെ ചെങ്കല്‍ക്കുന്നുകളില്‍ മാത്രം കാണുന്ന അപൂര്‍വജീവിയായി കുറുക്കന്മാര്‍ മാറിക്കഴിഞ്ഞു. വള്‍പസ് ബംഗാളന്‍സി എന്ന ശാസ്ത്രനാമമുള്ള കുറുക്കനെ കാണണമെങ്കില്‍ മൃഗശാലയില്‍ പോകണമെന്നതാണ് അവസ്ഥ.
ഇടനാടന്‍ ചെങ്കല്‍കുന്നുകള്‍ ഇല്ലാതായതും കൃഷിത്തോട്ടങ്ങളിലെ കീടനാശിനി പ്രയോഗവുമാണ് കുറുക്കന്മാര്‍ കേരളത്തില്‍ ഇല്ലാതാവാന്‍ കാരണമെന്ന് കോഴിക്കോട് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ജന്തുശാസ്ത്രജ്ഞനായ ഡോ. ജാഫര്‍ പാലോട്ട് പറയുന്നു. ഇന്ത്യയില്‍ കുറുക്കന്മാരെ കൂടുതല്‍ കാണുന്നത് ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ മാത്രമാണ്.
നീണ്ടമുഖവും പൂച്ചയേക്കാള്‍ വലിപ്പവുമുള്ള കുറുക്കന്‍ പൊതുവെ കോഴിയെ പിടിക്കുകയോ ഓരിയിടുകയോ ചെയ്യാറില്ല. കുതിരയുടെ ശബ്ദത്തിന് സമാനമാണ് ഇതിന്റെ ശബ്ദം. പഴവര്‍ഗങ്ങളാണ് കുറുക്കന്റെ ഇഷ്ടഭക്ഷണം. ഞണ്ട്, ചെറുപ്രാണികള്‍ എന്നിവയും ഭക്ഷിക്കും. വെള്ളരിയും ചക്കരമത്തനും ഇഷ്ടഭക്ഷണമാണ്. പലപ്പോഴും കുറ്റിക്കാടുകളില്‍ കൂട്ടമായി ഓരിയിടുന്നത് കുറുക്കന്മാരാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇത് കാനിസ് ഓറിയസ് എന്ന ശാസ്ത്രനാമത്തിലുള്ള കുറുനരികളാണെന്നും ഡോ. ജാഫര്‍ പാലോട്ട് പറയുന്നു. ഇവയ്ക്ക് നായയോടാണ് സാമ്യം. ഇവരാണ് കോഴിയെ പിടിക്കുന്നത്. ആടിനെയും എലിയെയും മുയലിനെയും പക്ഷികളെയും തിന്നുന്നവരാണിവര്‍. പലപ്പോഴും കൂടുകള്‍ തകര്‍ത്ത് ഇവര്‍ ആടുകളെ ആക്രമിച്ച് കൊല്ലും. അജ്ഞാതജീവികള്‍ എന്നാണ് പലരും ഈ സന്ദര്‍ഭങ്ങളില്‍ വിളിക്കാറ്. മലബാറിലാണ് കുറുനരികളെ കൂടുതലായി കാണുന്നത്. പഴവര്‍ഗങ്ങള്‍ കഴിക്കാത്ത ഈ വര്‍ഗം മനുഷ്യരെ അക്രമിക്കുകയും ചെയ്യും. ഇവയുടെ എണ്ണവും കുറഞ്ഞുവരികയാണെന്ന് ജന്തുശാസ്ത്രജ്ഞര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."