നിയമം ലംഘിച്ച് ഭൂമി നികത്തല്‍: നടപടി തുടങ്ങുന്നത് ആറുമാസത്തിനുശേഷം
മലപ്പുറം: നിയമം ലംഘിച്ചുള്ള ഭൂമി നികത്തല്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ പരാതിയില്‍ നടപടി തുടങ്ങുന്നത് ആറുമാസത്തിനുശേഷം.
പത്തുവര്‍ഷം മുന്‍പ് നികത്തിയ ഭൂമിയില്‍ തീരുമാനമെടുക്കുന്നതിനാണ് ആറുമാസമായി കാത്തിരിക്കുന്നത്. വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയവര്‍ക്കുപുറമെ സര്‍ക്കാരിന്റെ ഡാറ്റാബാങ്കില്‍ അനധികൃതമായി ഉള്‍പ്പെട്ടവരും കൂട്ടത്തിലുണ്ട്.
നെല്‍വയല്‍ നീര്‍ത്തട ഡാറ്റാബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ടവരടക്കമുള്ള പരാതികളുള്‍പ്പെടെ രണ്ടുലക്ഷത്തിലേറെ അപേക്ഷകളാണ് ആറുമാസത്തിലധികമായി കെട്ടിക്കിടക്കുന്നത്.
വര്‍ഷങ്ങളായി പരിഹാരമില്ലാതെ കിടന്ന തണ്ണീര്‍ത്തടങ്ങളുടെയും വയലുകളുടെയും കാര്യത്തില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡാറ്റാബാങ്കില്‍ ആവശ്യമായ തിരുത്തല്‍ വരുത്തുന്നതിന് അപേക്ഷ നല്‍കാന്‍ പരാതിക്കാര്‍ക്ക് അവസരം ലഭിച്ചത്. ഇതുപ്രകാരം കഴിഞ്ഞ നവംബര്‍ 30 വരെയായിരുന്നു അപേക്ഷ നല്‍കാനുള്ള സമയം. അതിനുശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു. അതാത് പ്രദേശത്തെ പ്രാദേശിക സമിതികളാണ് പരാതിയില്‍ തീരുമാനമെടുക്കേണ്ടത്.
പ്രാദേശികമായ പരാതിയോ സംശയമോ ഉണ്ടായാല്‍ ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങളുടെ സഹായം തേടും. ഇതിനും കാലതാമസം നേരിടും. പ്രാദേശിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍കൂടിയാകുമ്പോള്‍ തീരുമാനം അനന്തമായി നീണ്ടുപോകുകയാണ് പതിവ്. ഇത്തരം അപേക്ഷകളാണ് രണ്ടുലക്ഷത്തിലേറെയുള്ളത്.കെട്ടിക്കിടക്കുന്ന ഇത്തരം പരാതിയില്‍ നടപടി വേഗത്തിലാക്കാന്‍ നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. യോഗത്തില്‍ കൃഷി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. എന്നാല്‍ ഇത്തരമൊരു യോഗം നടക്കുന്നത് താനറിഞ്ഞിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."