പെരുന്നാള്‍ പ്രഭയില്‍ വസ്ത്ര വിപണി
കണ്ണൂര്‍: പെരുന്നാള്‍ ദിനം അടുത്തതോടെ വസ്ത്ര വിപണി കൈയടക്കി വിശ്വാസികള്‍. പുതുപുത്തന്‍ വസ്ത്ര ശേഖരവുമായാണു വസ്ത്രവ്യാപാര മേഖല ഉപഭോക്താക്കളെ വര്‍ണ വിസ്മയങ്ങളൊരുക്കി വരവേല്‍ക്കുന്നത്.
ആവശ്യക്കാര്‍ ഏറെയും റെഡിമെയ്ഡുകള്‍ക്കു പിന്നാലെയാണ്. കനത്ത മഴയെ അവഗണിച്ചും വന്‍ തിരക്കാണ് നഗരത്തില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ജനത്തിരക്ക് കാരണം അര്‍ധരാത്രി വരെ വസ്ത്രം വാങ്ങാനെത്തുന്നവരുടെ തിരക്കായിരുന്നു. യുവാക്കളുടെ ന്യൂജന്‍ ഇനങ്ങളായ പ്രിന്റഡ് ഷര്‍ട്ടുകളും ഇരട്ടക്കീശയുള്ള പ്ലെയിന്‍ ഷര്‍ട്ടുകളുമാണ് ഇത്തവണത്തെ പെരുന്നാള്‍ ട്രെന്റ്.
സാരിയും ചൂരിദാറും സാധാരണ പോലെ വിറ്റഴിയുന്നുണ്ടെങ്കിലും പെണ്‍കുട്ടികളുടെ വിവിധ ഡിസൈനുകള്‍ക്കും ഫാഷനുകള്‍ക്കും ഡിമാന്റുണ്ട്. കുട്ടികളുടെ വസ്ത്രങ്ങള്‍ക്ക് വില അല്‍പം കൂടും. കോട്ടണ്‍ പാന്റ്‌സുകളും ജീന്‍സുകളും താരമാണ്. മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള പര്‍ദകളും അബായകളും പ്രത്യേകം ആവശ്യക്കാരുണ്ട്. ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യം വിപണിയില്‍ നേരിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
ഊദ്, അത്തര്‍, മൈലാഞ്ചി വിപണികളിലും പുതുമ ദൃശ്യമാണ്. സുഗന്ധം പൂശി ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനും മൈലാഞ്ചി ചുവപ്പണിയിക്കാനുമൊക്കെ വിപണി മത്സരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."