ഹൈറേഞ്ചില്‍ രണ്ട് ദിവസത്തിനുള്ളില്‍ നശിച്ചത് 126 ഹെക്ടര്‍ കൃഷി: രണ്ട് കോടിയോളം രൂപയുടെ നാശനഷ്ടം
രാജാക്കാട്: തോരാതെ പെയ്യുന്ന കനത്ത മഴയില്‍ ഹൈറേഞ്ചില്‍ വ്യാപാക കൃഷി നാശം. വേനല്‍ മഴയില്‍ പ്രതീക്ഷയോടെ പരിപാലിച്ച ഏലവും ഓണക്കാലത്തെ ലക്ഷ്യം വച്ച് നട്ടുവളര്‍ത്തിയ വാഴയും മറ്റ് തന്നാണ്ട് വിളകളും വ്യാപകമായി കാറ്റെടുത്തു.
ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും ഇറക്കിയ കൃഷി പൂര്‍ണ്ണമായി നശിച്ചതോടെ കടക്കെണിയിലായിരിക്കുകയാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍.
കടുത്ത വരള്‍ച്ചയ്ക്ക് ശേഷം ലഭിച്ച വേനല്‍ മഴയില്‍ കൃഷി പരിപാലനം നടത്തിയ കര്‍ഷകര്‍ക്ക് ഇത്തവണ വലിയ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ ഉല്‍പ്പാനദത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കുണ്ടായിരുന്നു. കാര്‍ഷിക മേഖലയിലെ കാലങ്ങളായി തുടരുന്ന വിലത്തകര്‍ച്ചയെ ഇത്തവണത്തെ മികച്ച ഉല്‍പാദനത്തിലൂടെ മറികടക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷ അസ്തമിച്ച അവസ്ഥയാണ്. ഏലം, കുരുമുളക് അടക്കമുള്ള നാണ്യ വിളകള്‍ക്കൊപ്പം വരുന്ന ഓണക്കാലത്തെ പ്രതീക്ഷിച്ച് കര്‍ഷകര്‍ നട്ടുപരിപാലിച്ച ഏത്തവാഴ അടക്കമുള്ള വിളകളും വ്യാപാകമായി നശിച്ചിട്ടുണ്ട്.
ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലായി എണ്ണൂറ്റി നാല്‍പ്പത്തിയൊന്ന് കര്‍ഷകര്‍ക്കാണ് കാലവര്‍ഷത്തിന്റെ കലിതുള്ളലില്‍ കൃഷി നാശമുണ്ടായത്. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ട് ദിവസ്സത്തിനുള്ളില്‍ 126 ഹെക്ടര്‍ കൃഷി നശിച്ചിട്ടുണ്ട്. ഒരുകോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി അമ്പത്തിയൊമ്പതിനായിരത്തി അഞ്ഞൂറ് രൂപയുടെ നാശനഷ്ടമാണ് ഇതുവരെ കാര്‍ഷിക മേഖലയില്‍ ഉണ്ടായതായി കണക്കാക്കുന്നത്. ഇത് ഇനിയും ഉയരുവാനാണ് സാധ്യത.
പല മേഖലകളില്‍ നിന്നും കണക്കുകള്‍ ജില്ലാ കൃഷി ഓഫീസില്‍ എത്തിയിട്ടില്ല. ഇത്തവണ. കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തിര സഹായമെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."