20,000 പ്രഖ്യാപനത്തില്‍,ലഭിക്കുക 5500 മാത്രം:മലപ്പുറം ജില്ലയില്‍ ഒരു ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ ലഭിക്കില്ല
മഞ്ചേരി:കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള വായ്പ പദ്ധതി പ്രഹസനമാകുന്നു. 20,000 രൂപ വീതം ഓരോ അംഗത്തിനും ലഭിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പൊളിഞ്ഞു. കര്‍ശന മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വായ്പക്ക് അപേക്ഷ ക്ഷണിച്ചതോടെ നിരവധി പേരാണ് പുറത്താകുക. ജില്ലയില്‍ 10,4855 അംഗങ്ങള്‍ക്ക് വായ്പ ലഭിക്കില്ലെന്ന് ഉറപ്പായി. നേരത്തെ പ്രഖ്യാപിച്ചത് 20000 രൂപയായിരുന്നെങ്കിലും 5500 രൂപ മാത്രമാണ് ലഭിക്കുക.
ജില്ലയില്‍ 110 സി.ഡി.എസുകള്‍ക്ക് കീഴിലായി 28,121 അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഇതില്‍ 4,39876 അംഗങ്ങളുണ്ട്. എല്ലാവരും വായ്പ ആവശ്യമുള്ളവരാണെങ്കിലും സംസ്ഥാന മിഷന്റെ നിബന്ധനകള്‍ക്ക് വിധേയമാകുന്ന 3,35021 അംഗങ്ങളേയൊള്ളുവെന്നാണ് വിവരം. ബാക്കി വരുന്ന 10,4855 പേര്‍ക്ക് ഒരു രൂപ പോലും ലഭിക്കില്ല. ജില്ലക്ക് 197 കോടി രൂപയാണ് അനുവദിച്ചത്. ഇത് വീതം വയ്ക്കുമ്പോള്‍ ഒരംഗത്തിന് 5880 രൂപയാണ് ഉണ്ടാവുക. എന്നാല്‍ 5500 രൂപയാണ് നല്‍കുക. ഓരോ അംഗത്തിന്റെയും 380 രൂപ മാറ്റിവയ്ക്കും. പിന്നീട് അര്‍ഹതപ്പെട്ടവര്‍ പരാതിയുമായി എത്തിയാല്‍ ഈ തുക അവര്‍ക്ക് വേണ്ടി വിനിയോഗിക്കാനാണ് തീരുമാനം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലഭിക്കുന്ന വായ്പ ആശ്വാസമായി കാണണമെന്നാണ് സംസ്ഥാന മിഷന്റെ നിര്‍ദേശം. എന്നാല്‍ സി.ഡി.എസുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശപ്രകാരം വിവരശേഖരണം നടത്തി വായ്പ അനുവദിച്ചാല്‍ നിര്‍ധനരായ നിരവധി അംഗങ്ങള്‍ ദുരിതത്തിലാകും. നേരത്തെ വായ്പ തിരിച്ചടവില്‍ മുടക്കം വരുത്തിയ അംഗങ്ങള്‍ക്ക് വായ്പ ലഭിക്കില്ലെന്നാണ് നിര്‍ദേശം. എന്നാല്‍ ലിങ്കേജ് ലോണ്‍ ഉള്‍പ്പടെ എടുത്തവര്‍ തിരിച്ചടവിന് പ്രയാസം നേരിടുന്നവരുണ്ട്. ഇതിന് പുറമെ കഫേശ്രീ ഉള്‍പ്പടെയുള്ള വ്യവസായങ്ങള്‍ക്ക് ലോണ്‍ എടുത്ത് പ്രയാസപ്പെടുന്നവരും ഏറെയാണ്. പുതിയ നിബന്ധന പ്രകാരം ഇവര്‍ക്കൊന്നും ഒരു രൂപ പോലും ലഭിക്കില്ല.
അഞ്ചിലധികം അംഗങ്ങളുള്ള കുടുംബത്തിന് മുന്‍ഗണനയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇവര്‍ വാടകവീട്ടില്‍ താമസിക്കുന്നവരായിക്കണമെന്ന നിബന്ധനയുണ്ട്. സ്ത്രീകള്‍ മാത്രമുള്ള, ഒന്നിലധികം വയോജനങ്ങളുള്ള, കിടപ്പുരോഗികളുള്ള കുടുംബം, ഭിന്നശേഷിക്കാരായ അംഗങ്ങളുള്ള, 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള കുടുംബം എന്നിവര്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന ലഭിക്കുക. എന്നാല്‍ വയോജനങ്ങളോടൊപ്പം താമസിക്കാത്ത നിരവധി കുടുംബശ്രീ അംഗങ്ങള്‍ ജില്ലയിലുണ്ട്. ഇവരുടെ ഭര്‍താക്കന്മാര്‍ വിദേശത്തുമാണ്. പ്രവാസലോകത്ത് വലിയ പ്രതിസന്ധി നേരിടുമ്പോഴും അവരുടെ കുടുംബങ്ങള്‍ക്ക് വായ്പയുടെ ഗുണം ലഭിക്കുന്നില്ല. ഓരോ അംഗത്തിനും 20000 രൂപയെന്ന രീതിയില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഒടുവില്‍ ലക്ഷ്യം കാണാതാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."