ശശീന്ദ്രന്റെ ഫോണ്‍വിളി; മംഗളം മേധാവിയടക്കം അഞ്ചു പേര് അറസ്റ്റില്‍
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍വിളി വിവാദ കേസില്‍ മംഗളം ചാനല്‍ മേധാവിയടക്കം അഞ്ചു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായ ഒന്‍പതു പേരില്‍ അഞ്ചുപേരെയാണ് പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെല്ലാം ചാനലിലെ മാധ്യമപ്രവര്‍ത്തകരാണ്. ബാക്കി നാലു പേരെ ചോദ്യംചെയ്യലിനു ശേഷം വിട്ടയച്ചു.
മംഗളം സി.ഇ.ഒ ആര്.അജിത്കുമാര്‍, ന്യൂസ് കോഡിനേറ്റിങ് എഡിറ്റര്‍ എം.ബി.സന്തോഷ്, മംഗളം ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ തലവന്‍ ആര്.ജയചന്ദ്രന്(എസ്.നാരായണന്), ന്യൂസ് എഡിറ്റര്‍മാരായ ഫിറോസ് സാലി മുഹമ്മദ്, എസ്.വി.പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം, തന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും മോഷണം പോയതായി കാട്ടി അജിത്കുമാര്‍ മ്യൂസിയം പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്കി. ശാസ്തമംഗലത്തെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചു മടങ്ങിവന്നപ്പോഴാണു കാറില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും മൊബൈലും മോഷണം പോയ വിവരം ശ്രദ്ധയില്‍പ്പെട്ടതെന്നാണു പരാതിയില്‍ പറയുന്നത്.
ചാനലിന്റെ ഓഫീസില്‍ രണ്ടു ദിവസങ്ങളിലായി അന്വേഷണ സംഘം പരിശോധന നടത്തി കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ ചാനല്‍ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രിസഭാ യോഗം ജുഡിഷ്യല്‍ കമ്മിഷനെ നിയമിച്ചിരുന്നു. കൂടാതെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."