കാല വര്‍ഷത്തിന്റെ കലിതുള്ളല്‍ തുടരുന്നു; വ്യാപക നാശനഷ്ടം
അടിമാലി: തിമിര്‍ത്തുപെയ്യുന്ന മഴയും നിലയ്ക്കാത്ത കാറ്റും ഇടുക്കിയുടെ ഹൈറേഞ്ചിനേയും ലോറേഞ്ചിനേയും ഒരുപോലെ വിറപ്പിക്കുന്നു. മണ്ണിടിച്ചിലും കൃഷിനാശവും വ്യാപകമായി. നിരവധി വീടുകള്‍ തകര്‍ന്നു. ആനച്ചാലില്‍ നിര്‍മാണത്തിലിരുന്ന രണ്ടുനില കെട്ടിടം ഇടിഞ്ഞുവീണു.
അടിമാലി മേഖലയില്‍ നാശനഷ്ടങ്ങള്‍ തുടരുകയാണ്. മുള്ളിരിക്കുടി പുളിക്കപറമ്പില്‍ സഹദേവന്റ് വീട് ശക്തമായ കാറ്റിലും മഴയിലും പൂര്‍ണ്ണമായും തകര്‍ന്നു. കുടുംബാംഗങ്ങള്‍ വീട്ടിലില്ലായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. വാളറ വടക്കേച്ചാലില്‍ വാട്ടക്കുന്നേല്‍ പുരുഷന്റെ പുരിയിടത്തിടുണ്ടായ മണ്ണിടിച്ചിലില്‍ ഒരക്കേര്‍ സ്ഥലത്തെ റബ്ബര്‍ ,കുരുമുളക്, കൊക്കോ, കാപ്പി തുടങ്ങിയ കൃഷികള്‍ നശിച്ചു. കൊമ്പാടിഞ്ഞല്‍ കണക്കേരില്‍ സിജിയുടെ 1500 ഓളം ഏത്തവാഴകള്‍ നശിച്ചു. പൊളിഞ്ഞപാലം മുതിരക്കാലയില്‍ എല്‍ദോസിന്റെ മുന്നുറോളം വാഴകളും നശിച്ചു.കനത്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞു. ചപ്പാത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും പെരിയാര്‍ തീരത്തെ വീടുകളിലും വെള്ളം കയറി. നാലടി വെള്ളംകൂടി ഉയര്‍ന്നാല്‍ ചപ്പാത്ത് പാലം മൂടും. പെരിയാറ്റില്‍ വെള്ളപ്പൊക്കമുണ്ടായതോടെ ഇടുക്കി ഡാമിലേക്ക് നീരൊഴുക്ക് കൂടി. ചപ്പാത്ത്, ആലടി, ഉപ്പുതറ, തോണിത്തടി, തൂക്കുപാലം വെള്ളിലാംകണ്ടം തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മരംവീണ് അണക്കര വില്ലേജില്‍ കോലോത്ത് മായ രതീഷിന്(30) ഗുരുതരമായി പരിക്കേറ്റു. വീടിനു പുറത്തിറങ്ങി നില്‍ക്കുന്നതിനിടെ മരം വീഴുകയായിരുന്നു. നട്ടെല്ലിനു ക്ഷതമേറ്റ മായയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെമ്മണ്ണാര്‍ - കുത്തുങ്കല്‍ റോഡില്‍ ശാന്തിനഗറില്‍ ട്രാന്‍സ്‌ഫോമറിനു സമീപം മരം വഴിയിലേക്ക് വീണു. രാജാക്കാടുനിന്നും ചെമ്മണ്ണാറിനുള്ള സ്വകാര്യ ബസ് കടന്നുപോയതിന് പിന്നാലെയാണ് മരം വീണത്. ഉടുമ്പന്‍ചോല കെളവികുളത്ത് മരംവീണ് ഗതാഗത തടസമുണ്ടായി. നെടുങ്കണ്ടം ഫയര്‍ഫോഴ്‌സും നാട്ടുകാരുമെത്തി മരം മുറിച്ചുമാറ്റി. കനത്ത കാറ്റിലും മഴയിലും ഏലപ്പാറ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. 2015 -16 സാമ്പത്തികവര്‍ഷം ഇ.എസ്. ബിജിമോള്‍ എംഎല്‍എയുടെ ഫണ്ടില്‍നിന്ന് 13,30,000 രൂപ മുടക്കി നിര്‍മിച്ചതാണ് ഈ ഓഡിറ്റോറിയം.
കുമളി ചോറ്റുപാറയില്‍ കനത്ത കാറ്റിലും മഴയിലും റേഷന്‍കടയുടെയും നിരവധി വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നു. പുത്തന്‍ അറക്കല്‍ അബ്ദുള്‍ സലാമിന്റെ റേഷന്‍ കടയുടെ മേല്‍ക്കൂരയാണ് കാറ്റില്‍ തകര്‍ന്നത്. കടയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യസാധനങ്ങള്‍ നനഞ്ഞ് ഉപയോഗശൂന്യമായി. ചെമ്പകപ്പാറ മേഖലയില്‍ കാലവര്‍ഷക്കെടുതി രൂക്ഷമായി.
വീടുകളും വാഴത്തോട്ടങ്ങളും കാറ്റിലും മരംവീണും നശിച്ചു. കാമാക്ഷി കുന്നപ്പള്ളില്‍ തങ്കച്ചന്റെ വീടിന്റെ മേല്‍ക്കൂര കാറ്റെടുത്തു. ഇരട്ടയാര്‍ ഡാമിനോടു ചേര്‍ന്നുള്ള റോഡിന്റെ തിട്ടയില്‍നിന്നും വലിയ കല്ല് അടര്‍ന്നുവീണു.പാമ്പനാര്‍ തിരുഹൃദയ ദേവാലയത്തിന്റെ മുന്‍വശത്തെ കല്ലു കെട്ട് നിലംപൊത്തി. സമീപത്തായി നിലകൊള്ളുന്ന ലൂര്‍ദന്‍ മിഷന്‍ പള്ളിക്കും അങ്കണവാടിക്കും ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചു.ഇടുക്കി പദ്ധതി പ്രദേശത്ത് ഇന്നലെ 110 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് 2329.06 അടിയായി ഉയര്‍ന്നു. മൂന്നാര്‍ ആനച്ചാലിനു സമീപം നിര്‍മാണത്തിലിരുന്ന രണ്ടുനില കെട്ടിടം തകര്‍ന്നുവീണു. ആനച്ചാല്‍ രണ്ടാംമൈല്‍ റോഡിനോടു ചേര്‍ന്നുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം നടന്നത്. ആനച്ചാല്‍ മേക്കോടയില്‍ ശാര്‍ങ്ധരന്റെ കെട്ടിടമാണ് തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."