ആരോഗ്യകേരളം; 84 കാരന് കൊവിഡ് മുക്തി
സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന 84 കാരനെ രക്ഷിച്ച് അപൂര്‍വ്വ നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്.
കണ്ണൂര്‍ കൂത്തുപറമ്പ് മൂരിയാട് അബൂബക്കര്‍ (84) ആണ് രോഗമുക്തി നേടി ഇന്നലെ ആശുപത്രി വിട്ടത്. മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.60 വയസിനു മുകളിലുള്ളവര്‍ ഹൈ റിസ്‌കില്‍പെടുമ്പോഴാണ് മറ്റു ഗുരുതര രോഗമുള്ളയാളെ മെഡിക്കല്‍ കോളജിലെ ആരോഗ്യപ്രവര്‍ത്തകര്‍ രക്ഷിച്ചെടുത്തത്. ന്യൂമോണിയ, ശ്വാസതടസം, ഹൃദയ സ്പന്ദനത്തിന് വ്യതിയാനം, ബോധക്ഷയം, വൃക്ക രോഗം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാല്‍ ഗുരുതരാവസ്ഥയിലായിരുന്ന അബൂബക്കറിന് ഏപ്രില്‍ 11 നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മാര്‍ച്ച് 13ന് ദുബായില്‍നിന്നു വന്ന അബൂബക്കറിന്റെ മകന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയ്ക്ക് വീണ് അബൂബക്കറിന്റെ എല്ലുപൊട്ടി. തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സനേടുകയും ഒടിഞ്ഞ ഭാഗത്ത് കമ്പിയിടുകയും ചെയ്തു. ആശുപത്രി വിട്ട് രണ്ടു ദിവസത്തിന് ശേഷം പനിയാരംഭിച്ചു. അസുഖം മാറാത്തതിനാല്‍ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലേയും കോഴിക്കോടേയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച അന്ന് തന്നെ അബൂബക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ അബൂബക്കറിനെ തുടര്‍ച്ചയായി നിരീക്ഷിച്ചാണ് ചികിത്സ നല്‍കിയത്. പല അപകട ഘട്ടങ്ങളില്‍നിന്നാണ് വിദഗ്ധ സംഘം അബൂബക്കറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. മെഡിക്കല്‍ കോളജ് പിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, സൂപ്രണ്ട് സജിത് കുമാര്‍, മെഡിസിന്‍ വിഭാഗം മേധാവി ഡോ. തുളസീധരന്‍, നോഡല്‍ ഓഫിസര്‍ ഡോ. ഷാജിദ് സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ ഏകോപിപ്പിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."