കോണ്‍ഗ്രസ് പ്രതിസന്ധിയുടെ പാഠാന്തരങ്ങള്‍
കേരളത്തില്‍ നിന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് കെ.എം മാണിയുടെ കേരള കോണ്‍ഗ്രസിന് നല്‍കിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ തീരുമാനം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളുടെ മേല്‍ ഏല്‍പിക്കുന്ന ആഘാതം വളരെ കനത്തതായിരിക്കുമെന്ന് തീര്‍ച്ച. വൃദ്ധ നേതാക്കള്‍ക്ക് സീറ്റു കൊടുക്കരുതെന്ന യുവ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യത്തോട് ഹൈക്കമാന്റ് എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടിയിരുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്ന് അതിനനുകൂലമായ നീക്കമുണ്ടായാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസ്-യു.ഡി.എഫ് രാഷ്ട്രീയത്തെ പുതിയൊരു ദിശയിലേക്കു നയിക്കുമെന്നും ആളുകള്‍ കരുതി. എന്നാല്‍ കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായി തങ്ങളുടെ കൈവശമുള്ള രാജ്യസഭാ എം.പി സ്ഥാനം തന്നെയും വിട്ടുകൊടുക്കുന്ന തരത്തിലുള്ള ഒരു 'കച്ചവടം' പാര്‍ട്ടി ഉറപ്പിച്ച വിവരം ആരുമറിഞ്ഞിരുന്നില്ല. അത് കിറുകൃത്യമായി അണികളില്‍ നിന്നു മാത്രമല്ല മുതിര്‍ന്ന നേതാക്കളില്‍ നിന്നു പോലും മറച്ചുവെക്കാന്‍ കഴിഞ്ഞു എന്നതിലാണ് ഉമ്മന്‍ചാണ്ടിയുടേയും എം.എം ഹസ്സന്റേയും രമേശ് ചെന്നിത്തലയുടേയും മിടുക്ക്. മൂന്നു പേരും ചേര്‍ന്ന് മാണിക്കൊരു ബംബര്‍ ലോട്ടറി എടുത്തു കൊടുത്തു.
ഈ തീരുമാനം കേരളത്തിലെ കോണ്‍ഗ്രസിന്റെ ആത്മവീര്യം തകര്‍ക്കുമെന്ന വാദത്തില്‍ വലിയൊരളവോളംശരിയുണ്ട്. കേരള കോണ്‍ഗ്രസ് കൂടി മുന്നണിയില്‍ വന്നാല്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഇടതുമുന്നണിയോട് പൊരുതാനാവൂ എന്നാണ് മറുവാദം.
എന്നാല്‍ കേരള കോണ്‍ഗ്രസ് പോലെയുള്ള ഒരു അര്‍ധ സാമുദായികപാര്‍ട്ടിക്ക് വേണ്ടി സ്വന്തം പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ ബലികഴിക്കുന്നത് അണികളില്‍ നിരാശ പടര്‍ത്തുമെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. എന്നു മാത്രമല്ല, പാര്‍ട്ടി ന്യൂനപക്ഷ വിഭാഗങ്ങളുടെ വരുതിയിലാണെന്ന ബി.ജെ.പി വാദത്തിന് അത് കരുത്തു കൂട്ടുകയുംചെയ്യും. ഇത് വോട്ടു ചോര്‍ച്ചക്ക് വഴിവെക്കാനാണ് സാധ്യത. പാര്‍ട്ടിയുടെ പുനരുജ്ജീവന പ്രക്രിയയെ ആണ് ഈ നടപടി തകര്‍ത്തുകളഞ്ഞത്. കോണ്‍ഗ്രസ് ഹൈക്കമാന്റ് അതിനു നിന്നുകൊടുത്തത് ദോഷകരായിപ്പോയി എന്ന് തീര്‍ച്ചയാണ്.
രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തേയും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയും ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായ വിവാദം അതിന്റെ പരിണതി എങ്ങനെയുമായിരിക്കട്ടെ, പാര്‍ട്ടി ആവശ്യപ്പെടുന്ന ഒരു പുനസംവിധാനത്തിന്റെ സൂചനയായിരുന്നു. നിശ്ചയമായും കോണ്‍ഗ്രസ് അടിമുടി ഒരു അഴിച്ചുപണിയിലൂടെ കടന്നുപോകേണ്ടതുണ്ട്. പാര്‍ട്ടിയുടെ മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കപ്പെടേണ്ടതുണ്ട്. ഇത് കോണ്‍ഗ്രസിന്റെ മാത്രം ആവശ്യമല്ല. രാജ്യത്ത് ഫാസിസം മേല്‍ക്കൈ നേടുകയും 2019-ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലൂടെ ഇന്ത്യ ഒന്നടങ്കം തീവ്രഹിന്ദുത്വ ആശയങ്ങളുടെ ബന്ധനത്തിലാവാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്തിട്ടുള്ള അവസ്ഥയില്‍ നമ്മുടെ നാട്ടിലെ മതേതര ജനാധിപത്യ ശക്തികള്‍ക്കു മുന്നില്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ- ബി.ജെ.പിക്കെതിരില്‍ ശക്തമായൊരു ഐക്യമുന്നണി രൂപപ്പെടുത്തുക. അതിന്റെ നേതൃത്വവും കോണ്‍ഗ്രസിനായിരിക്കണം.
വളരെ ലളിതമാണ് സംഗതി. അതേപോലെ ലളിതമാണ് ഇപ്പോഴത്തെ അവസ്ഥയില്‍ കോണ്‍ഗ്രസിന് അത് സാധ്യമാവുകയില്ല എന്നതും. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം സമൂലമാറ്റങ്ങള്‍ക്ക് വിധേയമാവുകയും നേതാക്കള്‍ക്ക് കൃത്യമായ ദിശാബോധമുണ്ടാവുകയും ചെയ്യാതെ രാഹുല്‍ ഗാന്ധിക്കോ കോണ്‍ഗ്രസിനോ ഇന്ത്യയിലെ ബി.ജെ.പി വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കാനാവുകയില്ല.
കേരളത്തിലെ യുവ കോണ്‍ഗ്രസ് നേതാക്കള്‍ അറിഞ്ഞോ അറിയാതെയോ ഈ പ്രക്രിയക്കാണ് തുടക്കം കുറിച്ചത്. അതിനാല്‍ ചെറിയൊരു സംസ്ഥാനത്തെ ചെറിയ മനസുള്ള ചില ആളുകള്‍ സൃഷ്ടിച്ച 'ചായക്കോപ്പയിലെ കൊടുങ്കാറ്റാ'യി അതിനെ പാര്‍ട്ടി കാണരുതായിരുന്നു. പക്ഷെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് അതിനെ അവഗണിക്കുക മാത്രമല്ല, പാര്‍ട്ടിയെത്തന്നെ കൊലക്കു കൊടുക്കുകയാണ്.
യുവവീര്യം പഴയകാലത്തും
യുവാക്കളുടെ സക്രിയമായ ഇടപെടല്‍ കോണ്‍ഗ്രസിന് കരുത്ത് നല്‍കിയ അനുഭവം കേരളത്തില്‍ തന്നെയുണ്ട്. ഇപ്പോള്‍ പാര്‍ട്ടിക്ക് സംസ്ഥാനത്തുള്ള അടിത്തറ ഈ ഇടപെടല്‍മൂലമുണ്ടായതാണ്. 1969-ല്‍ കേരളത്തിലെ കോണ്‍ഗ്രസൊഴിച്ചുള്ള ചെറുതും വലുതുമായ ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും -സി.പി.എം, സി.പി.ഐ, മുസ്‌ലിംലീഗ്, ആര്‍.എസ്.പി, എസ്.എസ.പി, കെ.ടി.പി, കെ.എസ്.പി- ചേര്‍ന്ന് രൂപീകരിച്ച സപ്തകക്ഷി മുന്നണിയുടെ കടന്നാക്രമണത്തില്‍പെട്ട് പാര്‍ട്ടി നിശ്ചേതമായതിനു ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയിലായിരുന്നു ഇത്. 1969-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളു; ഇതേ കാലത്ത് തന്നെയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായതും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പുതിയൊരു സാമ്പത്തിക-രാഷ്ട്രീയ സമീപനവുമായി രംഗത്തു വന്നതും. ഇക്കാലത്ത് കേരളത്തലെ കോണ്‍ഗ്രസിന് നവചൈതന്യം നല്‍കിയത് യുവാക്കളാണ്. കെ.എസ്.യുവിലൂടേയും യൂത്ത് കോണ്‍ഗ്രസിലൂടേയും വളര്‍ന്നുവന്ന ചെറുപ്പക്കാര്‍ ഇന്ദിരാഗാന്ധിയുടെ പുരോഗമന നയങ്ങള്‍ക്ക് കലവറയില്ലാത്ത പിന്തുണ നല്‍കി. വയലാര്‍ രവി, എ.കെ ആന്റണി തുടങ്ങിയവരാണ് കേരളത്തില്‍ പുതിയൊരു കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചത്. കേരളത്തിലെ വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ പാര്‍ട്ടിയുടെ പുരോഗമന പ്രതിഛായയില്‍ ആകൃഷ്ടരാവുകയും പുതിയ യുവ നേതൃനിര പാര്‍ട്ടിക്ക് നവചൈതന്യം നല്‍കുകയും ചെയ്തു. സി.പി.എമ്മിന്റെ മഹാമല്ലന്മാരായ നേതാക്കളോടേറ്റുമുട്ടാനിറങ്ങിയത് അന്നത്തെ യുവാക്കളാണ്. അവര്‍ എ.കെ.ജിയേയും ഇ.കെ നായനാരേയുമൊക്കെ ഞെട്ടിക്കുകയായിരുന്നു. നിയമസഭയില്‍ ഒമ്പതംഗങ്ങള്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിനെ വീണ്ടും കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തെത്തിച്ചതില്‍ നിയമസഭാ പാര്‍ട്ടി നേതാവായ കരുണാകരന്റെ തന്ത്രങ്ങളേക്കാളേറെ പാര്‍ട്ടിയിലെ യുവ നേതൃത്വത്തിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കുണ്ട്. ഈ യുവാക്കള്‍ പാര്‍ട്ടിക്ക് താഴേത്തട്ടില്‍ അടിത്തറയുണ്ടാക്കി. അവരുടെ തുടര്‍ച്ചയായി വന്നവരാണ് ഉമ്മന്‍ചാണ്ടിയും എം.എം ഹസ്സനും കടന്നപ്പള്ളി രാമചന്ദ്രനും വി.എം സുധീരനുമെല്ലാം. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വീണ്ടും സ്ഥാനമുണ്ടാക്കിക്കൊടുത്തതില്‍ ഈ യുവ നേതാക്കളുടെ പങ്കാളിത്തം ചെറുതല്ല. കൃത്യമായ ദിശാബോധത്തോടുകൂടി കോണ്‍ഗ്രസിന് പുരോഗമന മുഖം നല്‍കുകയാണ് അവര്‍ ചെയ്തത്.
അക്കാലത്ത് ജ്വലിച്ചുനിന്ന യുവ നേതാക്കളാണ് ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളത്. അവരാരും ഇന്നേവരെ അധികാരത്തില്‍ നിന്നും പദവികളില്‍ നിന്നും ഒഴിഞ്ഞിട്ടില്ല. ആര്‍. ശങ്കര്‍ മത്സരിക്കുന്നതിന്നെതിരില്‍ ശക്തമായി ആക്ഷേപമുന്നയിച്ച് രംഗത്തുവന്ന വയലാര്‍ രവി അക്കാലത്ത് വൃദ്ധ നേതാക്കളെ അതിനിശിതമായി വിമര്‍ശിക്കുകയുണ്ടായി. അതേ രവിയാണ് എണ്‍പത്തിയൊന്നാം വയസിലും എം.പിയായി തുടരുകയും ചെറുപ്പക്കാരെ ശക്തമായി തള്ളിപ്പറയുകയും ചെയ്യുന്നത്. ഗുവാഹതി സമ്മേളനത്തില്‍ അടിയന്തരാവസ്ഥയെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയ എ.കെ ആന്റണി ഇന്ന് അത്തരം നീക്കങ്ങളെ അംഗീകരിക്കുന്നേയില്ല. വല്ലപ്പോഴുമൊക്കെ സാഹചര്യങ്ങളുടെ അബോധമായ കരുനീക്കങ്ങള്‍മൂലം ചെറുപ്പക്കാര്‍ കയറിവന്നിട്ടില്ലെന്നല്ല, രാഹുല്‍ ഗാന്ധിയുടെ ചില 'ഓപ്പറേഷനുകള്‍' അല്‍പം ചില യുവാക്കള്‍ക്ക് അവസരമുണ്ടാക്കിക്കൊടുത്തിട്ടുമുണ്ട്. എന്നാല്‍ത്തന്നെയും കോണ്‍ഗ്രസ് കേരളത്തില്‍ യാഥാര്‍ഥ്യബോധം ഒട്ടുമില്ലാത്ത ചില പഴഞ്ചന്‍ നേതാക്കളുടെ ചൊല്‍പടിയിലാണ്. ചെറുപ്പക്കാര്‍ക്കെന്നല്ല, പുതിയകാലത്ത് അഭിമുഖീകരിക്കാന്‍ കെല്‍പുള്ള ഒരാള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഭാവിയില്ല. അതാണ് പതിറ്റാണ്ടുകളായി ലോക്‌സഭാ എം.പിയും രാജ്യസഭാ എം.പിയുമൊക്കെയായി രാഷ്ട്രീയ ജീവിതം നയിക്കുന്ന ഒരാളെ മാറ്റി തല്‍സ്ഥാനത്ത് പുതിയൊരാളെ കൊണ്ടുവരണമെന്ന് പറയുന്ന ചെറുപ്പക്കാരുടെ നേരെ തലമുതിര്‍ന്ന നേതാക്കളെല്ലാവരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയില്‍ നിന്ന് വ്യക്തമാവുന്നത്. മാത്രമല്ല കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് കൊടുത്തുകൊണ്ട് രണ്ട് അപകടങ്ങളേയും അവര്‍ ഒറ്റയടിക്ക് ഒഴിവാക്കുകയും ചെയ്തു.
പാര്‍ട്ടിക്കകത്ത് ജനാധിപത്യപരമായ അഭിപ്രായങ്ങള്‍ പൊറുപ്പിക്കുവാനുള്ള സഹിഷ്ണുതാബോധവും കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. രാഹുല്‍ ഗാന്ധി എത്രതന്നെ പാടുപെട്ടിട്ടും കേരളത്തിലെ വിവിധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് സംഘടിതമായി സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്താനനുവദിക്കാതിരുന്നത് നോക്കൂ.
ഇത്തരം ഘട്ടങ്ങളിലെല്ലാം തന്നെ തങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ പ്രാപ്തരെന്ന് കരുതുന്ന ഗ്രൂപ്പ് നേതാക്കള്‍ക്ക് ചുറ്റും മണത്തു നടക്കുന്നവരാണ് മിക്ക യുവ നേതാക്കളെന്നതും ഒരു സത്യമാണ്. ഇപ്പോഴത്തെ കടല്‍ക്കിഴവന്മാര്‍ തങ്ങള്‍ ചെറുപ്പക്കാരായിരുന്ന കാലത്ത് നടത്തിയ പോരാട്ട വേളകളില്‍ പ്രകടിപ്പിച്ച ഉശിരിന്റെ നൂറിലൊരംശമെങ്കിലുമുണ്ടോ പടപ്പുറപ്പാടുമായി വന്ന യുവ എം.എല്‍.എമാര്‍ക്ക്? ഇല്ലെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് കേരളത്തിലെ പാര്‍ട്ടി നേതൃത്വം അണികളുടെ വികാരം മറികടന്ന് കെ.എം മാണിക്ക് സീറ്റും യു.ഡി.എഫില്‍ സ്ഥാനവും കൊടുത്തത്. യുവനേതാക്കള്‍ കുറച്ചു നേരം ഒച്ചപ്പാടുണ്ടാക്കും അത്ര തന്നെ.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."