പേടിക്കാതെ സവര്‍ണര്‍; പേടിയോടെ ദലിതര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സവര്‍ണര്‍ക്ക് പൊലിസിനെ ഒട്ടും ഭയമില്ലെന്ന് പഠനം. സന്നദ്ധ സംഘടനയായ കോമണ്‍ കോസും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഡെവലപ്പിങ് സ്റ്റഡീസും (സി.എസ്.ഡി.എസ്) സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്.
മതവിഭാഗങ്ങളില്‍ സിഖുകാര്‍ക്കാണ് ഏറ്റവുമധികം പൊലിസ് ഭീതിയുള്ളത്. 37 ശതമാനം സിഖുകാരും പൊലിസ് പേടിയുള്ളവരാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സിഖുകാര്‍ക്കാണ് പൊലിസ് ഭീതി കൂടുതല്‍. 1990കളില്‍ ശക്തിപ്പെട്ട സിഖ് തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ പൊലിസ് ഉപയോഗിച്ച നടപടികളാണ് ഭീതിക്ക് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പഞ്ചാബിലെ (46.7 ശതമാനം) ജനങ്ങള്‍ക്കാണ് ഏറ്റവുമധികം പൊലിസ് പേടിയുള്ളത്. തൊട്ടുപിന്നില്‍ തമിഴ്‌നാട് (39.9), കര്‍ണാടക (33), ആന്ധ്രാപ്രദേശ് (25), ഒഡിഷ (23) എന്നിവയാണ്. പൊലിസ് ഭീതി കുറവ് ഹിമാചല്‍പ്രദേശിലാണ്. ഇക്കാര്യത്തില്‍ നാലാംസ്ഥാനത്താണ് കേരളമുള്ളത്. സര്‍വേയില്‍ പങ്കെടുത്ത കേരളത്തിലെ 51 ശതമാനം പേരും പൊലിസിനെ ഭയമില്ലെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 27 ശതമാനം പേരാണ് പൊലിസ് ഭീതിയുള്ളവര്‍.
മേല്‍ജാതിക്കാരായ ഹിന്ദുക്കളില്‍ 10 ശതമാനം പേര്‍ പൊലിസിനെ ഭയക്കുമ്പോള്‍ ദലിതുകളില്‍ 18 ശതമാനവും പൊലിസിനെ പേടിക്കുന്നു. ആദിവാസികള്‍ 12 ശതമാനമേ പൊലിസിനെ ഭയക്കുന്നുള്ളൂ. ദക്ഷിണേന്ത്യയിലെ മുസ്‌ലിംകളിലാണ് പൊലിസ് ഭീതി കൂടുതല്‍. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മുസ്‌ലിം തീവ്രവാദത്തിന്റെ പേരിലുള്ള പൊലിസ് നടപടികളാണ് ഇതിനു കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പൊലിസില്‍ അവിശ്വാസം കൂടുതലുള്ള വിഭാഗം മുസ്‌ലിംകളാണ്. ഇന്ത്യയില്‍ കൂടുതല്‍ വിചാരണാ തടവുകാരുള്ള വിഭാഗമായതിനാലാണ് മുസ്‌ലിംകള്‍ക്ക് പൊലിസില്‍ അവിശ്വാസം നിലനില്‍ക്കാന്‍ കാരണമെന്നും പഠനം അഭിപ്രായപ്പെടുന്നു.
ദലിത്, ആദിവാസി, മുസ്‌ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് രാജ്യത്തെ മൊത്തം വിചാരണാതടവുകാരിലെ 55 ശതമാനവും. രാജ്യത്തെ സര്‍ക്കാര്‍ സര്‍വിസിലെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചു പഠിച്ച സച്ചാര്‍ കമ്മിഷന്‍ പൊലിസ് സേനയില്‍ മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണെന്ന് കണ്ടെത്തിയിരുന്നു.
പൊലിസിലെ മുസ്‌ലിം പ്രതിനിധ്യം വര്‍ധിപ്പിച്ചാല്‍ മാത്രമേ അവര്‍ക്ക് പൊലിസിലുള്ള വിശ്വാസം വര്‍ധിക്കൂവെന്നും പഠനം നിരീക്ഷിച്ചു.
ജനസംഖ്യാനുപാതികമായി മുസ്‌ലിം തടവുകാര്‍ കുറവുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യാ നിരക്കിന്റെ ഇരട്ടിശതമാനത്തിലേറെ ജയിലില്‍ കഴിയുന്നുണ്ട്.
കേരളത്തിലെ മുസ്‌ലിം ജനസംഖ്യയും (26.9 ശതമാനം) തടവുകാരിലെ മുസ്‌ലിം പ്രാതിനിധ്യവും (26.6 ശതമാനം) തമ്മില്‍ കാര്യമായ അന്തരമില്ല. എന്നാല്‍, 11 ശതമാനം മുസ്‌ലിംകളുള്ള മഹാരാഷ്ട്രയിലെ തടവുകാരില്‍ 30 ശതമാനവും മുസ്‌ലിംകളാണ്. ഗുജറാത്തില്‍ 23 (9), മധ്യപ്രദേശ് 11 (6), നാഗാലാന്‍ഡ് 12 (2), രാജസ്ഥാന്‍ 17 (9), തമിഴ്‌നാട് 15 (6), ഉത്തര്‍പ്രദേശ് 25 (19), ഉത്തരാഞ്ചല്‍ 19 (14), ബംഗാള്‍ 46 (27) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.
വസ്തുവകകള്‍ സംബന്ധിച്ച തര്‍ക്കം, അടിപിടി കേസ്, കുടുംബതര്‍ക്കം, മോഷണം, രേഖകള്‍ ശരിയാക്കല്‍ എന്നീ വിഷയങ്ങള്‍ക്കാണ് കൂടുതല്‍പേരും പൊലിസിനെ ബന്ധപ്പെടാറുള്ളത്.
ഇതില്‍ 69 ശതമാനവും നേരിട്ടു ഹാജരായപ്പോള്‍ 14 ശതമാനം പേര്‍ ഫോണിലൂടെ പൊലിസിനെ ബന്ധപ്പെട്ടു. പരാതികളില്‍ 73 ശതമാനവും പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 60 ശതമാനം പേരും പൊലിസ് നടപടിയില്‍ സംതൃപ്തരാണ്.
സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം പേര്‍ കേരളാ പൊലിസിന്റെ അന്വേഷണത്തില്‍ തൃപ്തരും 22 ശതമാനം പേര്‍ അസംതൃപ്തരുമാണ്.
ഹിമാചല്‍ പ്രദേശ് (51), ഛത്തിസ്ഗഡ് (34), ഗുജറാത്ത് (29), ഉത്തരാഖണ്ഡ് (23), പഞ്ചാബ്, ഹരിയാന (21) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്. ബിഹാര്‍ ആണ് ഏറ്റവും പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."