വോട്ടര്‍മാരോടും ഭരണഘടനയോടുമുള്ള വെല്ലുവിളി
ഇന്ത്യയുടെ ബഹുകക്ഷി പാര്‍ല്ലമെന്ററി സമ്പ്രദായത്തില്‍ സ്ഥിരതയുള്ള മുന്നണി ഭരണ മാതൃകയും, കാലോചിതമായ നിയമനിര്‍മ്മാണങ്ങളും, വിഷയാധിഷ്ഠിത തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളുമെല്ലാം ജനാധിപത്യ കേരളത്തിന്റെ സംഭാവനകളാണ്.കൊലപാതക രാഷ്ട്രീയീ മാത്രമായിരുന്നു അതിനൊരപവാദം.
കേരള ജനതയോട് ഒരു പക്ഷെ ഭരണഘടനയോട് തന്നെ കാണിച്ച ഏറ്റവും വലിയ നിന്ദയാണ് ജോസ് കെ മാണിയുടെ രാജ്യ സഭയിലെ സ്ഥാനാര്‍ത്ഥിത്വം.നിയമസഭാംഗങ്ങള്‍ പാര്‍ല്ലമെന്റിലേക്ക് മല്‍സരിക്കാറുണ്ടെങ്കിലും, അതുമല്ലെങ്കില്‍ പാര്‍ല്ലമെന്റംഗങ്ങള്‍ പ്രത്യേക സാഹചര്യങ്ങളില്‍ (പണ്ട് സി.അച്യുത മേനോന്‍ കേരള മുഖ്യമന്ത്രിയാകാന്‍, അടുത്ത് യോഗി ആദിത്യനാഥ് ഡജ മുഖ്യമന്ത്രിയാകാന്‍ )മല്‍സരിക്കാറുണ്ടെങ്കിലും ഞാനാദ്യമായാണ് ഒരു പാര്‍ല്ലമെന്റംഗം കാലാവധി ബാക്കിയിരിക്ക രാജിവെച്ച് ലോകസഭയില്‍ നിന്ന്രാജ്യസഭയിലേക്ക് പോകുന്നത് കാണുന്നത്. കോട്ടയം പാര്‍ലിമെന്റംഗം എന്ന നിലയില്‍ ഭരണഘടനയോട് നിര്‍വ്യാജമായുള്ള കൂറും സത്യസന്ധതയും പുലര്‍ത്തുമെന്ന് സത്യപ്രതിഞ്ജ ചെയ്ത മാന്യദേഹം ഭരണഘടനയോടുള്ള കൂറും തനിക്ക് വോട്ടു ചെയ്ത വോട്ടര്‍മാരോടുള്ള ആത്മാര്‍ത്ഥതയും കാണിച്ചിരിക്കുന്നു. ജനങ്ങളെ നടുക്കടലിലാക്കി കപ്പിത്താന്‍ മുങ്ങിയിരിക്കുന്നു.ഇനി 11 മാസം കോട്ടയത്തെ ജനങ്ങള്‍ക്ക് ഒരു എം.പിയില്ല. കഴിഞ്ഞ നാല് വര്‍ഷം തങ്ങള്‍ക്കൊരു പ്രതിനിധിയുണ്ടായതായി ജനങ്ങള്‍ക്ക് തോന്നിയിരുന്നൊ എന്നത് മറ്റൊരു കാര്യം ,എങ്കിലും ഔദ്യോഗിമായി ഒരാള്‍ ഉണ്ടായിരുന്നു. ജോസ് കെമാണിയും കേരള കോണ്‍ഗ്രസും കാണിച്ചതിന് കാലം മാപ്പു തരില്ല. 60 വര്‍ഷം പിന്നിടുന്ന രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായി ഈ സംഭവം രേഖപ്പെടുത്തപ്പെടും. 'അധികാരം മനുഷ്യനെ ധുഷിപ്പിക്കും കൂടുതലധികാരം മനുഷ്യനെ കൂടുതല്‍ ധുഷിപ്പിക്കും ' എന്ന ലോര്‍ഡ് ആക്ടണിന്റ വരികള്‍ ഇവിടെ പ്രസക്തമാകുന്നു.
രൂപം കൊണ്ടന്നു മുതല്‍ കേരള കോണ്‍ഗ്രസ്അധികാരമോഹം മാത്രമുള്ള പാര്‍ട്ടയാണെന്ന് പകല്‍ യാഥാര്‍ത്ഥ്യവും ,കാലം തെളിയിച്ചതുമാണ്. ഭരണഘടന മൂല്യങ്ങള്‍ക്കു വേണ്ടി ദേശീയതലത്തില്‍ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് ഭരണഘടന മൂല്യങ്ങളെ കുരുതി കൊടുക്കാന്‍ കൂട്ട് നിന്നിരിക്കുന്നു. അവകാശപ്പെട്ട ഷുവര്‍ സീറ്റ് മുന്നണിയോട് മൊഴി ചൊല്ലി പോയ കേരള കോണ്‍ഗ്രസിനു വിട്ടു കൊടുത്തത് പാര്‍ട്ടിഗ്രാമങ്ങളിലുള്‍പ്പെടെ തല്ലും കുത്തും ,സഹിച്ചും നായികുരണ പൊടിയെ അതിജീവിച്ചും പ്രവര്‍ത്തിക്കുന്ന ലക്ഷകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള വിശ്വാസ വഞ്ചനയായിരുന്നു. പ്രവര്‍ത്തകവികാരം എതിരായി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ പെരുവഴിയിലാക്കി ലോകസഭയില്‍ നിന്ന് മാറി സിറ്റിംഗ് എം പിയായ ജോസ് കെ മാണി രാജ്യസഭയിലേക്ക് മല്‍സരിക്കുമ്പോള്‍ 'വിശാല ' യു ഡി എഫിനും അതിനു നേതൃത്വം നല്‍കുന്നകോണ്‍ഗ്രസ്സിനും ജനവികാരം കൂടി എതിരാകുമെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടാകില്ല. അതങ്ങനെ സംഭവിച്ചില്ലെങ്കില്‍ ജനങ്ങള്‍ വിണ്ഡികള്‍ ആയി മാറും.ഈ കൈവിട്ട കളിയില്‍ സിറ്റിംഗ് എം പി യല്ലാതൊരാള്‍ മല്‍സരിക്കണമെന്ന കണ്ടീഷണെങ്കിലും കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും വെക്കാമായിരുന്നു. നിയമസഭയില്‍ ജോസ് കെ മാണിക്കു രേഖപ്പെടുത്തുന്ന ഓരോ വോട്ടും ജനാധിപത്യത്തിനു നേരെയുള്ള ,ഭരണഘടനയ്ക്കു നേരെയുള്ള ഓരോ അസ്ത്ര ശരങ്ങളാണ്. മക്കളുടെ നല്ല ഭാവി ആഗ്രഹിച്ചു കഷ്ടപ്പെടുന്ന രക്ഷിതാക്കളെ നല്ല രക്ഷിതാവായി നല്ല യച്ചനായി കാണുന്നവരാണ് നാം. സ്വന്തം മകന്റെ ഭാവിക്കു വേണ്ടി കഷ്ടപ്പെടുന്ന കെ.എം മാണി നല്ല അച്ഛന്‍ തന്നെയെന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇങ്ങനെയൊരു അച്ഛനെ കിട്ടിയതില്‍ ജോസ് കെ മാണി ഭാഗ്യവാനാണ്. മുന്‍ ജന്‍മ സുകൃതം അല്ലാതെന്തു പറയാന്‍.
രാഷ്ട്രീയപരമായി കോണ്‍ഗ്രസ്സിനു പ്രത്യേകിച്ച് യാതൊരുവിധ നേട്ടവും ഇത് കൊണ്ട് ഉണ്ടാകുമെന്ന് കരുതുന്നില്ല. പാര്‍ട്ടിയെന്നാല്‍ നേതൃത്വവും പ്രവര്‍ത്തകരുമാണ്.പൊതുവെ സംഘടന സംവിധാനം ദുര്‍ബലമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഒന്നടങ്കം തെരുവിലിറങ്ങിയും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്. മാത്രമല്ല വി.ടി ബല്‍റാമും , അനില്‍ അക്കരയുള്‍പ്പെട്ട യുവ എം ല്‍ എ മാരും വി എം സുധീരന്‍, കെ.മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പ്രതിഷേധ സ്വരം ഉയര്‍ത്തി കഴിഞ്ഞു. സ്വന്തം നേതാക്കളയും, അണികളെയും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത പാര്‍ട്ടിക്ക് എങ്ങനെയാണ് പൊതുജനത്തെ ഈ തീരുമാനത്തെ ബോധ്യപ്പെടുത്താന്‍ കഴിയുക. സത്യം പറഞ്ഞാല്‍ എതിരാളികളോട് പ്രതികരിക്കുന്നതിനെക്കാള്‍ ആവേശത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും മറ്റുമുള്ള പ്രതികരണം. തെറ്റിധരിക്കപ്പെട്ട ഹൈക്കമാന്റ് കെ.പി.സി.സി പ്രസിഡന്റായി ചുറുചുറുക്കുള്ള നേതാവിനു പകരം ആരെയെങ്കിലും നിയമിച്ചാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചുവരവു പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ്സിനു 2019 ല്‍ കേരളത്തില്‍ നിന്ന് വലിയ പ്രതീക്ഷയൊന്നും വേണ്ടിവരില്ല. ഉള്ളത് തന്നെ കിട്ടിയാല്‍ ഭാഗ്യം.പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി 2004 ലെ പോലെ ഇടതുപക്ഷ പിന്തുണ ഉണ്ടായാല്‍ ,ബി ജെ പി കേരളത്തില്‍ ജയിക്കാന്‍ ഉള്ള സാഹചര്യമില്ലാത്തതിനാല്‍ തല്‍ക്കാലം ഭാഗ്യം.
കെവിനും, ഉസ്മാനും , പെട്രോള്‍ വില വര്‍ധനയുമെല്ലാം ഇതോടെ മുങ്ങിപ്പോയി. ഇത്തരം വിഷയങ്ങളില്‍ പ്രതിക്കൂട്ടിലായ കേരളത്തിലെ ഇടതുപക്ഷ ഭരണകൂടം തല്‍ക്കാലം രക്ഷപ്പെട്ടു.
ജനാധിപത്യത്തിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും പുതുതലമുറക്ക് താല്‍പ്പര്യം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പൊറാട്ട് നാടകങ്ങള്‍ അവരുടെ ഉള്ളിലെ അവമതിപ്പിനെ വര്‍ദ്ധിപ്പിക്കാനും അരാഷ്ട്രീയ സമൂഹത്തിന്റെ വികാസത്തിലേക്കും പോകുവാനും മാത്രമെ ഉപകരിക്കു.
(തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."