ബിവറേജ് സമരം; ആദിവാസികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍
മാനന്തവാടി: താലൂക്കിലെ ആദിവാസി വിഭാഗത്തിന്റെ സമൂലനാശം തടയാനായി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്‌ലറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 430 ദിവസങ്ങളായി ഔട്‌ലറ്റിന് മുന്നില്‍ സമരം നടത്തി വരുന്ന ആദിവാസി വീട്ടമ്മമാരെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലേക്ക് അയച്ച പൊലീസ് നടപടിക്കെതിരെ പ്രതിഷേധമുയരന്നു. സമരകാലത്തിനിടക്ക് നിരവധി തവണ പല പ്രകോപനപരമായ കാരണങ്ങളാലും വീട്ടമ്മമാര്‍ മദ്യഷാപ്പ് ഉപരോധിക്കുകയും പൊലിസെത്തി മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
സമീപ പ്രദേശങ്ങളിലുള്ള നിരവധി ആദിവാസി കോളനികളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം അമിത മദ്യപാനത്തെ തുടര്‍ന്ന് 30ഓളം ആദിവാസി യുവാക്കള്‍ പലവിധത്തില്‍ മരണമടഞ്ഞിരുന്നു. കുടുംബങ്ങളില്‍ ബാലികാ പീഡനമുള്‍പ്പെടെ വര്‍ധിക്കുന്നതിനും അമിതമദ്യപാനം കാരണമാവുന്നതായി കണ്ടെത്തിയിരുന്നു. മുന്‍ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി അടച്ചു പൂട്ടുന്ന മദ്യഷാപ്പുകളുടെ കൂട്ടത്തില്‍ മാനന്തവാടിക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി സമരക്കാര്‍ക്ക് വാക്കാല്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഭരണം മാറിയതോടെ ഈ പ്രതീക്ഷ അവസാനിച്ചെങ്കിലും ആദിവാസി വിഭാഗത്തില്‍ നിന്നു തന്നെയുള്ള ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടാവുമെന്ന് സമരക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍പോലും സമരക്കാരെ കാണുവാനോ ചര്‍ച്ചനടത്താനോ എം.എല്‍.എയോ നഗരസഭാ ചെയര്‍മാനോ തയാറായിട്ടില്ല.
രണ്ടുമാസം മുന്‍പ് ഉപരോധസമരവും ആത്മഹത്യ ഭീഷണിയും സമരക്കാര്‍ നടത്തിയപ്പോള്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇതും നടന്നില്ല. മുന്‍ ജില്ലാ കലക്ടര്‍ ഷാപ്പ് അടക്കാന്‍ ഉത്തരവിട്ടപ്പോഴും സര്‍ക്കാരിന്റെ ഭാഗമായിക്കൊണ്ടുള്ള ബിവറേജസ് ഇതിനെതിരെ സ്‌റ്റേ സമ്പാദിച്ചു.
നിലവില്‍ ഔട്‌ലറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം നിത്യവുമെത്തുന്ന 5000ത്തോളം ഉപഭോക്താക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണെന്നും സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റണമെന്നും കെട്ടിടവിഭാഗം എന്‍ജിനിയര്‍ നല്‍കിയ റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെയാണ് നഗരസഭ ലൈസന്‍സ് പുതുക്കി നല്‍കിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വള്ളിയൂര്‍ക്കാവ് റോഡിലെ ഔട്‌ലറ്റ് ഉള്‍പ്പെടാതിരിക്കാനായി സംസ്ഥാന ഹൈവേയുടെ പഴയ മാപ്പുപയോഗിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു സമരക്കാര്‍ കൂടുതല്‍ പേരെത്തി ഞായറാഴ്ച ഉപരോധം നടത്തിയത്്. ഇതില്‍പ്പെട്ട പത്ത് പേരെയാണ് ജയിലിലടച്ചത്. ഇതില്‍ ഒരാളൊഴികെയുള്ളവരെല്ലാം ആദിവാസി വിഭാഗത്തില്‍പെട്ടവരാണ്. 23 വയസ്സ് പ്രായമുള്ള കട്ടയാട് പിള്ളേരി കോളനിയിലെ കമല തന്റെ രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെയും വിട്ടാണ് ജയിലില്‍ കഴിയുന്നത്.
72 വയസ്സുള്ള മാക്കമ്മ ഉള്‍പ്പെടെ മൂന്നു പേര്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള വൃദ്ധകളാണ്. ഇവരോട് സര്‍ക്കാരും പൊലിസും കാട്ടിയത് കനത്ത നീതിനിഷേധമാണെന്ന് വൈത്തിരി ജയിലില്‍ കഴിയുന്ന സമരക്കാരെ സന്ദര്‍ശിച്ച ഡി.സി.സി പ്രസിഡന്റും എം.എല്‍.എയുമായ ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു. സമരത്തില്‍ കാഴ്ചക്കാരനായി നിന്ന ആള്‍ക്കെതിരെ പോലും പൊലിസ് കേസെടുത്തത് നിയമവിരുദ്ധമാണെന്ന് ആദിവാസി ഫോറം താലൂക്ക് പ്രസിഡന്റും സമരസമിതി കണ്‍വീനറുമായ രാജഗോപാലന്‍ കുറ്റപ്പെടുത്തി. പൊലിസ് നടപടി കൊണ്ട് സമരത്തെ നിര്‍വീര്യമാക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കി. മദ്യ ഷാപ്പ് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് രാവിലെ മുതല്‍ ഔട്‌ലറ്റിന് മുന്നില്‍ ഗാന്ധിദര്‍ശന്‍ വേദി പ്രവര്‍ത്തകരായ അമ്പതോളം പേര്‍ ഉപവസിക്കുമെന്ന് പ്രസിഡന്റ് ഫാദര്‍ മാത്യു കാട്ടറത്ത് അറിയിച്ചു.
ജനകീയ സമരങ്ങളെ കൈയൂക്ക് കൊണ്ട് നേരിടുന്ന അധികൃതര്‍
കല്‍പ്പറ്റ: സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും മദ്യശാലകള്‍ക്കെതിരെ പൊതുസമൂഹം സമരത്തിനിറങ്ങുന്നതും പൂട്ടിക്കുന്നതും ഇന്ന് നിത്യസംഭവമാണ്. എന്നാല്‍ കഴിഞ്ഞ 430 ദിവസം രാജ്യത്തെ പിന്നാക്ക വിഭാഗക്കാരായ ആദിവാസി വിഭാഗത്തിലെ അമ്മമാര്‍ ഒരു ബിവറേജ് ഔട്‌ലെറ്റിന് മുന്നില്‍ സമരം നടത്തിയിട്ടും ഈ ഔട്‌ലെറ്റിന് മാത്രം പൂട്ട് വീണില്ല.
മാത്രമല്ല പൂര്‍വാധികം ശക്തിയോടെ ഈ ഔട്‌ലെറ്റ് ഈ അമ്മമാര്‍ക്ക് മുന്നില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. തങ്ങളുടെ കുലത്തിനെ സര്‍വനാശത്തിലേക്ക് തള്ളിവിടുന്ന മദ്യത്തിനെതിരെ ഈ അമ്മമാര്‍ ആരംഭിച്ച സമരത്തിന് പൊതു സമൂഹത്തില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചെങ്കിലും അധികൃതര്‍ ഇതിന് കണ്ടില്ലെന്ന മട്ടില്‍ നില്‍പാണ്. മറ്റിടങ്ങളിലെല്ലാം മദ്യശാലകള്‍ ജില്ലയില്‍ തന്നെ പൊതുജന പ്രക്ഷോപത്തെ തുടര്‍ന്ന് താഴ് വീണിട്ടുണ്ട്. കല്‍പ്പറ്റ, കാവുമന്ദം തുടങ്ങി നിരവധിയിടങ്ങളിലാണ് ഇത്തരത്തില്‍ മദ്യശാലകള്‍ പൂട്ടിയത്.
എന്നാല്‍ 430 ദിവസം പിന്നിട്ടിട്ടും ആദിവാസി അമ്മമാര്‍ നടത്തിയ പോരാട്ടത്തിന് അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല കഴിഞ്ഞ ദിവസം ഔട്‌ലെറ്റ് ഉപരോധിച്ച അമ്മമാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലടക്കുകയും ചെയ്തു.
സാമൂഹ്യ ദ്രോഹികള്‍ വരെ നാട്ടില്‍ നെഞ്ച് വിരിച്ച് നടക്കുമ്പോഴാണ് നേരിന് വേണ്ടി സമരരംഗത്തിറിങ്ങിയ ഈ അമ്മമാര്‍ക്കെതിരെ അധികൃതരുടെ കിരാത നടപടി. സമരത്തിന് പിന്തുണ നല്‍കിയ വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരെയും ബിവറേജ് അധികൃതര്‍ നിയമനടപടി കൈകൊണ്ടിരുന്നു. ആളുകളെ കുടിപ്പിച്ച് ഇല്ലാതാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മാനന്തവാടിയിലെ ബിവറേജ് അധികൃതര്‍.
പുഴമുടിയിലെ മമദ്യശാല; മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: കല്‍പ്പറ്റ ഗവ. കോളജിന് സമീപത്ത് മദ്യശാല പ്രവര്‍ത്തനം ആരംഭിച്ചതില്‍ പ്രതിഷേധിച്ച് ഗവ: കോളജ് എം.എസ്.എഫ്, കെ.എസ്.യു പ്രവര്‍ത്തകര്‍ ബിവറേജ് ഔട്ട്‌ലെറ്റിലേക്ക് മാര്‍ച്ച് നടത്തി.
വൈത്തിരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റാണ് കല്‍പ്പറ്റ ഗവ: കോളജിനോട് ചേര്‍ന്നുള്ള പുഴമുടിയിലേക്ക് കഴിഞ്ഞദിവസം മാറ്റിയത്.
ഗവ: കോളജും ക്രിസ്തുരാജ പബ്ലിക് സ്‌കൂളും പ്രവര്‍ത്തിക്കുന്ന ഇവിടം മദ്യ കച്ചവട കേന്ദ്രമാക്കി മാറ്റിയാല്‍ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ക്ഷണിച്ച് വരുത്തലായി അത് മാറുമെന്ന് മാര്‍ച്ച് മുന്നറിയിപ്പ് നല്‍കി. അനുകൂലമായ ഉത്തരവ് ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും. യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് സാലി റാട്ടകൊല്ലി ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ജിഷാം, ജനറല്‍ സെക്രട്ടറി ഒ.എസ് സൂരജ്, കെ. എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി നിഖില്‍ തോമസ്, ഷമീര്‍ ഒടുവില്‍, ഇ.എച്ച് മുബഷിര്‍, വിഷ്ണു ഭാസ്‌കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."