സി.പി.എമ്മിലെ വിഭാഗീയത ഓര്‍മിപ്പിച്ച് പിണറായി രക്തസാക്ഷി പരിവേഷത്തിന് ശ്രമിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: അഴിമതി ആരോപണം ഉയരുമ്പോള്‍ സി.പി.എമ്മിനകത്തെ പഴയ വിഭാഗീയത ഓര്‍മിപ്പിച്ച് രക്തസാക്ഷി പരിവേഷം ലഭിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിന്‍ ബാധ പിണറായിയെ വീണ്ടും പിടികൂടിയിരിക്കുകയാണ്. ഇഷ്ടമില്ലാത്ത ചോദ്യം വരുമ്പോള്‍ നിലവിളിയുടെ സ്വരമാണ് മുഖ്യമന്ത്രിയില്‍ നിന്ന് ഉയരുന്നത്. സ്പ്രിംഗ്ലര്‍ കരാറില്‍ എല്‍.ഡി.എഫിലും പാര്‍ട്ടിക്കകത്തും അഭിപ്രായവ്യത്യാസമുണ്ട്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ യെച്ചൂരിയോ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റോ എതിര്‍ത്തില്ല. കൊവിഡിന് ശേഷം ചര്‍ച്ച ചെയ്യാമെന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കരുണാകരനോ ഉമ്മന്‍ചാണ്ടിയോ സഹതാപം കിട്ടാന്‍ നോക്കിയിട്ടില്ല. മുഖ്യമന്ത്രി ഗൂഡാലോചനാ സിദ്ധാന്തം രചിക്കാതെ വസ്തുതക്കള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഐ.എ.എസുകാരാനായ ഐ.ടി സെക്രട്ടറി എം.എന്‍ സ്മാരകത്തില്‍ പോയി കാനത്തോട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നത് പ്രതിപക്ഷമല്ല സര്‍ക്കാരാണ്. വ്യക്തിപരമായി അടുപ്പമുള്ള രണ്ടുപേരെ വച്ച് മുഖ്യമന്ത്രി അന്വേഷണം നടത്തുകയാണ്. ഇത് സ്പ്രിംഗ്ലളര്‍ അഴിമതിയെ വൈറ്റ് വാഷ് ചെയ്യാനാണ്.
ഒരു പതിറ്റാണ്ടിലധികാമായി കേരളത്തിലെ സി.പി.എമ്മില്‍ നടന്ന ഉള്‍പാര്‍ട്ടി തര്‍ക്കങ്ങള്‍ ഉയര്‍ത്തി ഇപ്പോഴത്തെ ആരോപണങ്ങള്‍ തെറ്റാണെന്ന് കാണിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ജീവനക്കര്‍, പൊലിസ് ഫയര്‍ ഫോഴ്‌സ്, കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ജീവനക്കാര്‍ എന്നിവരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണം. നികുതി പിരിവിലെ കെടുകാര്യസ്ഥതയും അനാവശ്യ ചെലവുകളുമാണ് കേരളത്തിലെ പ്രതിസന്ധിക്കു കാരണമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."