വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍
ബംഗളുരു: കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ ആലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യാന്‍ കൂട്ടത്തോടെ വ്യാജ അപേക്ഷകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ആദ്യ അറസ്റ്റ്. ബംഗാളിലെ നാദിയയില്‍ നിന്നുള്ള മൊബൈല്‍ റിപ്പയര്‍ കടയുടമ ബാപ്പി ആദി(27) ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി 10 മണിയോടെ പശ്ചിമബംഗാളിലെ ഇയാളുടെ ഗ്രാമത്തില്‍വെച്ചാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്.
ഡാറ്റ സെന്ററുകള്‍ ഉപയോഗിച്ച് അനധികൃതമായി വോട്ടര്‍മാരെ നീക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ ആദ്യ അറസ്റ്റാണിത്. ഒടിപികള്‍ കൂട്ടത്തോടെ ബി.ജെ.പി നേതാവിന്റെ ഡേറ്റാ സെന്ററിലേക്ക് എത്തിച്ചുനല്‍കി എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
വോട്ടര്‍മാരെ നീക്കാന്‍ വ്യാജ ഫോം-7 അപേക്ഷകള്‍ ചമയ്ക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ്പുകളില്‍ അപേക്ഷ നല്‍കിയത് ഇയാളുടെ കൈവശമുണ്ടായിരുന്ന 75 മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ്. തുടര്‍ന്ന് ഒ.ടി.പി കൈമാറിയതിന് കലബുറഗിയിലെ ഡേറ്റ സെന്റര്‍ ഇയാള്‍ക്ക് 700 രൂപ കൈമാറി. ഡേറ്റ സെന്ററില്‍ നിന്ന് ബാപ്പിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. അറസ്റ്റിലായ ബാപ്പിയെ ബംഗളൂരുവില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സെപ്റ്റംബര്‍ 18 ന് നടന്ന പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് തട്ടിപ്പും 'വോട്ട് ചോരി'യും ആരോപിച്ച് പരാമര്‍ശിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് കലബുറഗി ജില്ലയിലെ ആലന്ദ്. തെരഞ്ഞെടുപ്പിന്റെ സമയത്ത് അലന്ദിലെ എം.എല്‍.എ ആയിരുന്ന ബി.ജെ.പി നേതാവ് സുഭാഷ് ഗുട്ടേദാറും മകനും ചേര്‍ന്നാണ് ഡേറ്റാ സെന്ററിന് കരാര്‍ നല്‍കിയിരുന്നത് എന്നാണ് എസ്.ഐ.ടി കണ്ടെത്തിയിരിക്കുന്നത്. വ്യാജ വോട്ട് നീക്കം ചെയ്യാനുള്ള ഓരോ അപേക്ഷയ്ക്കും 80 രൂപ പ്രതിഫലം നല്‍കിയിരുന്നുവെന്നും എസ്.ഐ.ടി നേരത്തെ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."