ഏറ്റവും കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍; നിയന്ത്രണം കര്‍ശനമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കണ്ണൂര്‍ ജില്ലയില്‍. ഇതുവരെ 104 പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണും മറ്റു പ്രതിരോധ നടപടികളും കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് 12നും ഏപ്രില്‍ 22നും ഇടയില്‍ നാട്ടില്‍ വന്ന പ്രവാസികളുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും സാംപിള്‍ പരിശോധിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്.
കൂടുതല്‍ സ്ഥലങ്ങളില്‍ പൊലിസിന്റെ വാഹന പരിശോധനയുണ്ടാകും. ജില്ലയില്‍ റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പൊലിസ് പരിശോധനക്കെങ്കിലും വിധേയമാകും. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന പരിധി പൂര്‍ണമായും സീല്‍ ചെയ്തിട്ടുണ്ട്. പൊലിസ് അനുവദിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
അവശ്യവസ്തുക്കള്‍ ഹോം ഡെലിവറിയായി എത്തിക്കണം. മറ്റു ജില്ലകളിലെ ഇളവുകള്‍ തങ്ങള്‍ക്കും ബാധകമാണെന്ന് കരുതി കുറേപേര്‍ റോഡിലിറങ്ങിയെന്നും റെഡ്‌സോണില്‍ മെയ് മൂന്ന് വരെ ലോക്ഡൗണ്‍ തുടരുമെന്നും ജനങ്ങള്‍ സാഹചര്യം തിരിച്ചറിഞ്ഞ് സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."