ഭീകരവാദമല്ല വിനോദസഞ്ചാരമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി
ഉദംപൂര്‍: ജമ്മുകശ്മിരിലെ യുവാക്കള്‍ തെറ്റായ സന്ദേശങ്ങളിലൂടെ വഴിതെറ്റുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 40 വര്‍ഷത്തെ രക്തച്ചൊരിച്ചിലിലൂടെ എന്തുനേടിയെന്ന് കശ്മിരികള്‍ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദംപൂരില്‍ രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാത ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭീകരവാദത്തിനുപകരം വിനോദസഞ്ചാരത്തെ പ്രോല്‍സാഹിപ്പിക്കാന്‍ യുവാക്കള്‍ തയാറാകണം. കശ്മിരില്‍ ഒരു ഭാഗത്ത് ഭീകരവാദവും മറുഭാഗത്ത് വിനോദസഞ്ചാരവുമാണ് ഇപ്പോഴുള്ളത്. ഇതില്‍ ഏത് വേണമെന്ന് കശ്മിരി യുവാക്കള്‍ തീരുമാനമെടുക്കണം.
കശ്മിര്‍ താഴ്്‌വരയില്‍ തുടരുന്ന അശാന്തിയില്‍ ജീവന്‍നഷ്ടമായത് ആയിരക്കണക്കിന് നിരപരാധികള്‍ക്കാണ്. ഇക്കാലയളവില്‍ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ കശ്മിര്‍ വികസനത്തിന്റെ ഉന്നതിയില്‍ എത്തുമായിരുന്നു.
കശ്മിരിലേക്ക് വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയാല്‍ അത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ആക്കംകൂട്ടും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ചാല്‍ രാജ്യം മുഴുവന്‍ കശ്മിരിനൊപ്പം നില്‍ക്കും-പ്രധാനമന്ത്രി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയി പറഞ്ഞ കശ്മിരിസം, ജനാധിപത്യം, മനുഷ്യത്വം എന്നിവയെ ആവര്‍ത്തിച്ച മോദി ഇത് തങ്ങളുടെ ജീവിതത്തില്‍ മുന്നോട്ടുള്ള നീക്കത്തിന് മുദ്രാവാക്യമായി എല്ലാവരും കാണണമെന്ന് ആവശ്യപ്പെട്ടു.
വികസനത്തിന് വലിയ അവസരങ്ങളാണുള്ളത്. ഇതിന് നിങ്ങള്‍ക്ക് ഒരു തരത്തിലുള്ള തടസങ്ങളും ഉണ്ടാകില്ല. സൂഫിവര്യന്മാരുടെ സാംസ്‌കാരിക പാരമ്പര്യം അവഗണിച്ചാല്‍ വര്‍ത്തമാനകാലം നഷ്ടപ്പെടുമെന്ന് മാത്രമല്ല ഭാവി ഇരുളടയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വയം സംരക്ഷിക്കാന്‍ കഴിയാത്തവര്‍ കശ്മിരിലേക്ക് കണ്ണയക്കുകയാണെന്ന് പാകിസ്താന്റെ പേരെടുത്ത് പറയാതെ അദ്ദേഹം ആരോപിച്ചു. ജമ്മുകശ്മിരിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സജീവമായ പരിഗണനയാണ് നല്‍കുന്നത്. സംസ്ഥാനത്തെ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മോദി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."