ബാലുശേരി നിയോജക മണ്ഡലത്തില്‍ ആരോഗ്യ ജാഗ്രത തുടരും
ബാലുശേരി: നിപാ രോഗബാധയുടെ പശ്ചാത്തലത്തില്‍ നിയോജക മണ്ഡലത്തില്‍ ജാഗ്രത തുടരാനും സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ട് കര്‍മപദ്ധതികള്‍ നടപ്പാക്കാനും രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ തീരുമാനം.
നിപാ ആശങ്കയുടെ സാഹചര്യം ഒഴിവായെന്നും എന്നാല്‍ ജാഗ്രത തുടരണമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ യോഗത്തെ അറിയിച്ചു. മേഖലയില്‍ ജനജീവിതം സാധാരണ നിലയില്‍ എത്തിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതോടൊപ്പം മുന്‍പത്തേക്കാള്‍ ശ്രദ്ധയോടെയുള്ള നിരീക്ഷണവും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളും നടത്തും. നിരീക്ഷണ പട്ടികയിലുണ്ടായിരുന്ന 2,619 പേരില്‍ ആയിരത്തിലധികം ആളുകളെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ള 1,490 പേരുടെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
യോഗത്തില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷനായി. നിയോജക മണ്ഡലത്തെ മാലിന്യ മുക്തമാക്കുന്നതിന് യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിന് നടപടിയെടുക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 12, 13 തിയതികളില്‍ സ്‌കൂളുകളില്‍ പി.ടി.എ യോഗം ചേര്‍ന്ന് പദ്ധതി തയാറാക്കും. 20ന് നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിലും ശുചീകരണം നടത്തും. ഇതിന് മുന്നോടിയായി വാര്‍ഡുതലങ്ങളില്‍ യോഗം ചേരും.
ബാലുശേരി ഗവ. ആശുപത്രിയുടെ തുടര്‍പ്രവര്‍ത്തനം കാര്യക്ഷമമാക്കും. നിപാ വൈറസ് ബാധിച്ച് ആളുകള്‍ മരിച്ച പ്രദേശങ്ങളിലെ ഭയാശങ്കകള്‍ അകറ്റാന്‍ കഴിഞ്ഞതായി ജനപ്രതിനിധികള്‍ പറഞ്ഞു. ശുചിത്വം ലക്ഷ്യമിട്ട് ആവിഷ്‌കരിക്കുന്ന കര്‍മപദ്ധതികളുടെ ഗൗരവം നിലനിര്‍ത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ശുചിത്വം ഉറപ്പുവരുത്തുന്നത് പഞ്ചായത്തുകളില്‍ നിക്ഷിപ്തമാണ്.
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് തടസവുമായി എത്തുന്നത്. അതിനു മാറ്റമുണ്ടാകണമെന്ന് ബാബു പറശ്ശേരി പറഞ്ഞു. ഡി.എം.ഒ ഡോ. വി. ജയശ്രി. ഡോ. രൂപ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."