ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 23 വര്‍ഷത്തിനു ശേഷം പിടിയിലായി
കോട്ടക്കല്‍: കൊലപാതക കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. തമിഴ്നാട് സാത്താക്കുളം സവ്യര്യാപുരം സ്വദേശി മൈക്കിള്‍ എന്ന ആന്റണി (46) യെയാണ് കോട്ടക്കല്‍ പൊലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കൊല്ലം ചക്കുവള്ളിയില്‍ നിന്നാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
1994 മാര്‍ച്ച് 29ന് എടരിക്കോട് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നതിനിടെ അയല്‍വാസിയായിരുന്ന കുന്നംകുളം പഴഞ്ഞി സ്വദേശി ഉണ്ണിയുടെ ഭാര്യ രമണി (32)യെ ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. മടല് എടുത്തതുമായി ബന്ധപ്പെട്ട് രമണി ഇയാളുടെ ഭാര്യ ശാന്തയുമായി തര്‍ക്കമുണ്ടായിരുന്നു.
ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലിസ് പറഞ്ഞു. അന്നത്തെ തിരൂര്‍ സി.ഐ കെ.കെ മുഹമ്മദ് പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇയാളുടെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. കൊല്ലത്ത് സ്റ്റീല്‍ അലമാര നിര്‍മിച്ച് വില്പന നടത്തുന്നതിനിടെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ കോട്ടക്കല്‍ പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."