ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്
പട്‌ന: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിഹാറില്‍ നടപ്പാക്കിയ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടി(എസ്.ഐ.ആര്‍)വഴി ബി.ജെ.പിക്കും സഖ്യകക്ഷിക്കും നേട്ടമുണ്ടാക്കാനായി എന്നാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ബി.ജെ.പി ആവിഷ്‌കരിച്ച രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നടപ്പിലാക്കിയ എസ്.ഐ.ആര്‍ വഴി 65 ലക്ഷം വോട്ടുകളാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്.
ഇതാവട്ടെ ബഹുഭൂരിപക്ഷവും പ്രതിപക്ഷത്തിനു ലഭിക്കേണ്ട വോട്ടുകളും. ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരായി കണക്കാക്കിയും നാട്ടിലുള്ളവരെ വിദേശത്തുള്ളവരായി ചിത്രീകരിച്ചുമാണ് അര്‍ഹതയുള്ള വോട്ടര്‍മാരെ കൂട്ടത്തോടെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത്. പ്രതിപക്ഷ സഖ്യത്തിന് പരമ്പരാഗതമായി ലഭിച്ചു പോരുന്ന ന്യൂനപക്ഷ, പിന്നോക്ക, ദലിത്, ആദിവാസി മേഖലകളിലെ വോട്ടര്‍മാരെ കൂട്ടത്തോടെ പട്ടികയില്‍ നിന്നൊഴിവാക്കി തങ്ങള്‍ക്കനുകൂലമായി വോട്ടര്‍ പട്ടിക സൃഷ്ടിച്ചെടുക്കുക എന്ന തന്ത്രമാണ് കമ്മിഷന്‍ വഴി ബിഹാറില്‍ നടപ്പിലായത്.
വോട്ട് ചെയ്യാതെ തന്നെ വോട്ടര്‍പട്ടിക ഉപയോഗിച്ച് ഭൂരിപക്ഷം ഉറപ്പാക്കുന്ന തന്ത്രമായി പല തെരഞ്ഞെടുപ്പ് വിദഗ്ധരും ചൂണ്ടിക്കാട്ടിയ എസ്.ഐ.ആര്‍, ബിഹാറിന്റെ വിജയ പശ്ചാത്തലത്തില്‍ കേരളത്തിലും ബംഗാളിലും കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് സൂചന.
ജയപരാജയത്തിനപ്പുറം രാജ്യത്തെ പൗരന്‍മാരെ നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന രേഖകളിലൊന്നായി വോട്ടര്‍ പട്ടിക മാറുമെന്നാണ് ബി.ജെ.പി നേതാക്കള്‍ ഇതിനകം പറഞ്ഞത്. അതുകൊണ്ടു തന്നെ കേരളത്തിലും പശ്ചിമബംഗാളിലും എസ്.ഐ.ആര്‍ വളരെ നിര്‍ണായകമാണ്. നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ വോട്ടുകള്‍ കൂട്ടത്തോടെ ഒഴിവാക്കിയും തങ്ങള്‍ക്കാവശ്യമുള്ളത്ര കൂട്ടിച്ചേര്‍ത്തും തങ്ങള്‍ക്കനുകൂലമായ സാഹചര്യം വോട്ടര്‍പട്ടിക വഴി സൃഷ്ടിച്ചെടുക്കാമെന്ന് എസ്.ഐ.ആര്‍ ബിഹാറിന്റെ അനുഭവത്തില്‍ തെളിയിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."