സര്‍ക്കാരിന്റെ കൊള്ള വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിഞ്ഞു: ചെന്നിത്തല
തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് മറിച്ചുനല്‍കി സര്‍ക്കാര്‍ നടത്തിവന്ന വന്‍കൊള്ള വെളിച്ചത്തുകൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ച്ച് പത്തിന് താന്‍ ഈ വിവരം പുറത്തുകൊണ്ടു വന്നിരുന്നില്ലെങ്കില്‍ കോടികളുടെ ഈ കൊള്ള നിര്‍ബാധം നടക്കുമായിരുന്നു.
ഈ വിവരം പുറത്തുവന്നപ്പോള്‍ പച്ചക്കള്ളമെന്നും കുരുട്ടുബുദ്ധിയുമെന്നൊക്കെ പറഞ്ഞ് തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ മനസിലാകാന്‍ സമയമെടുക്കുമെന്നുപറഞ്ഞ് അപഹസിക്കാനും തയാറായി. എന്നാല്‍, ഹൈക്കോടതി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുകയും കൊള്ള തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് കോടതിവിധി. എന്നിട്ടും തങ്ങള്‍ക്കാണ് വിജയമെന്ന മട്ടില്‍ പ്രതികരിച്ച മുഖ്യമന്ത്രി വീണിടത്തുകിടന്ന് ഉരുളുകയാണ് ചെയ്യുന്നത്.
സ്പിംഗ്ലര്‍ ഇതുവരെ എന്തു സംഭാവനയാണ് കൊവിഡ് പ്രതിരോധത്തിന് നല്‍കിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. വ്യക്തിവിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സി.പി.എം ഇതുവരെ പറഞ്ഞതെല്ലാം തെറ്റായിപ്പോയെന്ന് അവര്‍ തുറന്നുസമ്മതിക്കണം. മുതലാളിത്ത രാജ്യങ്ങളിലെ നിയമങ്ങളാണ് ശക്തമെന്നും നല്ലതെന്നും സി.പി.എം പരസ്യമായി ഏറ്റുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."