യാത്രക്കാര്‍ക്ക് ദുരിതമായി വെള്ളക്കെട്ട്
പൂക്കോട്ടുംപാടം: ചെട്ടിപ്പാടം ടി.കെ കോളനി റോഡിലെ വീട്ടിക്കുന്ന് ഭാഗത്തെ വെള്ളക്കെട്ട് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രകാര്‍ക്കും ദുരിതമാകുന്നു. അമരമ്പലം പഞ്ചായത്തിലെ കൃഷിഭവന്, വൈദ്യുതി ഓഫീസ്, ഹാഡ പച്ചക്കറി വിപണി, പ്രതീക്ഷ വിശേഷ വിദ്യാലയം എന്നിവയെല്ലാം ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. പല ആവശ്യങ്ങള്‍ക്കായി ഇവിടെ വരുന്ന പൊതു ജനങ്ങള്‍ക്ക് ഈ വെള്ളക്കെട്ട് നീന്തിക്കടന്നു വേണം ഓഫീസുകളിലേക്കെത്താന്. മാത്രമല്ല പൂക്കോട്ടുംപാടം ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പായമ്പാടം എല്‍.പി സ്കൂള്‍ കുട്ടികളും, സമീപത്തെ മറ്റു സ്വകാര്യ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും വെള്ളക്കെട്ട് മറികടന്നു വേണം സ്കൂളിലെത്താന്‍. വിനോദ സഞ്ചാര കേന്ദ്രമായ ടി.കെ കോളനിയിലേക്കുള്ള വിനോദ സഞ്ചാരികളും ഇതുവഴിയാണ് കടന്നു പോകുന്നത്.
അശാസ്ത്രീയമായ നിര്‍മാണപ്രവൃത്തികളാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം. റോഡിലെ വെള്ളക്കെട്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു പല രാഷ്ട്രീയ സംഘടനകളും സമരം ചെയ്തിരുന്നു.എന്നാല്‍ അന്നൊക്കെ താല്‍ക്കാലിക പരിഹാരംകണ്ടു പിരിയുകയാണ് പതിവ്. മഴക്കാലം വന്നതോടെ പ്രശ്നം വീണ്ടും രൂക്ഷമാണ്. എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."