യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: രണ്ടു പേര്‍ പിടിയില്‍
കായംകുളം: സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം കടത്തുന്നുവെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ രണ്ടു പേര്‍ പൊലിസ് പിടിയില്‍.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഇലിപ്പക്കുളം കോട്ടയ്ക്കകത്ത് സുഹൈല്‍ ഹസനാണ്(24) കഴുത്തിന് ആഴത്തില്‍ വെട്ടേറ്റത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെന്ന് കരുതുന്ന കറ്റാനം സ്വദേശി സതീഷ്, മങ്ങാരം സ്വദേശി ഹാഷിം എന്നിവരാണ് പൊലിസ് കസ്റ്റഡിയില്‍ ഉള്ളത്. പിടിയിലായവര്‍ സി.പി.എം പ്രവര്‍ത്തകര്‍ ആണെന്നാണ് സൂചന. സതീഷിനെ കഴിഞ്ഞ ദിവസം രാത്രിയിലും ഹാഷിമിനെ ഇന്നലെ പുലര്‍ച്ചെയോടെയും ആണ് കസ്റ്റഡിയിലെടുത്തത്. രണ്ടു പേരെയും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യുകയാണ്.
ചൊവ്വാഴ്ച രാത്രി കായംകുളം ഗവ.ആശുപത്രിയിലെ ഷെല്‍ട്ടല്‍ ഹോമില്‍ കഞ്ഞിവിതരണം ചെയ്ത് മടങ്ങുമ്പോള്‍ രാത്രി 10.30 ഓടെ മങ്ങാരം ജങ്ഷനു സമീപം വച്ചാണ് സുഹൈലിന് വെട്ടേറ്റത്. സഹപ്രവര്‍ത്തകനായ ഇഖ്ബാല്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു സുഹൈല്‍. വെട്ടേറ്റ സുഹൈലിനെ അതു വഴി വന്ന പൊലിസ് ആണ് കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചത്. പരുക്ക് ഗുരുതരമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. പുലര്‍ച്ചെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സുഹൈല്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. മുഖംമൂടിയിട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണു വെട്ടിയതെന്ന് സുഹൈലിനൊപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ പറഞ്ഞു.
സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കടത്തിക്കൊണ്ടു പോകുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണമാണ് ആക്രമണത്തിനു കാരണം. അക്രമികളെ തിരിച്ചറിയാമെന്നും ഇക്കാര്യം പൊലിസിനെ അറിയിച്ചിട്ടുണ്ടെന്നും ഇഖ്ബാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."