"ഔദ" സംവിധാനത്തിൽ തത്കാലം ഇന്ത്യയില്ല, അഞ്ചു ഏഷ്യൻ രാജ്യങ്ങൾക്ക് മാത്രമെന്ന് സഊദി ജവാസാത്ത്
റിയാദ്: സഊദിയിൽ നിന്നും മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് സഊദി ഭരണകൂടം ഒരുക്കിയ ഓൺലൈൻ സംവിധാനം “ഔദ”യിൽ തത്കാലം ഇന്ത്യക്കാർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സഊദി അധികൃതർ. ഇതിനകം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അഭ്യര്‍ഥിച്ച പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളും ഈജിപ്തുമാണ് ആദ്യ ഘട്ട പട്ടികയില്‍ ഇടം നേടിയത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമേ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുള്ളൂവെന്നും, ടൂറിസ്റ്റ് ഉൾപ്പെടെ എല്ലാ വിധ സന്ദര്‍ശന വിസകളിലും എത്തി മടങ്ങാനാകാതെ കുടുങ്ങിയവര്‍ ഉൾപ്പെടെയുള്ളവർക്കും രജിസ്റ്റര്‍ ചെയ്യാമെന്നും ജവാസാത്ത് അറിയിച്ചു. നാട്ടിലേക്ക് പോകുന്നതിനുള്ള എക്സിറ്റോ റീ എന്‍ട്രിയോ അടിച്ചവർക്ക് യാത്ര പോകാനായി സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് പുതിയ സംവിധാനം കൊണ്ട് വരാൻ നിർദേശം നൽകിയത്.
ഇന്ത്യയിലേക്ക് വിമാന സർവ്വീസിന് അനുമതി നൽകാത്തതിനെ തുടർന്നാണ് ഇന്ത്യക്കാരെ ഇതിൽ ഒഴിവാക്കാൻ കാരണം. ഇത് വരെ ഇന്ത്യയിലേക്ക് വിമാന സർവ്വീസ് അനുവദിക്കാൻ ഇന്ത്യൻ അധികൃതർ തുനിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് തത്കാലം ഇന്ത്യക്കാർക്ക് ഈ സേവനം ഉപയോഗിക്കാൻ കഴിയില്ലെന്ന് സഊദി അധികൃതർ വ്യക്തമാക്കിയത്. സഊദി എയര്‍ലൈന്‍സ് വഴിയാണ് സഊദി അപേക്ഷകർക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സഊദിയ സർവ്വീസ് നടത്തിയിരുന്നു. ഇന്ത്യ അനുമതി നൽകിയാൽ ഇതേ സെക്റ്ററുകളിലേക്ക് ഈ സംവിധാനം ഉപയോഗിച്ച് ഇന്ത്യക്കാർക്ക് നാട്ടിലേക്ക് എത്തിച്ചേരാനാകും. എന്നാല്‍ അതിനായി കേന്ദ്രം കണിയണമെന്നു മാത്രം. ഇവരെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അനുമതി ലഭിച്ചാലേ ഇത്തരക്കാര്‍ക്കും നാടണയാനാകൂ.
നേരത്തെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിൽ ആരംഭിച്ച പദ്ധതിയിൽ രജിസ്റ്റർ ചെയ്‌തവരിൽ ഫിലിപ്പൈൻസിലേക്കുള്ള ആദ്യ സംഘം പുറപ്പെട്ടു കഴിഞ്ഞു. കാൽ ലക്ഷത്തിലധികം പേരാണ് ഈ സംവിധാനത്തിൽ രജിസ്‌റ്റർ ചെയ്‌തത്. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും അടുത്ത മാസം ആദ്യ വാരത്തില്‍ സമാന രീതിയില്‍ പൗരന്മാരെ കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."