പരീക്ഷണങ്ങള്‍ അതിജയിച്ച് റമദാനെ വരവേല്‍ക്കുക
മഹാനായ നബി കരീം (സ) വിശുദ്ധ റമദാന്‍ സമാഗതമാകുന്നതിന്റെ തൊട്ടുമുന്‍പ് അവസാന ദിനത്തില്‍ അനുചരന്മാരോട് ഉപദേശിച്ചു: 'അല്ലയോ ജനങ്ങളേ; അതിമനോഹരമായ ഒരു മാസം നിങ്ങളുടെ അടുത്തെത്തിയിരിക്കുന്നു. അനുഗ്രഹീതമായ ഒരു മാസമാണ്. ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ഒരു രാത്രി ആ മാസത്തില്‍ ഉണ്ട്. അതിന്റെ പകല്‍ സമയം നോമ്പ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമാക്കുകയും രാത്രിയില്‍ പ്രത്യേക നിസ്‌കാരം സുന്നത്ത് ആക്കുകയും ചെയ്തിരിക്കുന്നു. ആ മാസത്തില്‍ നിര്‍ബന്ധമില്ലാത്ത ഒരു പുണ്യകര്‍മം ഒരാള്‍ ചെയ്താല്‍ മറ്റു മാസങ്ങളില്‍ നിര്‍ബന്ധമായ ഒരു പുണ്യകര്‍മം ചെയ്തതിന്റെ പ്രതിഫലം ലഭിക്കും. നിര്‍ബന്ധമായ പുണ്യ കര്‍മത്തിന് എഴുപത് ഇരട്ടി പ്രതിഫലം ലഭിക്കും. അത് ക്ഷമയുടെ മാസമാണ്. പരസ്പര സഹായത്തിന്റെ മാസമാണിത്. ആഹാരം വര്‍ധിക്കുന്ന മാസവുമാണ്. പ്രസ്തുത മാസത്തില്‍ ആരെങ്കിലും ഒരാളെ നോമ്പ് തുറപ്പിച്ചാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും. അവനെ നരകത്തില്‍ നിന്നും മോചിപ്പിക്കപ്പെടാനുമത് നിമിത്തമാകുന്നു. മാത്രവുമല്ല, നോമ്പ് തുറപ്പിക്കപ്പെട്ടവന്റെ പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറയാതെ, അവന്റെ നോമ്പിന്റെ പ്രതിഫലം പോലോത്ത പ്രതിഫലം തുറപ്പിച്ചവന് ലഭിക്കും.
സ്വഹാബത്ത് ചോദിച്ചു: ഞങ്ങള്‍ക്കെല്ലാവര്‍ക്കും നോമ്പ് തുറപ്പിക്കാന്‍ ഉള്ള വിഭവങ്ങള്‍ ഇല്ലല്ലോ നബിയെ? നബി (സ)യുടെ മറുപടി ഇപ്രകാരമായിരുന്നു: ഒരു മുറുക്ക് പാല്‍ കൊടുത്തോ, ഒരു കാരക്ക നല്‍കിയോ, ഒരിറക്ക് വെള്ളം കൊടുത്തോ ഒരാളെ നോമ്പ് തുറപ്പിച്ചാലും മേല്‍ പ്രതിഫലം അവന് അല്ലാഹു നല്‍കുന്നതാണ്. ഒരു നോമ്പുകാരന് വയറുനിറയെ ഒരാള്‍ ഭക്ഷണം നല്‍കിയാല്‍ അന്ത്യനാളില്‍ എന്റെ ഹൗളില്‍ നിന്നുള്ള പാനീയം അല്ലാഹു കുടിപ്പിക്കും. അതിനുശേഷം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് വരെ അവന് ഒരിക്കലും ദാഹം ഉണ്ടാകുന്നതല്ല. ഈ വിശുദ്ധ മാസത്തിലെ ആദ്യത്തെ പത്ത് ദിവസം പ്രത്യേക കാരുണ്യവും നടുവിലെ പത്ത് ദിവസം പാപമോചനവും അവസാനത്തേത് നരകമോചനവും ആകുന്നു.
ഈ മാസത്തില്‍ നാല് കാര്യം നിങ്ങള്‍ വര്‍ധിപ്പിക്കുക. അതില്‍ രണ്ട് കാര്യം നിങ്ങളുടെ നാഥനെ തൃപ്തിപ്പെടുത്തുന്നതും രണ്ടെണ്ണം നിങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്തതുമാണ്. നിങ്ങളുടെ നാഥനെ തൃപ്തിപ്പെടുത്തുന്ന രണ്ട് കാര്യങ്ങളില്‍ ഒന്ന്, അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്ന് സാക്ഷ്യം വഹിക്കലാണ്. രണ്ട്, അല്ലാഹുവിനോട് പാപമോചനത്തിന് അപേക്ഷിച്ചുകൊണ്ടിരിക്കലാണ്. നിങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത രണ്ടു കാര്യങ്ങളില്‍ ഒന്ന്, അല്ലാഹുവിനോട് സ്വര്‍ഗം ചോദിച്ചു കൊണ്ടിരിക്കുക. രണ്ട്, നരകത്തെ തൊട്ട് കാവല്‍ ചോദിച്ചു കൊണ്ടിരിക്കുക എന്നതാണ്.''
ഇതുപോലെ വിശുദ്ധറമദാന്റെ പുണ്യം വിവരിക്കുന്ന നബിവചനങ്ങള്‍ ധാരാളമുണ്ട്. സ്വര്‍ഗത്തിലെ മുഴുവന്‍ വാതിലുകളും തുറക്കപ്പെടുകയും നരകത്തിന്റെ എല്ലാ കവാടങ്ങളും അടക്കപ്പെടുകയും പിശാച് വര്‍ഗത്തെ ഒരുതരം ചങ്ങലകളില്‍ ബന്ധിപ്പിക്കുകയും എല്ലാ രാത്രിയിലും പ്രത്യേകമായി അല്ലാഹു നരകമോചനം നല്‍കി കൊണ്ടിരിക്കുകയും ചെയ്യുന്നു. പുണ്യങ്ങളുടെ പൂക്കാലമായ ഈ മാസം എത്തിച്ചു തരാന്‍ റജബ്, ശഅ്ബാന്‍ എന്നീ രണ്ടു മാസം സത്യവിശ്വാസികള്‍ പ്രാര്‍ഥന നടത്തി.
നമുക്കിപ്പോള്‍ ഒരു പരീക്ഷണ ഘട്ടമാണ്. ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമായ മക്ക, മദീനയിലെ ഇരു ഹറമുകളും അടഞ്ഞുകിടക്കുന്നു. നിസ്‌കാരം, ത്വവാഫ്, സിയാറത്ത് എന്നിവ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ കര്‍ശന നിയന്ത്രണത്തിനും വിധേയമായി നമ്മുടെ പള്ളികള്‍ അടഞ്ഞുകിടക്കുന്നു. ചടങ്ങുകള്‍ മാത്രം നടക്കുന്നു. സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് ജമാഅത്ത് നടത്തുന്നതിനോ ജുമുഅ നിര്‍വഹിക്കുന്നതിനോ തറാവീഹ്, ഇഅ്തികാഫ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയ പുണ്യകര്‍മങ്ങളൊക്കെ പള്ളിയില്‍ വച്ച് നടത്താനോ താല്‍ക്കാലിക പ്രയാസം നേരിട്ടിരിക്കുകയാണ്. പക്ഷേ, നാം തളരേണ്ടതില്ല. പതിവായി ജമാഅത്തിന് പോകുന്ന ഒരാള്‍ക്ക് പ്രത്യേക തടസം കാരണം അതിന് കഴിയാതെ വന്നാല്‍ പള്ളിയില്‍ പോയി ജമാഅത്തില്‍ പങ്കെടുക്കുന്നതിന്റെ പ്രതിഫലം അവന് ലഭിക്കുന്നതാണ്.
ജമാഅത്തായുള്ള നിസ്‌കാരം അടക്കമുള്ള ഇബാദത്തുകള്‍ ഓരോരുത്തരും അവരവരുടെ വീട്ടില്‍ വച്ച് നിര്‍വഹിച്ചാല്‍ അല്ലാഹു സ്വീകരിക്കുന്നതും പള്ളിയില്‍ പോകാത്തത് കൊണ്ടുള്ള നഷ്ടം അല്ലാഹു പരിഹരിച്ചു തരുന്നതുമാണ്. ഇബാദത്തില്‍ വളരെ വിശാലമാണ് പരിശുദ്ധ ഇസ്‌ലാം. ഭൂമിയില്‍ എവിടെ വച്ചും നമുക്ക് നിസ്‌കരിക്കാം, സുജൂദ് ചെയ്യാം, ഖുര്‍ആന്‍ പാരായണം ചെയ്യാം, പ്രാര്‍ഥനകള്‍ നടത്താം. താമസിയാതെ എല്ലാം ആശ്വാസം ആവുകയും ഹറമുകളും പള്ളികളും തുറക്കപ്പെടുകയും സ്വതന്ത്രമായി യാത്ര ചെയ്യാന്‍ സൗകര്യം ആകുകയും ചെയ്യും എന്ന് നമുക്ക് ആഗ്രഹിക്കാം, അതിനായി അല്ലാഹുവിനോട് നമുക്ക് പ്രാര്‍ഥിക്കാം.
ചില കാര്യങ്ങള്‍ ഉണര്‍ത്താന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ നാട്ടില്‍ ധാരാളം മതസ്ഥാപനങ്ങളുണ്ട്. അവയില്‍ ജോലിചെയ്യുന്ന അധ്യാപകരുണ്ട്. പഠിതാക്കളുണ്ട്. അവയിലധികവും നടന്നുപോകുന്നത് ഉദാരമതികളായ സഹോദരീ സഹോദരന്‍മാരുടെ അകമഴിഞ്ഞ സംഭാവനകള്‍ കൊണ്ടാണ് എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാമ്പത്തിക നഷ്ടം ഏതാണ്ട് എല്ലാവര്‍ക്കും നേരിട്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാലും നമ്മുടെ സ്വന്തം മക്കളെപ്പോലെ നാം സ്‌നേഹിച്ചു വളര്‍ത്തിയെടുത്ത നമ്മുടെ സ്ഥാപനങ്ങള്‍ ഒരിക്കലും തളരാന്‍ പാടില്ല. സ്ഥാപന ഭാരവാഹികള്‍ക്ക് സഹായികളെ നേരില്‍ വന്നു കാണാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമാണ്. എന്നാലും വന്നുകണ്ടതുപോലെ മനസ്സിലാക്കി നമുക്ക് കഴിയുന്ന സഹായങ്ങള്‍ എത്തിച്ചു നമ്മുടെ സ്ഥാപനങ്ങളെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും നിലനിര്‍ത്തണം. അല്ലാഹുവിന്റെ ദീനിനെ ആര് സഹായിക്കുന്നുവോ ഇരു വീട്ടിലും അവരെ അല്ലാഹു സഹായിക്കും.
ധാരാളമാളുകള്‍ സകാത്ത് വിതരണം ചെയ്യുന്ന മാസമാണ് റമദാന്‍. ചെറിയപെരുന്നാള്‍ ഫിത്‌റ് സകാത്ത് വേറെയും നല്‍കുന്നു. സകാത്ത് എന്ന നിര്‍ബന്ധ ദാനം , നിശ്ചിത ധനത്തില്‍ നിന്ന്, നിശ്ചിത സമയത്ത്, നിശ്ചിത വിഹിതം അര്‍ഹരായി അല്ലാഹു നിശ്ചയിച്ചവര്‍ക്ക് നല്‍കി എങ്കില്‍ മാത്രമേ അത് വീടുകയുള്ളൂ. സകാത്ത് അല്ലാത്ത മറ്റു ദാനധര്‍മങ്ങള്‍ക്കു സകാത്തിന്റെ നിബന്ധനകള്‍ ഇല്ല. അതുപോലെതന്നെ ഇസ്‌ലാമിലെ ഏതൊരു പുണ്യ കര്‍മവും ഇസ്‌ലാം ശരീഅത്ത് നിശ്ചയിച്ച നിബന്ധനകളും നിയമങ്ങളും പഠിച്ച് അപ്രകാരം നിര്‍വഹിക്കേണ്ടതാണ്. അല്ലാതിരുന്നാല്‍ നാം ചെയ്തത് വെറുതെയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."