പമ്പാ പാത നിര്‍മാണത്തില്‍ അഴിമതി ആരോപണം
തുറവൂര്‍: പമ്പാ പാതയിലെ പള്ളിത്തോട് - ചാവടി, തുറവൂര്‍ - തൈക്കാട്ടുശേരി, മാക്കേകവല -മാക്കേകടവ് റോഡ് പുനര്‍നിര്‍മാണത്തില്‍ അപാകതയും അഴിമതിയും നടന്നെന്ന് ആരോപണം ഉയരുന്നു. ചേര്‍ത്തല പൊതു നിരത്ത് വിഭാഗം സബ്ഡിവിഷന്റെ കീഴില്‍ പള്ളിത്തോട് മുതല്‍ ചാവടി വരെയും തുറവൂര്‍ ദേശീയപാത മുതല്‍ തൈക്കാട്ടുശേരി വരെയും മാക്കേകവല മുതല്‍ മാക്കേക്കടവ് വരെയും പത്ത് കോടി രൂപ മുതല്‍ മുടക്കില്‍ പത്ത് കിലോമീറ്റര്‍ നീളത്തില്‍ അഞ്ചര മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മിച്ച റോഡില്‍ അഴിമതിയും അപാകതയും നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
നിലവിലുള്ള റോഡ് പൊളിച്ച് ടാറും മെറ്റിലും വേര്‍തിരിച്ച് പഴയ റോഡില്‍ തന്നെ നിരത്തി കോണ്‍ക്രീറ്റ് മിശ്രിതവും അസംസ്‌കൃത വസ്തുക്കളും ചേര്‍ത്ത് കൂട്ടി ഇതിന്‍മേല്‍ വിരിക്കണം. തുടര്‍ന്ന് മുക്കാല്‍ ഇഞ്ച് മെറ്റിലും ടാറും ചേര്‍ത്ത് മിക്‌സ് ചെയ്തു യന്ത്രസഹായത്തോടെ വിരിച്ചതിനുശേഷമാണ് അരയിഞ്ച് മെറ്റിലും വിരിച്ച് അതിനുശേഷം ബേബി മെറ്റില്‍ ടാറുമായി മിക്‌സ് ചെയ്ത് ആണ് റോഡ് പണി നടത്തേണ്ടത്. എന്നാല്‍ പലയിടത്തും റോഡ് പൊളിച്ചിട്ടില്ല. മാക്കേ കടവില്‍നിന്നും നൂറു മീറ്റര്‍ പടിഞ്ഞാറോട്ടുമാറിയാണ് ബേബി മെറ്റില്‍ വിരിച്ചുപോന്നത്. തൈക്കാട്ടുശേരി പാലത്തിന്റെ അപ്രോച്ച് റോഡ് ചതുപ്പായതിനാല്‍ മുന്‍കൂട്ടി കണ്ട് അത്യാധുനിക സൗകര്യത്തോടുകൂടി കൂടുതല്‍ മെറ്റിലിട്ട് നികത്തേണ്ടതാണ്.
ഇരുകരയിലേയും അപ്രോച്ച് റോഡ് അരയടിയോളം താഴ്ന്നാണ് നില്‍ക്കുന്നത്. ഇവിടെ ടാറിങ് നടന്നിട്ടില്ല. പടിഞ്ഞാറെ സൈഡിലുള്ള കലിങ്കിനു മേലും ടാറിംഗ് ഉയര്‍ത്തി ചെയ്യേണ്ടതാണ്. തുറവൂര്‍ - തൈക്കാട്ടുശേരി പാലത്തിനും പടിഞ്ഞാറുവശം തുറവൂര്‍കവല വരെ അഞ്ചര മീറ്റര്‍ റോഡിന് വീതിയില്ല. പല സ്ഥലങ്ങളിലും കൈയേറ്റങ്ങള്‍ നടത്തിയിരിക്കുകയാണ്. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാനോ സ്ഥലം ആവശ്യമുണ്ടെങ്കില്‍ അക്വാര്‍ ചെയ്യുവാനോ പൊതുനിരത്ത് വിഭാഗം ഉദ്യോഗസ്ഥന്മാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. തുറവൂര്‍ പോസ്റ്റാഫീസിന് കിഴക്ക് ഭാഗത്തുള്ള അഞ്ച് വ്യാപാര സ്ഥാപനങ്ങള്‍ റോഡ് സ്ഥലം കൈയേറി കെട്ടിടം നിര്‍മിച്ചിരിക്കുകയാണ്. ഇതുമൂലം കാനയുടെ പണി സ്തംഭിച്ചുകിടക്കുകയാണ്. അനധികൃതമായി റോഡ് കൈയേറി നിര്‍മിച്ചിരിക്കുന്ന ഈ കടമുറികള്‍ പൊളിച്ചുനീക്കുവാന്‍ പൊതുനിരത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതില്‍ നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.
കോഴ വാങ്ങി ഉദ്യോഗസ്ഥര്‍ ഇവരെ സംരക്ഷിക്കുന്നതായും ആരോപണമുണ്ട്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ യാത്രക്കാര്‍ക്ക് അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യത ഏറെയുണ്ട്. തുറവൂര്‍കവലയില്‍ കിഴക്കോട്ട് റോഡിലേക്ക് കയറി വടക്കേ സൈഡില്‍ തെങ്ങ്, ഇലക്ട്രിക്കല്‍ പോസ്റ്റുകള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍ത്തിയാണ് ടാറിംഗ് ചെയ്തിരിക്കുന്നത്. ഇരു സൈഡിലും കാന പണിതിട്ടുണ്ടെങ്കിലും ഇത് പല സ്ഥലത്തും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം റോഡിന് വീതി കുറഞ്ഞു. കാല്‍നടക്കാര്‍ക്ക് യാത്ര ചെയ്യാന്‍ ഫുട്പാത്തില്ലാത്ത സ്ഥിതിയിലാണ്. കാനക്ക് പഴയ സ്ലാബുകളാണ് പലയിടത്തും ഇട്ടിരിക്കുന്നത്. പ്രതിയ സ്ലാബുകള്‍ സ്ഥാപിക്കേണ്ടതും റോഡ് പൊക്കേണ്ടതുമായിരുന്നു. ഇതൊന്നും ചെയ്തിട്ടില്ല.
ഇവിടെ നിര്‍മിച്ച കലിങ്ക് റോഡിലേക്ക് തള്ളിനില്‍ക്കുന്നതിനാല്‍ വീതി കുറവാണ്. പിറകോട്ട് റോഡ് സൈഡിലേക്ക് മാറ്റി പരമാവധി വീതി വര്‍ദ്ധിപ്പിക്കേണ്ടതായിരുന്നു. മഴയുള്ള സമയത്താണ് റോഡ് ടാറിങ് നടത്തിയത്. ഇത് റോഡിന് ഉറപ്പ് കുറയാന്‍ കാരണമാകും. ഷെഡ്യൂള്‍ പരിശോധിച്ച് ആലപ്പുഴ ജില്ലയ്ക്ക് പുറത്തുള്ള വിദഗ്ഥരെക്കൊണ്ട് റോഡ് നിര്‍മാണത്തിലെ അപാകതകള്‍ പരിശോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഖജനാവിന് വന്‍ തുക നഷ്ടമാകാന്‍ സാധ്യതയുള്ളതിനാല്‍ കരാറുകാരന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ബില്ല് മാറ്റിയെടുക്കുവാന്‍ സാധ്യതയുള്ളതിനാലും വിശദമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ വിജിലിന്‍സ് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."