സമൂഹ അടുക്കളയിലേക്ക് നല്‍കിയ ബീഫ് സി.പി.എം മറിച്ചുവിറ്റെന്ന് ആരോപണം; വിവാദം കൊഴുക്കുന്നു
അന്തിക്കാട്: വറുതിയുടെ വേദനയിലും അലി നല്‍കിയ ബീഫ് അന്തിക്കാട്ടെ സമൂഹ അടുക്കളയില്‍ ഭക്ഷണമായില്ലെന്ന് ആരോപണം. വാടകവീട്ടില്‍ താമസിക്കുന്ന മാംസവില്‍പനക്കാരനായ അലി അപ്പക്കാട് എല്‍.ഡി.എഫ് ഭരിക്കുന്ന അന്തിക്കാട് പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് 20 കിലോഗ്രാം ബീഫാണ് നല്‍കിയത്. ഏറെ പ്രയാസങ്ങള്‍ക്കിടയിലും അലിയുടെ സുമനസ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ അലി നല്‍കിയ ബീഫ് അടുക്കളയില്‍ വെന്തില്ലെന്ന ആരോപണം ശക്തമായി.
ബീഫ് കിട്ടാത്ത കാര്യം പുറത്തായപ്പോള്‍ അതിഥി തൊഴിലാളികള്‍ കഴിക്കാത്തതിനാല്‍ പാകം ചെയ്തില്ലെന്ന മറുപടിയാണ് അധികൃതരില്‍ നിന്ന് ലഭിച്ചത്. എങ്കില്‍ മറ്റുള്ളവര്‍ക്കും കിട്ടിയില്ലല്ലോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി ലഭിച്ചതുമില്ല. അതിനിടയില്‍ ബീഫ് സി.പി.എമ്മുകാര്‍ മറിച്ചുവിറ്റെന്ന വിവരം നാട്ടിലാകെ പരന്നു.
അന്തിക്കാട് പഞ്ചായത്തില്‍ സി.പി.എം- സി.പി.ഐ പോര് രൂക്ഷമാണ്. സമൂഹ അടുക്കള സി.പി.എം സ്വന്തമാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് സി.പി.ഐ സമാന്തര അടുക്കള തുടങ്ങിയിരുന്നു. എന്നാല്‍ മന്ത്രി സുനില്‍കുമാറിന്റെ വസതിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഞ്ഞിവച്ച് പ്രതിഷേധ സമരം നടത്തിയതിനെ തുടര്‍ന്ന് സി.പി.ഐയുടെ ജനകീയ അടുക്കള കലക്ടര്‍ ഇടപെട്ട് പൂട്ടിച്ചിരുന്നു.
സമൂഹ അടുക്കളയിലേക്ക് അലി നല്‍കിയ ബീഫ് മറിച്ചുവിറ്റ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അന്തിക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. സംഭവം കലക്ടര്‍ അന്വേഷിക്കണമെന്നും ബീഫ് മറിച്ചുവില്‍ക്കാന്‍ നേതൃത്വം നല്‍കിയ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നും കമ്മ്യൂണിറ്റി കിച്ചന്‍ കമ്മ്യൂണിസ്റ്റ് കിച്ചനാക്കിയ സി.പി.എം നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സുകേഷ് മൂത്തേടത്ത്, ശ്യാംരാജ്, കിരണ്‍ തോമസ്, സലീഷ് സോളമന്‍, ഷാനു ഷാജഹാന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."