കാസര്‍കോട് ജനറലാശുപത്രിയുടെ ദുരിതാവസ്ഥ 'നിയമസഭയില്‍ '
കാസര്‍കോട്: കാസര്‍കോട് ജനറലാശുപത്രിയുടെ ദുരിതാവസ്ഥ നിയമസഭയില്‍ വിവരിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. സബ് മിഷനിലൂടെയാണ് എം.എല്‍.എ പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്. ഉന്നയിച്ച വിഷയങ്ങളിലെല്ലാം ഉടന്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ മറുപടി നല്‍കി. ജനറലാശുപത്രിയില്‍ ലിഫ്റ്റ് തകര്‍ന്നിട്ട് ഒരു മാസത്തിലധികമായി. ഏഴു നില കെട്ടിടത്തില്‍നിന്നു രോഗികളും ജീവനക്കാരും കയറാനും ഇറങ്ങാനും വലിയ ബുദ്ധിമുട്ടാണ്. മൃതദേഹങ്ങള്‍ പോലും ചുമന്നിറക്കുന്ന ഗതികേടിലാണ്. റാമ്പ് സൗകര്യമില്ലാത്ത ആശുപത്രിയില്‍ 10 വര്‍ഷത്തിലേറെയായി ലിഫ്റ്റ് തകരാറിലാണ്. ജീവനക്കാരുടെ അഭാവവും പ്രശ്‌നമാണ്. കണ്ണുരോഗ വിഭാഗത്തിലെ മൈക്രോസ്‌കോപ്പ് പോലും റിപ്പയര്‍ ചെയ്യാനാകാത്ത അവസ്ഥയിലാണ്. ജനറേറ്ററുകള്‍ ഇല്ലാത്തതും വളരെ ദുരിതം സൃഷ്ടിക്കുന്നു. അള്‍ട്രാസൗണ്ട് സ്‌കാന്‍ പ്രവര്‍ത്തിക്കുന്നില്ല. സ്‌കാനിങ് ചെയ്യുന്ന ഒരു ഡോക്ടറെ നിയമിക്കണം. ഫാര്‍മസി വിഭാഗത്തില്‍ എയര്‍ കണ്ടീഷണറും കുട്ടികളുടെ എന്‍.ഐ.സിയുവില്‍ സി പാപ്പ് ഉപകരണവും അത്യന്താപേക്ഷിതമാണെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സബ് മിഷനിലൂടെ ഉന്നയിച്ചു.
211 കിടക്കകളുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി എം.എല്‍.എക്ക് മറുപടി നല്‍കി. ആശുപത്രിയിലെ ലിഫ്റ്റ് ശരിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ലിഫ്റ്റ് കമ്പനിയെ ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് ശരിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 61 ജീവനക്കാരുടെ ഒഴിവുള്ളതില്‍ 24 ജീവനക്കാരെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. സെക്യുരിറ്റി വിഭാഗം പുറംജോലികള്‍ക്കു കരാര്‍ നല്‍കിയിട്ടുണ്ട്. രക്തഘടകം വേര്‍തിരിക്കല്‍ യൂനിറ്റ് ആരംഭിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കണ്ണുരോഗ ക്ലിനിക്കില്‍ മൈക്രോസ്‌കോപ്പ് വാങ്ങാന്‍ നടപടി സ്വീകരിച്ചു. അള്‍ട്രാ സൗണ്ട് സ്‌കാന്‍ മെഷിന്‍ വാങ്ങുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ജനറേറ്റര്‍ സൗകര്യം വിപുലപ്പെടുത്തുകയും ചെയ്യും. പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന സ്ഥലത്ത് ഇന്‍വര്‍ട്ടര്‍ കണക്ഷന്‍ ലഭ്യമാക്കിയെന്ന് മന്ത്രി മറുപടിയില്‍ പറഞ്ഞു.
ജില്ലയുടെ പിന്നാക്കാവസ്ഥയും സര്‍ക്കാര്‍ ആശുപത്രികളുടെ കുറവും പരിഗണിച്ച് ജനറല്‍ ആശുപത്രിയെയും ജില്ലാ ആശുപത്രിയെയും 'ആര്‍ദ്രം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി. 18 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. ഏഴ് കോടി രൂപ ചെലവില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."