അറുപതുകാരിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പ്രായം മാറിനിന്നു
മംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ കുന്ദാപുരം താലൂക്കിലെ ഒരു ഗ്രാമത്തിലെ ലക്ഷ്മി പൂജാര്ത്തിയെന്ന വൃദ്ധ സ്നേഹത്തിന്റേയും കരുണയുടേയും പ്രതീകമാണ്.
തന്റെ സമ്പാദ്യമെല്ലാം ഉപയോഗിച്ച് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഗ്രാമത്തിനായി ശുദ്ധജലം ലഭ്യമാക്കിയ 60കാരിയായ ലക്ഷ്മിയുടെ മഹാമനസ്കതയെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാന്‍ വാക്കുകളില്ല.
പെന്‍ഷനും ചെറിയ അധ്വാനത്തില്‍ കിട്ടുന്ന തുച്ഛമായ വരുമാനവുമെല്ലാം കൂട്ടിവച്ചാണ് ഇവര്‍ തന്റെ ഗ്രാമത്തിന്റെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കിയത്. ലക്ഷ്മിയും അവര്‍ക്കൊപ്പം മറ്റു നാലു സ്ത്രീകളും കൂടിയാണ് 52 അടിയിലുള്ള ഒരു കിണര്‍ കുഴിച്ചത്. കുന്ദാപുരത്തെ അമ്പാരു ഗ്രാമപഞ്ചായത്തില്‍ വരുന്ന വിവേക് നഗര്‍ കോളനിയിലാണ് ഇവര്‍ കിണര്‍ കുഴിച്ചത്. ദേശീയ ഗ്രാമീണ തൊഴില്‍ ഗ്യാരണ്ടി ആക്ട്പ്രകാരം 2005ല്‍ ഇവിടെയൊരു കിണര്‍ കുഴിച്ചിരുന്നു. ഏതാണ്ട് പത്തുകുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിന് ആശ്രയിക്കാന്‍ വേണ്ടിയായിരുന്നു കിണര്‍ കുഴിച്ചിരുന്നത്.
എന്നാല്‍ ആളുകള്‍ കൂടിയതോടെ ഈ കിണറിലെ വെള്ളം തികയാതെ വന്നു. വേനല്‍ക്കാലമാകുമ്പോള്‍ ഇതില്‍ വെള്ളം ഉണ്ടാവുകയുമില്ല. വിവിധയിടങ്ങളില്‍ നിന്നെത്തിക്കുന്ന ടാങ്കര്‍ വെള്ളമായിരുന്നു നാട്ടുകാരുടെ ആശ്രയം. ഇതിനു പരിഹാരമായിട്ടാണ് ലക്ഷ്മിയുടെ നേതൃത്വത്തില്‍ ഒരു കിണര്‍കൂടി കുഴിക്കാന്‍ തീരുമാനിച്ചത്. ഏതാണ്ട് മൂന്നര മാസത്തെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് ഇവര്‍ കുഴിച്ച കിണറില്‍ വെള്ളംകണ്ടത്.
കിണര്‍ ഇടിഞ്ഞുവീഴുമെന്നു കണ്ടതോടെ പഞ്ചായത്തും സഹായത്തിനായി എത്തി. 82,000 രൂപ ചെലവഴിച്ച് കിണറില്‍ റിങ് ഇറക്കി. കിണര്‍ കുഴിക്കാനായി ലക്ഷ്മി ചെലവഴിച്ചത് 40,000 രൂപയായിരുന്നു. കിണര്‍ കുഴിക്കാന്‍ ധൈര്യം കാണിച്ച ലക്ഷ്മിയെ ഗ്രാമപഞ്ചായത്തും നാട്ടുകാരും പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."