മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള കിറ്റ് വിതരണം 27ലേക്ക് മാറ്റി
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ രണ്ടാംഘട്ട വിതരണം വൈകും. ഇന്ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന മുന്‍ഗണനക്കാര്‍ക്കുള്ള (പിങ്ക് കാര്‍ഡ്) കിറ്റ് വിതരണമാണ് സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം വൈകുന്നത്. മുന്‍ഗണനക്കാര്‍ക്ക് 27 മുതലായിരിക്കും കിറ്റ് വിതരണം.
17 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കിറ്റുകള്‍ ഏപ്രിലില്‍ വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സാധനങ്ങളുടെ ദൗര്‍ലഭ്യം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കൊണ്ട് വിതരണം വൈകുകയായിരുന്നു. മെയ് ഏഴ് വരെ വിതരണം നടത്താനാണ് പുതിയ തീരുമാനം. 31 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് പിങ്ക് കാര്‍ഡുള്ളത്. ഇവര്‍ക്കാണ് ഈ മാസം 27 മുതല്‍ വിതരണം ചെയ്യുക. ബാക്കിയുള്ള നീല, വെള്ള കാര്‍ഡുകാര്‍ക്ക് അതുകഴിഞ്ഞാണ് വിതരണം ചെയ്യുക. ഇവര്‍ക്കുള്ള വിതരണവും വൈകാനാണ് സാധ്യത.
സൗജന്യ പലവ്യഞ്ജന കിറ്റിന് സാധനങ്ങള്‍ രണ്ട് രീതിയിലാണ് കണ്ടെത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ ഇ ടെന്‍ഡര്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന കേന്ദ്രീകൃത സംഭരണ രീതിയായിരുന്നു ഒന്നാമത്തേത്. ലോക്ക് ഡൗണ്‍ കാലത്ത് ഇത് നടന്നില്ല. തുടര്‍ന്ന് സംസ്ഥാനത്തെ 56 താലൂക്ക് ഡിപ്പോകള്‍ വഴി പ്രാദേശികമായി പൊതുവിപണിയില്‍ നിന്ന് സംഭരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മൊത്ത വ്യാപാരികള്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് സാധനങ്ങള്‍ നല്കാന് തയ്യാറല്ല. ഇതാണ് ഭക്ഷ്യകിറ്റ് വൈകാനുള്ള പ്രധാന കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."