രാജ്യസഭാ സീറ്റ് വിവാദം: അമര്‍ഷം അണയാതെ അണികള്‍
ഏറ്റുമാനൂര്‍: രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസില്‍ രൂക്ഷമാകുന്നു. നേതൃത്വവും ഉപദേശികളുമടക്കം സമൂലമായ മാറ്റം പാര്‍ട്ടിയില്‍ വേണമെന്ന ആവശ്യം നേതാക്കളുടെ ഭാഗത്തുനിന്ന് ഉയരുന്നതോടൊപ്പം അണികളില്‍നിന്ന് മറ്റു പാര്‍ട്ടികളിലേക്ക് ഒഴുക്കും ആരംഭിച്ചു. അവസരം മുതലെടുക്കാനുള്ള പദ്ധതികളുമായി ബി.ജെ.പിയും രംഗത്തെത്തി. നേതൃത്വത്തിനെതിരേ അഭിപ്രായവ്യത്യാസം രൂക്ഷമാകുകയും പ്രത്യക്ഷ സമരങ്ങളിലേക്കു മാറുകയും ചെയ്തതോടെ അണികളെ മയപ്പെടുത്താനാവാതെ വിയര്‍ക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. മണ്ഡലം നേതാക്കളോട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന അപേക്ഷയുമായി നേതൃനിര രംഗത്തെത്തിയിട്ടുണ്ട്. അണികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രാദേശികനേതാക്കളുമായി നിരന്തരം ഫോണിലും മറ്റും ബന്ധപ്പെടുകയാണ്.
ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലകളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒഴുക്ക് കൂടുതല്‍. പലയിടത്തും പ്രാദേശികതലത്തിലുള്ള ബന്ധങ്ങള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തങ്ങളുടെ അനുഭാവികളാക്കി മാറ്റാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. അതിരമ്പുഴ പോലുള്ള മേഖലകളില്‍ കേരള കോണ്‍ഗ്രസില്‍നിന്ന് കോണ്‍ഗ്രസിലേക്കും ഒഴുക്കുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും കെ.എം മാണിക്കുമെതിരേ ട്രോളുകളുടെ പെരുമഴയാണ് സമൂഹമാധ്യമങ്ങളില്‍.
കേരള കോണ്‍ഗ്രസില്‍നിന്ന് 40 പേര്‍ എത്തുമ്പോള്‍ 100പേര്‍ പുറത്തുപോകുമെന്നും അത് ബി.ജെ.പിക്ക് വളമാകുമെന്നും കഴിഞ്ഞദിവസം സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു.
സുധീരന്‍ പറഞ്ഞപോലെ സംഭവിക്കുമെന്നു തന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനത്തിന്റെയും അഭിപ്രായം. എന്നാല്‍ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നുതന്നെയാണ് സംസ്ഥാന നേതൃത്വത്തോട് അടുപ്പമുള്ളവരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."