മയ്യിത്ത് നിസ്കരിക്കാന്‍ അനുവദിക്കണം സര്, നൈഹയുടെ പിതാവിന്റെ ആഗ്രഹത്തിന് അനുമതി നല്കി അധികൃതര്‍
കോഴിക്കോട്: ''മകളുടെ മയ്യിത്ത് നിസ്കരിക്കാന്‍ അനുവദിക്കണം. ഞാന്‍ മാത്രമേ വരു... അവസാനമായി അവള്‍ക്ക് വേണ്ടി എനിക്ക് ചെയ്യാനുള്ളത് അത് മാത്രമാണ് സര്'' ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മയ്യിത്ത് ഖബറടക്കാനായി കൊണ്ടു പോകും മുമ്പ് ആശുപത്രി അധികൃതര്‍ സമീപിച്ചപ്പോള്‍ കുട്ടിയുടെ പിതാവ് പറഞ്ഞ വാക്കുകളാണിത്.
പക്ഷെ മെഡിക്കല്‍ കോളജിലെ പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ അധികൃതര്‍ ഇതിന് അനുമതി നല്കാന് തയാറായിരുന്നില്ല. എന്നാല്‍ പിതാവിന് കൊവിഡ് ഫലം നെഗറ്റീവായതിനാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ പ്രത്യേക യോഗം ചേര്‍ന്ന് മയ്യിത്ത് നിസ്കരിക്കാനുള്ള അനുമതി നല്കി. പുലര്‍ച്ചെ നാലു മണിയോടെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നെങ്കിലും ആറുമണിയോടെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കുട്ടിയുടെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയക്കുകയും ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്നെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ശേഷമാണ് മാതാപിതാക്കളെ ഖബറടക്കാന്‍ കൊണ്ടു പോകുന്ന വിവരം അറിയിച്ചത്.
ഈ സമയത്താണ് പിതാവ് മയ്യിത്ത് നിസ്കരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. മാതാവിനോ പിതാവിനോ കുഞ്ഞിനെ അവസാനമായി കാണാന്‍ അനുവദിച്ചിരുന്നില്ല.
മൂന്ന് മണിയോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രത്യേക ആംബുലന്‍സില്‍ മൃതദേഹം കണ്ണംപറമ്പ് ഖബര്സ്ഥാനിലേക്കെത്തിലേക്കെത്തിച്ചു. മറ്റൊരു ആംബുലന്‍സില്‍ സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞ് പിതാവിനെയും ഖബര്‍സ്ഥാനില്‍ എത്തിച്ചു. പിതാവ് മയ്യിത്ത് നിസ്കരിച്ച ശേഷം 3.30 ഓടെ കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്.എസ് ഗോപകുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ വത്സന്, ജൂനിയര്‍ ഹെല്‍ത്ത് ഓഫീസര്‍ ഷമീര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഖബറടക്കി. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പത്തടി താഴ്ചയിലാണ് മയ്യിത്ത് ഖബറടക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."