പച്ചക്കൊളുന്ത് ഉല്‍പാദനം കുത്തനെ കുറഞ്ഞു; ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയില്‍
കട്ടപ്പന: വേനല്‍ രൂക്ഷമായതോടെ പച്ചക്കൊളുന്ത് ഉല്‍പാദനം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നു നൂറുകണക്കിനു ചെറുകിട തേയില കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലേക്ക്. പ്രവര്‍ത്തനം നഷ്ടത്തിലായതോടെ ചിലയിടങ്ങളില്‍ ചെറുകിട തേയില ഫാക്ടറികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. തേയില കൃഷി പ്രധാനവരുമാന മാര്‍ഗമായിരുന്ന കര്‍ഷകരാണ് ഉല്‍പാദനം കുറഞ്ഞതോടെ കടുത്ത ബുദ്ധിമുട്ടിലേക്ക് എത്തിയിരിക്കുന്നത്.
രണ്ടാഴ്ചയില്‍ ഒരിക്കല്‍ കൊളുന്തു നുള്ളിയെടുത്തു ഉപജീവനം കഴിഞ്ഞവര്‍ക്കു മാസത്തിലൊരിക്കല്‍പോലും പച്ചക്കൊളുന്തു ലഭിക്കുന്നില്ല. വരുമാനം നിലച്ചതോടെ കുടുംബ ബജറ്റുകള്‍ താളം തെറ്റിയതിനൊപ്പം ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് എടുത്ത വായ്പകള്‍ അടയ്ക്കാനോ ഇവ പുതുക്കിവയ്ക്കാനോ കഴിയാതെ കര്‍ഷകര്‍ കുഴങ്ങുകയാണ്. ഉല്‍പാദനം പാടെ കുറഞ്ഞതോടെ കൊളുന്തുവിലയാകട്ടെ ഗണ്യമായി ഉയര്‍ന്നു.
കിലോയ്ക്ക് 20 മുതല്‍ 23 രൂപ വരെ ഇപ്പോള്‍ ലഭ്യമാണ്. ദിവസേന 2000 കിലോഗ്രാം കൊളുന്ത് എത്തിയിരുന്ന ഫാക്ടറികളില്‍ ഇപ്പോള്‍ 300 കിലോഗ്രാം പോലും എത്തുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ചായപ്പൊടി ഉല്‍പാദനത്തിനായി ഫാക്ടറികള്‍ പ്രവര്‍ത്തിച്ചാല്‍ കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് അടച്ചിടേണ്ടിവന്നിരിക്കുന്നത്. പക്ഷേ കമ്പോളത്തില്‍ ചായപ്പൊടിയുടെ വില ഉയര്‍ന്നു കൊണ്ടിരിക്കുകയുമാണ്. വേനല്‍ ഇനിയും കടുക്കുന്നപക്ഷം ഉല്‍പാദന ഭീഷണിക്കു പുറമെ രോഗബാധയും ചെടികള്‍ക്കു കരിച്ചിലും ഉണ്ടാകുമോയെന്ന ആശങ്കയിലാണു കര്‍ഷകര്‍.
പ്രതിസന്ധിയിലേക്കു നീങ്ങിയിരിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും ടീ ബോര്‍ഡും തയാറാവണമെന്ന ആവശ്യവുമുണ്ട്. വായ്പകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണു കര്‍ഷകരുടെ പ്രധാന ആവശ്യം. നിലവില്‍ വായ്പ കുടിശികയുടെ പേരില്‍ ധനകാര്യ സ്ഥാപനങ്ങള്‍ നോട്ടിസുകള്‍ അയച്ചുതുടങ്ങിയതും കര്‍ഷകരെ തളര്‍ത്തിയിട്ടുണ്ട്.
പച്ചക്കൊളുന്തു വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ വന്‍കിട തേയിലത്തോട്ടങ്ങളില്‍ കൊളുന്തെടുപ്പു ജോലികള്‍ നിര്‍ത്തിവച്ചുതുടങ്ങി. നുള്ളിയെടുക്കാന്‍ പച്ചക്കൊളുന്തു തീര്‍ത്തും ലഭ്യമല്ലാതായതോടെയാണ് എസ്റ്റേറ്റുകളില്‍ കൊളുന്തെടുപ്പു ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മാനേജുമെന്റുകള്‍ തീരുമാനിച്ചിരിക്കുന്നത്.
കൊളുന്തെടുപ്പു ജോലികള്‍ക്കു നിയോഗിച്ചിരുന്ന സ്ത്രീ തൊഴിലാളികളെ മറ്റു ജോലികള്‍ക്കു നിയോഗിച്ചു. നിലവിലെ സാഹചര്യം തുടരുന്നപക്ഷം തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്ന നിലപാടിലാണ് അധികൃതര്‍ നീങ്ങുന്നത്.
ചിലയിടങ്ങളില്‍ തേയിലച്ചെടികള്‍ വേനല്‍ച്ചൂടില്‍ കരിഞ്ഞ് ഉണങ്ങിയിട്ടുണ്ട്. കൊളുന്തുനുള്ളല്‍ ജോലിക്കു നിയോഗിക്കുന്നവര്‍ക്കു പ്രതിദിന ശമ്പളം നല്‍കേണ്ട തുകയ്ക്കുള്ള കൊളുന്തുപോലും ഇപ്പോള്‍ ലഭിക്കുന്നില്ല. ചില ഫാക്ടറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനുശേഷം പുറത്തു കൊളുന്തു നല്‍കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."