മദീന ചാവേര്‍ ആക്രമണം: നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
മദീന: പ്രവാചക പള്ളിക്കു സമീപം പുറത്ത് ഇന്നലെ വൈകീട്ട് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ മദീന പ്രവാചക പള്ളിയില്‍ തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികള്‍ സുരക്ഷിതരാണ്. നോമ്പു തുറ സമയത്ത് നടന്ന ചാവേര്‍ ആക്രമണത്തില്‍ ചാവേറും ചിന്നഭിന്നമായി ചിതറി.
പള്ളി കോമ്പൗണ്ടിനു പുറത്തായി ഏകദേശം പ്രവാചക പള്ളിക്കു സമീപം സുരക്ഷാ കേന്ദ്രത്തിനും പള്ളിക്കും ഇടയിലാണ് ചാവേര്‍ ആക്രമണം നടന്നത്. പ്രവാചക പള്ളിയെ ലക്ഷ്യം വെച്ചു നീങ്ങുന്ന ഒരാളെ സംശയത്തിന്റെ പേരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനക്കായി തടയുകയായിക്കുന്നു. എന്നാല്‍ ഉടന്‍ തന്നെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരന്നു. പരിശോധനക്ക് എത്തിയ 4 പൊലീസുകാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.
സംഭവം നടന്നയുടനെ ഒരു കാര്‍ കത്തുന്നതായും അതിനടുത്ത് നാലു പൊലീസുകാര്‍ വീണു കിടക്കുന്നതായും വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ വളരെ വൈകിയാണ് നാലു പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചത്. സംഭവത്തിനു ശേഷം ഇശാ നമസ്‌കാരത്തിനു വിശ്വാസികള്‍ തടസ്സമില്ലാതെ പ്രവാചക പള്ളിയിലേക്ക് ഒഴുകുന്നുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പരുക്കേറ്റവരെ മദീനയിലെ അല്‍ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദീന ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍ ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫിലും രണ്ട് ചാവേര്‍ ആക്രമണങ്ങള്‍ നടന്നു. ഇവിടെ ശീഈകള്‍ തിങ്ങി താമസിക്കുന്ന പള്ളിയെ ലക്ഷ്യം വെച്ചാണ് ചാവേറുകള്‍ എത്തിയത്. ഫറജ് അല്‍ ഉംറാന്‍ പള്ളിക്ക് സമീപം പ്രാദേശിക സമയം വൈകീട്ട് 7 മണിയോടെയായിരുന്നു സ്‌ഫോടനം. പള്ളിക്കു തൊട്ടു സമീപം പ്രവേശന കവാടത്തിനടുത്തായി രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ ഇവിടങ്ങളില്‍ ആളപായം ഉണ്ടായിട്ടില്ല. ഇന്നലെ രാവിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു സമീപവും ചാവേര്‍ സ്‌ഫോടനം നടന്നിരുന്നു. ഒരേ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് രാജ്യമെങ്ങും കടുത്ത ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."