27ാം രാവിന്റെ പുണ്യംനുകര്‍ന്ന് വിശ്വാസികള്‍
കോഴിക്കോട്: ആയിരം രാവുകളേക്കാള്‍ ശ്രേഷ്ഠമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന റമദാനിലെ 27ാം രാവായ ഇന്നലെ വിശ്വാസികള്‍ പ്രാര്‍ഥനയിലലിഞ്ഞു.
ഇന്നലെ പകലും രാത്രിയുമായി വിശ്വാസികള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജന)ഇരുന്നും ആരാധനകള്‍ വര്‍ധിപ്പിച്ചും 27ാം രാവിന്റെ പുണ്യം നുകര്‍ന്നു. എല്ലാ പള്ളികളിലും നേരം പുലരുംവരെ വിശ്വാസികള്‍ പ്രാര്‍ഥനകളുമായി കഴിച്ചുകൂട്ടി.
വിവിധ മഹല്ലു കമ്മിറ്റികള്‍ ഇതിനു വേണ്ട സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇഫ്താര്‍ സ്‌പോണ്‍സര്‍ ചെയ്യാനും ആളുകള്‍ തിരക്കുകൂട്ടി. റമദാനിലെ പ്രത്യേക രാത്രി നിസ്‌കാരമായ തറാവീഹിനു ശേഷം മനമുരുകിയുള്ള പ്രാര്‍ഥനയിലും പാപമോചനത്തിനുള്ള തേടലിലുമായിരുന്നു വിശ്വാസി സമൂഹം. ഖുര്‍ആന്‍ പാരായണം കൊണ്ട് രാവിനെയും പകലിനെയും അവര്‍ ധന്യമാക്കി. ചിലയിടങ്ങളില്‍ ആത്മീയ സംഗമങ്ങളും നടന്നു.
മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയ്ക്കും ഇന്നലെ തിരക്കനുഭവപ്പെട്ടു. പ്രിയപ്പെട്ടവരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയായിരുന്നു എങ്ങും. രാത്രിയിലും ഖബറിടങ്ങളില്‍ പ്രാര്‍ഥന നടന്നു. ഖബര്‍സ്ഥാനില്‍ രാത്രിയില്‍ വെളിച്ചം ഉള്‍പ്പെടെയുള്ള സൗകര്യം മഹല്ലു കമ്മിറ്റികള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."