കരിപ്പൂര്‍ വിമാനത്താവളത്തിനെതിരായ നീക്കം ചെറുത്തുതോല്‍പ്പിക്കും: ഇ.ടി
ന്യൂഡല്‍ഹി: കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകുവിരിയിച്ച കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള നീക്കം ചെറുത്തുതോല്‍പ്പിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനെ ഡല്‍ഹി ജന്തര്‍മന്ദിറില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കിയ പ്രവാസി ഇന്ത്യക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനു ബാധ്യതയുണ്ട്. ലഖ്‌നൗ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിച്ചിരുന്ന ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍നിന്ന് കൊച്ചിയിലേക്ക് മാറ്റിയത് സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യമാകെ ശ്രദ്ധിക്കുന്ന മലപ്പുറം ഉപതെരഞ്ഞടുപ്പ് ചൂടിനിടയിലും സമരവുമായി മുന്നോട്ടുപോവുന്നത് പ്രശ്‌നത്തെ പാര്‍ട്ടി എത്ര ഗൗരവമായാണ് കാണുന്നതെന്നതിനു തെളിവാണെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമരത്തെ അവഗണിച്ചാല്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രാജ്യം സാക്ഷിയാവുമെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപണികളുടെ പേരുപറഞ്ഞ് നിര്‍ത്തിവച്ച വിമാന സര്‍വിസുകള്‍ പുനഃസ്ഥാപിക്കാന്‍ തയാറാവാതെ നീട്ടിക്കൊണ്ട് പോയി ക്രമേണ വിമാനത്താവളത്തെ ഇല്ലാതാക്കാനുമുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. രാവിലെ 10ന് മണ്ടി ഹൗസ് മെട്രോ സ്റ്റേഷന്‍ പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
യൂത്ത് ലീഗ് സംസ്ഥാന ഖജാഞ്ചി എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അശ്‌റഫലി, യൂത്ത് ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെകട്ടറി സി.കെ സുബൈര്‍, കെ.എം.സി.സി ഡല്‍ഹി ഘടകം അധ്യക്ഷന്‍ അഡ്വ. ഹാരിസ് ബീരാന്‍, യൂത്ത് ലീഗ് നേതാക്കളായ അഡ്വ. സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മാഈല്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."