കൊവിഡ് ചികിത്സാ സൗകര്യമില്ലാത്ത ആശുപത്രികള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖ
ന്യൂഡല്‍ഹി: കൊവിഡ് ചികിത്സാ സൗകര്യങ്ങളില്ലാത്ത ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളില്‍ നിന്ന് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൊവിഡ് ബാധയുണ്ടായ പശ്ചാത്തലത്തില്‍ ഇത്തരം ആശുപത്രികള്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദമായ മാര്‍ഗരേഖ പുറപ്പെടുവിച്ചു.
മാര്‍ഗരേഖ പാലിക്കപ്പെടുന്നുണ്ടെന്ന് ഹോസ്പിറ്റല്‍ ഇന്‍ഫാക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയാണ് ഉറപ്പുവരുത്തേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. കൊവിഡ് സംശയിക്കുന്ന രോഗികള്‍ ആശുപത്രിയിലെത്തിയാല്‍ ഉടന്‍ അധികൃതരെ വിവരമറിയിക്കണം. രോഗിയെ മാസ്‌ക് ധരിപ്പിക്കണം. ബന്ധപ്പെട്ട എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണം. പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരായിരിക്കണം രോഗിയെ കൈകാര്യം ചെയ്യേണ്ടത്. രോഗിയെ ഉടന്‍ തന്നെ കൊവിഡ് ചികിത്സയുള്ള ആശുപത്രിയിലേക്കു മാറ്റണം. രോഗിയുടെ മുറിയും ബന്ധപ്പെട്ട സ്ഥലങ്ങളും അണുവിമുക്തമാക്കണം. ഇടപഴകിയവരെ ഉടന്‍ ക്വാറന്റൈന്‍ ചെയ്യണം. രോഗികളുമായി അടുത്തിടപഴകിയവര്‍ക്ക് ഏഴാഴ്ച എച്ച്.സി.ക്യു നല്‍കണം. ചികിത്സിച്ചവര്‍ക്കു രോഗബാധ സംശയിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളും മാര്‍ഗരേഖയില്‍ വിശദീകരിക്കുന്നു.
ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് രോഗി മരിക്കുകയും അധികൃതരെ അറിയിക്കാതെ ആശുപത്രി മൃതദേഹം വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ചികിത്സിച്ച നഴ്‌സുമാര്‍ക്കും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചു. മറ്റൊരിടത്ത് കൊവിഡ് പരിശോധിക്കാതെ ചികിത്സിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗബാധയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."