മഹല്ല് ഫെഡറേഷന് ദേശീയ പ്രതിനിധി സമ്മേളനം: രജിസ്ട്രേഷന് ആരംഭിച്ചു
തൃശൂര്‍: ഏപ്രില്‍ 26,27 തിയതികളില്‍ തൃശൂര്‍ ദേശമംഗലം വാദിഖുബായില് നടക്കുന്ന സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് ദേശീയ പ്രതിനിധി സമ്മേളനത്തിനായി മഹല്ലുകളില്‍ നിന്നുള്ള രജിസ്ട്രേഷന് ആരംഭിച്ചു. എസ്.എം.എഫില്‍ രജിസ്റ്റര്‍ ചെയ്ത ഓരോ മഹല്ലില്‍ നിന്നും ഖത്വീബുമാര്‍ ഉള്‍പ്പെടെ അഞ്ച് പ്രതിനിധികളാണ് പങ്കെടുക്കേണ്ടത്. ഏപ്രില്‍ അഞ്ചിന് മുന്‍പ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കും.
ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജ് കാംപസില്‍ നടക്കുന്ന സമ്മേളനത്തില്‍ പതിനയ്യായിരത്തോളം പ്രതിനിധികള്‍ സംബന്ധിക്കും.
രണ്ടുദിവസത്തെ ക്യാംപിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായി തൃശൂര്‍ ജില്ലാ സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. സ്വാഗതസംഘം ഓഫിസ് ഏപ്രില്‍ ആറിന് മൂന്നുമണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പട്ടാമ്പിയില്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി എല്ലാ ജില്ലകളിലും ഖത്വീബുമാരുടെ സംഗമം നടത്തി ജില്ലാതല ജംഇയ്യത്തുല്‍ ഖുത്വബാ രൂപീകരിച്ചു. ഏപ്രില്‍ 13 ന് രാവിലെ പത്തുമണിക്ക് കോഴിക്കോട് ടാഗോര്‍ ഹാളില്‍ സംസ്ഥാനതല ഖുത്വബാ സംഗമം നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് സംബന്ധിക്കും. പരിപാടിയില്‍ ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റി രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."