ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്ന് മാസപ്പിറവി നിരീക്ഷണത്തിന് ആഹ്വാനം
മനാമ: റമദാന്‍ മാസപ്പിറവിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, വിശുദ്ധ മാസത്തെ സ്വീകരിക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളും ഒരുങ്ങി. കോവിഡ് വ്യാപനത്തെ ചെറുക്കാനായി ഇവിടെ മസ്ജിദുകളെല്ലാം അടഞ്ഞു കിടക്കുകയാണെങ്കിലും പുണ്യ മാസത്തിന്‍റെ പിറവിയെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഗള്‍ഫിലെ വിശ്വാസികളും.
ഒമാനൊഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളെല്ലാം മാസപ്പിറവി സ്ഥിരീകരണത്തിനും പ്രഖ്യാപനത്തിനും സഊദി സുപ്രിം കോടതിയുടെ പ്രഖ്യാപനം പിന്തുടരലാണ് പതിവെങ്കിലും ഇത്തവണ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഔഖാഫ് മത കാര്യ മന്ത്രാലയങ്ങളും മാസപ്പിറവി നിരീക്ഷിക്കാന്‍ പ്രത്യേകം ആഹ്വാനം ചെയ്തിട്ടുണ്ട്.
സഊദി സുപ്രീം കോടതി ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച ആഹ്വാനത്തില്‍ വ്യാഴാഴ്ച റമദാൻ മാസപ്പിറവി കാണുന്നവർ ഏറ്റവും അടുത്ത കോടതിയിൽ വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സഊദിയില്‍ ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഈ വര്‍ഷം ശഅ്ബാൻ 30 പൂർത്തിയാകുന്നത് വ്യാഴാഴ്ചയാണ്. എന്നാൽ, റജബ് 30 പൂർത്തിയായ ശേഷമാണ് ശഅ്ബാൻ മാസപ്പിറവിയുണ്ടായത് എന്നതിനാൽ കാലഗണന പരിഗണിച്ചാൽ വ്യാഴാഴ്ച ശഅ്ബാൻ 29 പൂർത്തിയാവാനും സാധ്യതയുണ്ട്. ഈ സാധ്യത പരിഗണിച്ചാണ് വ്യാഴാഴ്ച മാസപ്പിറവി നീരീക്ഷിക്കണമെന്ന് സൗദി സുപ്രിം കോര്‍ട്ട് സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടിരിക്കുന്നത്.
നഗ്ന നേതൃങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനികള്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചോ മാസപ്പിറവി നിരീക്ഷിക്കണമെന്നും ചന്ദ്രനെ ദര്‍ശിക്കുന്നവര്‍ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും സഊദി സുപ്രീം കോടതി പൊതു ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
സൗദിക്കു പുറമെ ഒമാന്‍ മതകാര്യ വിഭാഗം, ബഹ്‌റൈന്‍ ഇസ്‌ലാമിക കാര്യ ഉന്നതാധികാരസമിതി, ഖത്തര്‍ ഔഖാഫ്-ഇസ്‌ലാമിക കാര്യ മന്ത്രാലയം, യുഎഇ നീതിന്യായ മന്ത്രാലയം, കുവൈത്ത് മത കാര്യവിഭാഗം എന്നിവയും സമാനമായ ആഹ്വാനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നഗ്നനേത്രം കൊണ്ടോ ബൈനോകുലർ ഉപയോഗിച്ചോ മാസപ്പിറവി കണ്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നാണ് ഇവരെല്ലാം പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
കൂടാതെ, വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ മത കാര്യവിഭാഗങ്ങള്‍ ചന്ദ്ര നിരീക്ഷണത്തിനും വിവരങ്ങളറിയിക്കാനും പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."